Janayugom Online
കൊച്ചി ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ലോക റേഡിയോളജി ദിനാചരണം ഐഎംഎ പ്രസിഡന്‍റ് ഡോ. രാജീവ് ജയദേവന്‍ ഉദ്ഘാടനം ചെയ്യുന്നു.

കായിക താരങ്ങളുടെ പരിക്ക് നിര്‍ണ്ണയിക്കുന്നതില്‍ റേഡിയോളജി പരിശോധനകള്‍ ഏറെ ഫലപ്രദം: ഡോ. പി.എം വെങ്കട സായ്

Web Desk
Posted on November 09, 2019, 4:02 pm

കൊച്ചി: കായിക താരങ്ങള്‍ക്ക് പേശികളിലും സന്ധികളിലും സംഭവിക്കുന്ന പരിക്ക് അള്‍ട്രാ സൗണ്ട്, എംആര്‍ഐ സ്കാനിങ്ങിലൂടെ പരിശോധിച്ച് കൃത്യമായ രോഗനിര്‍ണ്ണയവും ഫലപ്രദമായ ചികിത്സയും ഉറപ്പിക്കാനാവുമെന്ന് ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് റേഡിയോളജി വിഭാഗം തലവന്‍ ഡോ. പി.എം. വെങ്കട സായ് പറഞ്ഞു. ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ (ഐആര്‍ഐഎ)കേരള ഘടകത്തിന്‍റെയും കൊച്ചി ശാഖയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക റേഡിയോളജി ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കളിക്കളത്തിന് സമീപത്ത് വെച്ച് തന്നെ അള്‍ട്രാ സൗണ്ട് സ്കാന്‍ ചെയ്യാവുന്ന നൂതന സംവിധാനം പരിക്കുകളുടെ സ്വഭാവം നിര്‍ണ്ണയിച്ച് ആവശ്യമായ ചികിത്സ ഉടന്‍ ആരംഭിക്കുവാന്‍ സാധിക്കും. പരിക്ക് ഭേദമായതിന് ശേഷം ചികിത്സയുടെ ഫലപ്രാപ്തി ഉറപ്പു വരുത്താനും നൂതന രീതികള്‍ ഏറെ സഹായകരമാണ്. പേശികള്‍ക്കുള്ളില്‍ രക്തം കട്ട പിടിച്ചാലും പഴുപ്പ് ഉണ്ടായാലും ശസ്ത്രക്രിയ ഒഴിവാക്കി അള്‍ട്രാ സൗണ്ട് സ്കാനിന്‍റെ സഹായത്തോടെ അണുബാധ നീക്കം ചെയ്യാനാകുമെന്നും ഡോ. വെങ്കട സായ് പറഞ്ഞു.

ഐഎംഎ കൊച്ചി ശാഖ പ്രസിഡന്‍റ് ഡോ. രാജീവ് ജയദേവന്‍ റേഡിയോളജി ദിനാചരണം ഉല്‍ഘാടനം ചെയ്തു. ഐആര്‍ഐഎ കൊച്ചി ശാഖ പ്രസിഡന്‍റ് ഡോ. എം.ആര്‍. ബാലചന്ദ്രന്‍ നായര്‍, ഡോ. പല്ലവി പഞ്ജു, ഐആര്‍ഐഎ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. റിജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.