March 23, 2023 Thursday

Related news

March 22, 2023
March 18, 2023
March 10, 2023
February 24, 2023
February 24, 2023
January 26, 2023
January 17, 2023
January 9, 2023
December 20, 2022
December 7, 2022

ലോക ജനസംഖ്യയുടെ പകുതിയും ദന്ത വദന രോഗങ്ങൾ ബാധിച്ചവർ: വായയുടെ ആരോഗ്യത്തിനായി ഒരുമിക്കാം

അജയ് കെ
March 19, 2020 4:11 pm

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോക ജനസംഖ്യയുടെ പകുതിയും ദന്ത വദന രോഗങ്ങൾ ബാധിച്ചവരാണ്. 3.58 കോടി പേർക്കാണ് ദന്തക്ഷയം ബാധിച്ചിട്ടുള്ളത്. ഇതുമൂലം ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെയേറെയാണ്. ദന്ത ശുചിത്വത്തിലുള്ള അവബോധമില്ലായ്മ, പഞ്ചസാര ചേർന്ന ഭക്ഷണത്തിന്റെ അമിതോപയോഗം, ഫാസ്റ്റ്ഫുഡ്, കറിമസാലകളുടെ അമിതോപയോഗം എല്ലാം ദന്ത വദനരോഗത്തിന് കാരണമാകുന്നു. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് പൊതുജന ദന്താരോഗ്യരംഗം ഇന്നും ശൈശവാവസ്ഥയിൽ തന്നെയാണ്. കേരളത്തിൽ ഇപ്പോഴത്തെ സർക്കാരാണ് ദന്താരോഗ്യ മേഖലയിൽ പൊതുജനോപകാരപ്രദമായ എറെ ഇടപെടലുകൾ നടത്തിയത്. പുതിയ 80 ഓളം തസ്തികകൾ, ക്ലിനിക്കുകളുടെ നവീകരണം എല്ലാം ഏറ്റെടുത്ത് നടപ്പാക്കി എന്നതും എടുത്ത് പറയാം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ആയിരത്തിൽപ്പരം സർക്കാർ ആതുരാലയങ്ങൾ ഉണ്ടെങ്കിലും 159 ൽ താഴെ ജില്ലാ, താലൂക്ക് ജനറൽ ആശുപത്രികളിലും വിരലിലെണ്ണാവുന്ന സിഎച്ച്സികളിലും മാത്രമാണ് ദന്തചികിത്സാ വിഭാഗങ്ങൾ ഉള്ളത്. പൊതുജനാരോഗ്യം സാധ്യമായ അളവിൽ മികച്ചരീതിയിൽ നിലനിർത്തണമെങ്കിൽ ദന്താരോഗ്യവും പരിരക്ഷിക്കേണ്ടത് അനിവാര്യമാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങളിൽ വിവിധ ദന്തവദനരോഗങ്ങൾ ഏറിവരികയാണെന്ന് ലോകാരോഗ്യ സംഘടന ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യയെ നോഡൽ ഏജൻസിയായി നിയമിച്ച് തിരുവനന്തപുരം ജില്ലയിൽ നടത്തിയ പഠനറിപ്പോർട്ടുകളിൽ പറയുന്നത്. ദന്തക്ഷയം, മോണരോഗം തുടങ്ങിയ വിവിധ രോഗങ്ങൾ സ്കൂൾ കുട്ടികളിൽ 80 ശതമാനം പേരിലും കാണപ്പെടുന്നു എന്നത് ആശാസ്യമല്ല. പ്രത്യേകിച്ച് സാക്ഷരതയിലും പൊതുജനാരോഗ്യ രംഗത്തും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത്.

2007 ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഡോ. മോഹനൻ നായർ ചെയർമാനായി ഒരു കമ്മിഷനെ നിയമിച്ചിരുന്നു. ഈ രംഗത്തെ വിവിധ സംഘടനകളുമായി ചർച്ച നടത്തിയും അന്വേഷണങ്ങളിലൂടെയും കമ്മിഷൻ വളരെ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചെങ്കിലും നിർദ്ദേശങ്ങളൊന്നും നടപ്പിലാക്കുവാൻ സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. മൂന്ന് മേഖലകൾ തിരിച്ച് ദന്താരോഗ്യ മേഖലയിൽ സർക്കാർ തലത്തിൽ സ്പെഷ്യാലിറ്റി റീജിയണൽ സെന്ററുകൾ സ്ഥാപിക്കണമെന്നതായിരുന്നു പ്രധാന ശുപാർശ. ദന്തരോഗങ്ങൾ ഒരു സാംക്രമിക രോഗമല്ല എന്ന കാരണത്താൽ തന്നെ പലപ്പോഴും ഈ മേഖലയിൽ പരിഷ്കരണവും വളരെ പിറകിലാണ്. ദന്തൽ സർജന്മാരുടെയും സാങ്കേതിക വിഭാഗ ജീവനക്കാരായ ദന്തൽ ഹൈജീനിസ്റ്റുകളുടെയും ദന്തൽ മെക്കാനിക്കുകളുടെയും ജോലിസ്വഭാവം അടിമുടി പരിഷ്കരിക്കുന്നതിനായുള്ള സമഗ്ര റിപ്പോർട്ട് ഇനിയെങ്കിലും നടപ്പിലാക്കണം. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ ഉൾപ്പെടെ ആരോഗ്യമേഖലയിൽ കൂടുതൽ ദന്തൽ ക്ലിനിക്കുകൾ അനുവദിക്കണം. ഫീൽഡ്തല ബോധവൽക്കരണം ദന്തൽ ഹൈജീനിസ്റ്റുകൾക്ക് നിർബന്ധമാക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഓറൽ ഹെൽത്ത് കൗൺസിലർ എന്ന നിലയിൽ ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുവാൻ ഇനിയും വൈകരുത്. ദന്തൽ ചികിത്സാരംഗം ശക്തിപ്പെടണമെങ്കിൽ പ്രത്യേക ദന്തൽ ഡയറക്ടറേറ്റ് അനിവാര്യമാണ്.

സർക്കാർ മേഖലയിൽ നിലവിലുള്ള 159 ഡന്റൽ ക്ലിനിക്കുകൾ ആണ് ഉള്ളത്. ഇതിന് പുറമേ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ 75 ഡന്റൽ ക്ലിനിക്കുകളും നിലവിലുണ്ട്. മൊത്തം 186 ഡന്റൽ സർജൻ, 115 ഡന്റൽ ഹൈജീനിസ്റ്റ്, 58 ഡന്റൽ മെക്കാനിക്ക്, 3 ഡന്റൽ എക്യുപ്മെന്റ് മെയിന്റനസ് ടെക‌്നീഷ്യൻ ഉൾപ്പെടെയുള്ള തസ്തിക മാത്രമാണ് ഉള്ളത്. മൂന്നരക്കോടിയോളം വരുന്ന മലയാളികളിൽ 40% പേർ പൊതുജനാരോഗ്യ മേഖലയെ ആശ്രയിക്കുമ്പോൾ ഇത്രയും തസ്തികകളും, ചികിത്സാ കേന്ദ്രങ്ങളും മാത്രം മതിയോ എന്നതാണ് പ്രസക്തമായ ചോദ്യം. നിലവിലുള്ള ഡന്റൽ ക്ലിനിക്കുകൾ കൂടുതൽ നവീകരിക്കുവാനും എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ഡന്റൽ യൂണിറ്റുകൾ സ്ഥാപിക്കുകയുമാണ് ഏറ്റവും പ്രധാനം. ഘട്ടം ഘട്ടമായി എല്ലാ പഞ്ചായത്തുകളിലും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡന്റൽ ക്ലിനിക്കുകൾ എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കണം:

ബോധവല്ക്കരണം അനിവാര്യം:

കാര്യക്ഷമമല്ലാത്ത ബോധവത്കരണ രംഗം ഡന്റൽ ഹൈജീനിസ്റ്റുകളെ ഉപയോഗപ്പെടുത്തി കൂടുതൽ പൊതുജന ബോധവല്ക്കരണത്തിനായി ഉപയോഗപ്പെടുത്തുന്നതിനായി ഒരു സമഗ്ര പരിഷ്കാരവും അനിവാര്യമാണ്. എല്ലാ ജില്ലകളിലും പൊതുജന ദന്താരോഗ്യത്തിനായി സ്ഥിരം സംവിധാനം ഉണ്ടാകണം. ഇതിനായി ഡന്റൽ സർജൻ; ഡന്റൽ ഹൈജീനിസ്റ്റ് എന്നിവരെ നിയമിക്കണം സംസ്ഥാനത്ത് മൊത്തം ക്യാൻസർ നിരക്കിൽ 30 ശതമാനം പേരും വായിലെ അർബുദം ബാധിച്ചവരാണെന്നാണ് റിപ്പോർട്ട്.

ശരിയായ ബോധവല്ക്കരണത്തിലൂടെയും പ്രാരംഭരോഗ നിർണയത്തിലൂടെയും ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്തുവാൻ സാധിക്കും. ദന്തക്ഷയവും മോണരോഗവും ശരീരത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്കുകൂടി കാരണമാകുന്നുണ്ട്. പൊതുജന ദന്താരോഗ്യരംഗം കൂടുതൽ ശക്തിപ്പെട്ടേ മതിയാകൂ.

വായയുടെ ആരോഗ്യത്തിന്:

രാവിലെ ഭക്ഷണത്തിന് മുമ്പും, രാത്രി ഭക്ഷണത്തിന് ശേഷവും നിർബന്ധമായും ബ്രഷ് ചെയ്യുക എപ്പോൾ ഭക്ഷണം കഴിച്ചാലും നല്ല വെള്ളത്തിൽ വായ കഴുകുക ഒട്ടിപിടിക്കുന്ന ചോക്ലേറ്റ്, മധുര പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് ഇവയുടെ ഉപയോഗം കുറക്കുക. നാരുള്ള ഭക്ഷണം, ഫ്രൂട്ട്സ്, പച്ചക്കറികൾ എന്നിവ കൂടുതൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക മാസത്തിലൊരിക്കൽ വായ സ്വയം പരിശോധിക്കുക ’ 6 മാസത്തിലൊരിക്കൽ ഡന്റൽ ക്ലിനിക്കിൽ എത്തി വായ പരിശോധന നടത്തുക. പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ദന്ത ചികിത്സ എല്ലാവർക്കും ദന്താരോഗ്യം എന്ന മഹത്തായ ആശയത്തിലേക്ക് എത്താൻ വായയുടെ ആരോഗ്യത്തിനായി ഒരുമിക്കാം എന്ന ഈ വർഷത്തെ വദനാരോഗ്യ ദിന സന്ദേശത്തോടൊപ്പം ചേർന്ന് നിൽക്കാം

(ലേഖകൻ കേരളാ ഗവൺമെന്റ് ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ മെമ്പറുമാണ്). ഫോൺ : 9497045749

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.