11 October 2024, Friday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 27, 2024
August 9, 2024
July 22, 2024
July 14, 2024
July 6, 2024
July 5, 2024
July 2, 2024
May 10, 2024
May 7, 2024

ലോക ഫിസിയോതെറാപ്പി ദിനം; സെപ്റ്റംബര്‍ 8

എം അജയ്‌ലാല്‍
September 8, 2024 1:43 pm

സെപ്റ്റംബര്‍ 8 ന് ലോകമെമ്പാടും ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നു. വൈദ്യശാസ്ത്ര മേഖലയില്‍ മറ്റെല്ലാ ചികിത്സാ ശാഖയും പോലെ തന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മേഖലയായി ഫിസിയോതെറാപ്പി വളര്‍ന്നു കഴിഞ്ഞു. ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെ ഒരു മനുഷ്യായുസ്സിന്റെ വിവിധ ഘട്ടങ്ങളില്‍ വരുന്ന രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോഗിയുടെ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി പ്രത്യേകതരം വ്യായാമങ്ങളും ഭൗതിക സ്‌ത്രോതസ്സുകളും നൂതന ചികിത്സാ രീതികളും സംയോജിപ്പിച്ച് ചികിത്സ നല്‍കുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ് ഫിസിയോതെറാപ്പി.

വ്യവസായിക രംഗത്തും നിത്യജീവിതത്തിലും യന്ത്രവല്‍ക്കരണവും പുതിയ ജീവിതശൈലികളുടെ കടന്നുവരവും മനുഷ്യരുടെ കായിക ക്ഷമതയെ ബാധിക്കാന്‍ തുടങ്ങിയത് ഫിസിയോതെറാപ്പിയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ജീവിതശൈലി രോഗങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് ഫിസിയോതെറാപ്പിക്കുള്ളത്.

ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍

· ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പൊക്രേറ്റ്‌സിന്റെ കാലം മുതല്‍ക്കേ ഫിസിയോതെറാപ്പിയിലെ പല ചികിത്സാ രീതികളും പ്രാബല്യത്തിലുണ്ടായിരുന്നു.

· വൈദ്യശാസ്ത്രരംഗത്തെ ഒരു വ്യത്യസ്ത ശാഖയായി ഫിസിയോതെറാപ്പി അംഗീകരിക്കപ്പെടുന്നത് 1813 ാം ആണ്ടില്‍ സ്വീഡനിലാണ്.

· ആധുനിക ഫിസിയോതെറാപ്പിയുടെ ആവിര്‍ഭാവം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ബ്രിട്ടനില്‍ ആണെന്ന് കരുതപ്പെടുന്നു.

ഫിസിയോതെറാപ്പിയുടെ സാദ്ധ്യതകള്‍

· അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍
· ന്യൂറോ സര്‍ജിക്കല്‍ പ്രശ്‌നങ്ങള്‍
· കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍
· ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍
· ഗര്‍ഭകാല ശാരീരികാസ്വാസ്ത്യങ്ങള്‍
· അര്‍ബുദം മൂലമുള്ള കഷ്ടതകള്‍
· ജീവിതശൈലി രോഗങ്ങള്‍
· വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍
· ജന്മനായുള്ള ചലന വൈകല്യങ്ങള്‍
· ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍

എന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?

· രോഗനിര്‍ണ്ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള ഘട്ടങ്ങളില്‍ നമുക്ക് ഉണ്ടായേക്കാവുന്ന വിവിധതരം രോഗങ്ങളെയും ശാസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകളെയും മറ്റു ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെയും മനസ്സിലാക്കുകയും ഉചിതമായ ചികിത്സ നല്‍കുകയും ചെയ്യുന്നു.

· രോഗങ്ങള്‍ക്ക് അനുസൃതമായ വ്യായാമ മുറകള്‍, വിവിധ ഫ്രീക്വന്‍സിയിലുള്ള വൈദ്യുത തരംഗങ്ങള്‍, മറ്റു ഭൗതിക സ്രോതസ്സുകള്‍ എന്നിവയുടെ സഹായത്തോടെ വേദന ശമിപ്പിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

· മാനുവല്‍ തെറാപ്പി, ടേപ്പിംഗ്, ഡ്രൈനീഡിലിംഗ്, ജോയിന്റ് മൊബിലൈസേഷന്‍, കപ്പിംഗ് തെറാപ്പി, മൂവ്‌മെന്റ് അനാലിസിസ് തുടങ്ങിയ ഒട്ടനവധി നൂതന ചികിത്സാ രീതികളും രോഗനിവാരണത്തിനായി ഉപയോഗിക്കുന്നു.

· ജീവിതശൈലി രോഗങ്ങളുടെയും തൊഴില്‍ജന്യ അസുഖങ്ങളെയും പ്രതിരോധിക്കുന്നതു വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു.

· ലോക ഫിസിയോതെറാപ്പി ദിനത്തില്‍ വിവിധ രാജ്യങ്ങളിലെ ഫിസിയോതെറാപ്പി അസോസിയേഷനുകളുടെ കൂട്ടായ്മയായ WCPT ഈ വര്‍ഷം ഫിസിയോ ദിനാചരണത്തിന്റെ ഭാഗമായി “നടുവേദനയും അതിന്റെ പ്രതിരോധവും ചികിത്സയും ഫിസിയോതെറാപ്പിയിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ ഫിസിയോ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
· ലോകത്ത് 10ല്‍ 8 പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവരായിരിക്കും.

· ഐ ടി മേഖലയിലുള്ളവര്‍, അമിതമായി കമ്പ്യൂട്ടറിന്റെ ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഈ നടുവേദനയ്ക്ക് കാരണം. ഏറെ നേരം ഒരുപോലെ എയര്‍ഗണോമിക്കലി ഡിസൈന്‍ഡ് അല്ലാത്ത വര്‍ക്ക് സ്‌പേസുകളില്‍ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ആയാസങ്ങളാണ് വളരെ ചെറുപ്പത്തില്‍ തന്നെ നട്ടെല്ലിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍.

· കൃത്യമായ വ്യായാമങ്ങള്‍ കുറയുമ്പോള്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും മോശം ശാരീരിക ക്ഷമതയും ആണ് പലരിലും ഇന്ന് ചെറിയ ആയാസത്തില്‍ പോലും പൊടുന്നനെ രൂപപ്പെടുന്ന ഡിസ്‌ക് തള്ളലിന്റെയും (Disc pro­lapse) അതിനോടനുബന്ധിച്ച് കാണുന്ന സിയാറ്റിക്കയുടെയും കാരണങ്ങള്‍.

നടുവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

· തുടര്‍ച്ചയായി നില്‍പ്പ് ഒഴിവാക്കുക

അധിക നേരം തുടര്‍ച്ചയായി അടുക്കളയിലും മറ്റും നില്‍ക്കേണ്ടി വരുന്നവര്‍ ഒരു കാല് അല്പം ഉയര്‍ത്തി വച്ച് നിന്ന് ജോലി ചെയ്യുക.

· തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കുക

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്‍പനേരം കൂടുമ്പോള്‍ എഴുന്നേറ്റ് ഒന്നോ രണ്ടോ റൗണ്ട് നടക്കാന്‍ ശ്രദ്ധിക്കുക.

· കിടക്കുമ്പോള്‍ കാല്‍മുട്ടിനടിയില്‍ തലയിണ വച്ച് കിടക്കാന്‍ ശ്രമിക്കുക.

· Mat­tress തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അധികം കട്ടികൂടിയതും തീരെ കട്ടി കുറഞ്ഞതുമായ മെത്ത എടുക്കാതിരിക്കുക.

· Mat­tress ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ഉപയോഗിക്കുക.

· അമിതഭാരം എടുക്കാതിരിക്കുക.

ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ നടുകുനിഞ്ഞ് ഉയര്‍ത്താതെ മുട്ടുമടക്കി ശരീരത്തോട് ചേര്‍ത്ത് ഭാരം എടുക്കുക.

· പടിക്കെട്ട് കയറുന്നത് നിയന്ത്രിക്കുക.

· High heels ഉപയോഗം ഒഴിവാക്കുക.

· അധികനേരമുള്ള വാഹനമോടിക്കല്‍ ഒഴിവാക്കുക.

· നടുവേദനയ്ക്ക് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നതിനാല്‍ അത് ഒഴിവാക്കുക. ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.

എം അജയ്‌ലാല്‍
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.