ഡയമണ്ട് റോളര്‍ ഫ്ലവർ  മില്ലിന് വേള്‍ഡ് ക്വാളിറ്റി അവാര്‍ഡ്

Web Desk
Posted on October 03, 2019, 6:30 pm

കൊച്ചി:  ഡയമണ്ട് റോളര്‍ ഫ്ലവർ  മില്ലിന് ബിസിനസ് ഇനിഷ്യേറ്റീവ് ഡയറക്ഷന്‍സ് (ബി ഐ ഡി) വേള്‍ഡ് ക്വാളിറ്റി കമ്മിറ്റ്‌മെന്റ് അവാര്‍ഡ്. വ്യവസായ ശാലകള്‍, വ്യവസായ സംരംഭകര്‍, സംഘടനകള്‍ തുടങ്ങിയവയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ഗുണനിലവാര സംസ്‌കാരം വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി ഐ ഡിയും മാഡ്രിഡ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്. ഈ വര്‍ഷം പ്ലാറ്റിനം സ്റ്റാര്‍ കാറ്റഗറിയില്‍ ഇന്ത്യയില്‍ നിന്നും അവാര്‍ഡിന് അര്‍ഹരായ ഏക ഫഌര്‍ മില്ലാണിതെന്ന് മാനേജിംഗ് ഡയറക്ടര്‍ ടി കെ അമീര്‍ അലി പറഞ്ഞു. സെപ്റ്റംബര്‍ 22ന് മാഡ്രിഡില്‍ നടന്ന ചടങ്ങില്‍ മാഡ്രിഡ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അല്‍ഫോണ്‍സോ സി. കാസല്‍, ബിസിനസ് ഇനിഷേറ്റീവ് ഡയറക്ഷന്‍സ് സി.ഇ.ഒ ജോസ് ഇ. പ്രീറ്റോ എന്നിവരില്‍ നിന്ന് ഡയമണ്ട് റോളര്‍ ഫ്ലവർ മില്‍സ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. അമീര്‍ അലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാജി സി.ബി.വി സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 2015ല്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഗോള്‍ഡ് കാറ്റഗറിയിലെ അവാര്‍ഡും ഡയമണ്ടിനായിരുന്നു. ഇക്കുറി 35 രാജ്യങ്ങളില്‍ നിന്നുമുള്ള വിവിധ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

1992 മുതല്‍ കോട്ടയം പള്ളത്ത് പ്രവര്‍ത്തിച്ചുവരുന്ന ഡയമണ്ട് റോളര്‍ ഫ്ലവർ മില്ലിന് നാഷണല്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ 200405,200506 വര്‍ഷങ്ങളിലെ ധാന്യ സംസ്‌കരണ രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുളള അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഏര്‍പ്പെടുത്തിയ ക്വാളിറ്റി അവാര്‍ഡ്, 201415 ലെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാജി സി.ബി.വി സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2013 മുതല്‍ ഇവിടുത്തെ ഉല്‍പാദനം പൂര്‍ണ്ണമായും ഫ്ലവർ മില്ല് രംഗത്തെ വേള്‍ഡ് ലീഡറായ സ്വിറ്റ്‌സര്‍ലാന്റിലെ ബുഹ്‌ളര്‍ കമ്പനിയുടെ കരസ്പര്‍ശം ആവശ്യമില്ലാത്തതും, ഫുള്ളി ഓട്ടോമാറ്റിക്കുമായ മിഷനറിയിലാണ് നടത്തുന്നത്. ഡയമണ്ട് ബ്രാന്‍ഡിലുള്ള ചക്കി ആട്ട, മൈദ, റവ എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍. ഗുണമേന്‍മയ്ക്ക് മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍ നല്‍കുന്ന അഗ്മാര്‍ക്ക് ലഭിച്ച കേരളത്തിലെ ഏക ഫഌര്‍ മില്ലാണിത്. ഡയമണ്ട് ബ്രാന്‍ഡിലെ എല്ലാ ഉല്‍പന്നങ്ങളും അഗ്മാര്‍ക്ക് മുദ്രിതമാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുമാണ് ഗോതമ്പ് ശേഖരിക്കുന്നത്. 2004 മുതല്‍ കയറ്റുമതി ആരംഭിച്ച ഡയമണ്ടിന്റെ പ്രധാന വിപണി മിഡില്‍ ഈസ്റ്റും കേരളവുമാണ്. പ്രതിമാസം 9000 ടണ്‍ ഉല്‍പാദനശേഷിയുള്ള ഡയമണ്ട് ബ്രാന്റ് സമീപ ഭാവിയില്‍ റീട്ടെയില്‍ വിപണിയിലേയ്ക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ടി.കെ.അമീര്‍ അലി പറഞ്ഞു. ജനറല്‍ മാനേജര്‍ ഫിനാന്‍സ് പ്രദീപ് ചെറിയാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.