ലോക വയോജനദിന ചിന്തകള്‍— പ്രായഭേദമന്യേ സമത്വത്തിലേയ്ക്ക്

Web Desk
Posted on October 01, 2019, 4:24 pm

എസ് ഹനീഫാ റാവുത്തര്‍

ജനറല്‍ സെക്രട്ടറി,

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍

ഒക്ടോബര്‍ ഒന്ന് ലോകവയോജനദിനമായി ആചരിക്കുകയാണ്. 1982ല്‍ വിയന്നയില്‍ വച്ചുചേര്‍ന്ന ഐക്യ രാഷ്ട്ര സംഘടനയുടെ അംഗരാജ്യങ്ങളുടെ സമ്മേളനമാണ് വയോജന പ്രശ്നങ്ങള്‍ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിച്ചത്. 1990 ഡിസംബര്‍ 14ന് ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലി ഒക്ടോബര്‍ 1ന് എല്ലാ വര്‍ഷവും ലോകവയോജനദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. 1991 മുതല്‍ ഉചിതമായ പരിപാടികളോടെ ഈ ദിനം ആചരിച്ചുവരുന്നു. വയോജനങ്ങളെ ആദരിക്കുവാനും അവരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരുവാനുമാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായഭേദമന്യേ സമത്വത്തിലേക്ക്  എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശമായി യുഎന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാനുള്ള അവസരങ്ങളും സൗകര്യങ്ങളും ലഭ്യമാക്കിയാലേ വികസനം സാദ്ധ്യമാകൂ എന്നുള്ള സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ലോകത്ത് വയോജനങ്ങളുടെ ജനസംഖ്യ അഭൂതപൂര്‍വ്വമായി വര്‍ദ്ധിക്കുകയാണ്. 60 വയസ് കഴിഞ്ഞവരുടെ എണ്ണം 700 ദശലക്ഷമാണ്. 2050 ആകുമ്പോഴേക്കും ഇത് ഇരട്ടിയാവും. ലോക ജനസംഖ്യയുടെ 20 ശതമാനത്തില്‍ എത്തും. വാര്‍ദ്ധക്യത്തിലെത്തിയവരുടെ പ്രത്യേകമായ ആവശ്യങ്ങളും ആശങ്കകളും കണക്കിലെടുത്തുള്ള സവിശേഷ ശ്രദ്ധ ഈ വിഭാഗത്തിന് ആവശ്യമാണ്. ഇവരില്‍ ഭൂരിപക്ഷം പേരെയും അവസരങ്ങളും സൗകര്യങ്ങളും നല്‍കിയാല്‍ സാമൂഹ്യപ്രക്രിയയില്‍ പങ്കാളികളാക്കാനാകും. മനുഷ്യാവകാശങ്ങളില്‍ അധിഷ്ഠിതമായ തീരുമാനങ്ങളും നടപടികളും ഇതിന് ആവശ്യമാണ്. 1991ല്‍ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി വിയന്നാ പ്രഖ്യാപനം നടപ്പിലാക്കുന്നതില്‍ അംഗരാഷ്ട്രങ്ങള്‍ വീഴ്ചവരുത്തി എന്ന് വിലയിരുത്തുകയുണ്ടായി. പിന്നെയും എട്ടൊമ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയില്‍ വയോജന നയം പുറത്തുവന്നത്. വീണ്ടും എട്ട് വര്‍ഷങ്ങള്‍ക്കുശേഷം 2007ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മെയിന്റനന്‍സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പാസാക്കുന്നത്. ഭാരത സര്‍ക്കാരിന്റെ വയോജന നയവും തദനുസൃതമായി എടുത്തിട്ടുള്ള നടപടികളും പ്രായോഗിക തലത്തില്‍ പരാജയമാണ്. വയോജനങ്ങളുടെ സംരക്ഷണം മക്കളുടേയും ചെറുമക്കളുടേയും തലയില്‍ കെട്ടിവച്ച് കൈകഴുകുവാനാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിട്ടുള്ള നിയമങ്ങളിലൂടെ ചെയ്തുവച്ചിട്ടുള്ളത്.

ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി അനുസരിച്ച് ദാരിദ്യ്രരേഖയ്ക്ക് താഴെ വരുന്ന 60 വയസിനു മുകളിലുള്ള വയോജനങ്ങള്‍ക്ക് പ്രതിമാസം 1100 രൂപ കേരളത്തില്‍ പെന്‍ഷനായി നല്‍കുന്നുണ്ട്. ഇതില്‍ പകുതിയാണ് കേന്ദ്രവിഹിതം. ഇതുവരെ 18 സംസ്ഥാനങ്ങളില്‍ മാത്രമാണ് ഈ സ്കീം നടപ്പിലാക്കിയിട്ടുള്ളത്. അപ്പോള്‍ അര്‍ഹരായ വയോജനങ്ങള്‍ക്ക് എല്ലാം ഭാരതത്തില്‍ ഈ സ്കീം കൊണ്ട് പ്രയോജനം കിട്ടിയിട്ടില്ല എന്നര്‍ത്ഥം. ആറ് സംസ്ഥാനങ്ങളില്‍ കേന്ദ്രവിഹിതമായ 250 രൂപമാത്രമാണ് നല്‍കുന്നത്. ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക നേതാക്കള്‍ മുഖേനയാണ് പ്രസ്തുത പെന്‍ഷന്‍ നല്‍കിവരുന്നത്. അങ്ങനെയെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. 2007ല്‍ കേന്ദ്രസര്‍ക്കാര്‍ രക്ഷിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമത്തിനും പരിപാലനത്തിനും വേണ്ടിയുള്ള നിയമം പാസാക്കിയെങ്കിലും മൂന്ന് സംസ്ഥാനങ്ങളൊഴികെ മറ്റൊരിടത്തും ഈ നിയമം നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള ചട്ടങ്ങള്‍ പാസാക്കുകയോ ട്രിബ്യൂണലുകള്‍ സ്ഥാപിക്കുകയോ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്തിട്ടില്ല. അതുപോലെതന്നെ ദേശീയ വയോജന നയം അടിസ്ഥാനമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷ ഭാരതത്തിലൊരിടത്തും ഒരു മുതിര്‍ന്ന പൗരനും ലഭിക്കുന്നില്ല. ഭരണാധികാരികള്‍ വയോജനപ്രശ്നത്തെ വളരെ ലാഘവ ബുദ്ധിയോടുകൂടി കൈകാര്യം ചെയ്യുന്നു എന്നതാണ് ഖേദകരമായ സംഗതി. രാഷ്ട്രീയ നേതൃത്വമാണ് ഇതില്‍ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതും ബ്യൂറോക്രസിയുടെ അലസമായ സമീപനത്തിന് അറുതിവരുത്തി അസംഘടിതരും രോഗികളും ദരിദ്രരുമായ വയോജനങ്ങളെ രക്ഷിക്കേണ്ടതും. വൃദ്ധജനവര്‍ദ്ധനവിന്റെ അഭൂതപൂര്‍വമായ ദൃശ്യമാണ് നമ്മുടെ മുന്‍പിലുള്ളത്. 50 ലക്ഷം ആളുകളാണ് കേരളത്തില്‍ അറുപത് വയസിനുമുകളില്‍ പ്രായമുള്ളവരായിട്ടുള്ളത്. ഇതില്‍ മൂന്നിലൊന്നുപേര്‍ കഠിന രോഗങ്ങള്‍ക്ക് വിധേയരാണ്. 2025 ആകുമ്പോള്‍ ജനസംഖ്യ 4 കോടി കവിയും. അപ്പോള്‍ ഒരു കോടിയിലേറെ ആളുകള്‍ വൃദ്ധജന സമൂഹത്തില്‍   പെടുന്നവരായിരിക്കും. കാഴ്ചശക്തിയും കേള്‍വിയും കുറഞ്ഞവരും ഇല്ലാത്തവരും, അള്‍ഷിമേഴ്സ് ബാധിച്ചവര്‍, ചലനശക്തി നശിച്ചവര്‍, ഇതുകൂടാതെ പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം, കൊളസ്ട്രോള്‍, വാതം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരെ ഒക്കെക്കൊണ്ട് വീടുകള്‍ നിറയും. വീടുകളില്‍ ഇവരെ ശുശ്രൂഷിക്കുവാന്‍ പറ്റിയ ആളുകള്‍ കുറവായിരിക്കും. വൃദ്ധജനങ്ങളുടെ ബന്ധുക്കള്‍ മാനസികമായും സാമ്പത്തികമായും തകരും. അറുപതിനുമുകളില്‍ പ്രായമായ രണ്ട് തലമുറകള്‍ അച്ഛനും മകനും അല്ലെങ്കില്‍ അമ്മയും മകളും വൃദ്ധരായി വീടുകളില്‍ കഴിയുന്ന സ്ഥിതി ഉണ്ടാകും. വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതുമാത്രമല്ല ആലോചനാ വിഷയമായിട്ടുള്ളത്.

മരിക്കുന്നതുവരെ വൃദ്ധജനങ്ങളെ താരതമ്യേനെ ആരോഗ്യമുള്ളവരാക്കി നിര്‍ത്തുകയെന്നതും ഗൗരവതരമായ ചിന്തയ്ക്ക് വിഷയീഭവിക്കേണ്ടതാണ്. ഇതിനുപറ്റിയതരത്തില്‍ സമഗ്രമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. വയോജനങ്ങളുടെ സേവനം തുടര്‍ന്നും ഉപയോഗപ്പെടുത്താനും അവരെ സാമൂഹ്യപ്രക്രിയയില്‍ പങ്കാളികളാക്കാനുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണം. മാനസികവും ശാരീരികവുമായി സുസ്ഥിതിയില്‍ ജീവിക്കാന്‍ ഇത് ഉപകരിക്കുമെന്നു മാത്രമല്ല വികസന പ്രക്രിയയില്‍ പങ്കാളികളാകാന്‍ അവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും. സമൂഹത്തിനും സംസ്ഥാനത്തിനും അത് ഗുണകരമാവും. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള വയോജനനയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായ തോതില്‍ നടപ്പിലാക്കിയാല്‍ വൃദ്ധജനസമൂഹത്തിന് അത് വളരെ ആശ്വാസകരമായിരിക്കും. വിപുലമായ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത നയപ്രഖ്യാപനം നടപ്പിലാക്കുന്നതിന് ഒരു പ്രത്യേക വകുപ്പോ ഏജന്‍സിയോ ഇല്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി. മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള ഒരു മനസാണ് സര്‍ക്കാരിനുണ്ടാകേണ്ടത്. കഴിഞ്ഞകാലത്ത് തുച്ഛമായ വരുമാനം ലഭിക്കുകയും തുച്ഛമായ പെന്‍ഷനോ മറ്റോകൊണ്ട് ഇന്നത്തെക്കാലത്ത് ജീവിക്കേണ്ടിവരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇക്കാലത്തെ വിലക്കയറ്റത്തേയും പണപ്പെരുപ്പത്തേയും നേരിടാന്‍ കഴിയുകയില്ല.

ആനുപാതികമായ കോമ്പന്‍സേഷന്‍ നല്‍കുകയെന്നതാണ് കരണീയമായിട്ടുള്ളത്. ഏത് ഗുരുതരമായ രോഗാവസ്ഥയിലും ചികിത്സിക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരുന്ന ഇന്നത്തെ അവസ്ഥയില്‍ സമഗ്രമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അക്ഷന്തവ്യമാണ്. നിലവില്‍ ഒരു പെന്‍ഷനും ലഭിക്കാത്ത വയോജനങ്ങള്‍ക്ക് പ്രതിമാസം 3500 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഭൂതകാലത്തിലേക്കുള്ള വാതിലും ഭാവിയിലേക്കുള്ള വാതായനങ്ങളുമാണ് മുതിര്‍ന്നവര്‍. ഇന്നത്തെ തലമുറ നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്തമാണ് ഭാവിതലമുറയെ രൂപപ്പെടുത്തുന്നത്. തലമുറകളായി കൈമാറിവരുന്ന ഒരു പ്രക്രിയയാണിത്. പ്രായമാകുക എന്നത് സ്വാഭാവികമായ കാര്യമാണ്. എല്ലാ ജീവികളും ജനനം മുതല്‍ മരണംവരെ കടന്നുപോകേണ്ട ആ പ്രക്രിയയില്‍ താങ്ങും തണലും സാന്ത്വനവുമായി നില്‍ക്കേണ്ടതും മുതിര്‍ന്ന പൗരന്മാരുടെ പ്രാധാന്യവും അവര്‍ നല്‍കിയ സംഭാവനയും തിരിച്ചറിയേണ്ടതും സമൂഹവും ഭരണകൂടവുമാണ്. ലോക വയോജനദിനം ഇതാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.