Web Desk

ന്യൂയോര്‍ക്ക്

June 19, 2020, 8:07 pm

ലോക അഭയാര്‍ത്ഥി ദിനം, ഇത്തവണത്തെ വിഷയം-‘എല്ലാ പ്രവൃത്തികളും എണ്ണപ്പെടണം, എല്ലാ ജീവനുകളും പ്രാധാന്യമുള്ളത്’

Janayugom Online

എല്ലാജീവനുകളും പ്രാധാന്യമുള്ളതാണ് എന്നോര്‍മ്മിപ്പിച്ച് കൊണ്ട് മറ്റൊരു ലോകഅഭയാര്‍ത്ഥി ദിനം കൂടി കടന്ന് വരുന്നു. എല്ലാവര്‍ക്കും മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും ആരും ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.
സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും പ്രതിവര്‍ഷം പതിനായിരങ്ങളെയാണ് അവരുടെ സ്വന്തം നാട്ടില്‍ നിന്ന് പിഴുതെറിയുന്നത്. യുദ്ധവും സംഘട്ടനവും കാരണം ഓരോ മിനിറ്റിലും 20 പേര്‍ക്ക് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നതായി ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ഷവും ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ച് പോരുന്നു.
എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള മാറ്റങ്ങളാണ് ലോകത്ത് ഉണ്ടാകേണ്ടത് എന്നതാണ് ഇത്തവണത്തെ ദിനാചരണ മുദ്രാവാക്യത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
വംശം, മതം, സാമൂഹ്യസംഘടനകളിലെ അംഗത്വം, ദേശീയത എന്നിവ മൂലം താന്‍ ആക്രമിക്കപ്പെടുമെന്ന ഭീതിമൂലം സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകേണ്ടി വരുന്നവരെയാണ് ഐക്യരാഷ്ട്രസഭയുടെ 1951ലെ അഭയാര്‍ത്ഥി കണ്‍വന്‍ഷന്‍ പ്രകാരം അഭയാര്‍ത്ഥിയുടെ നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നത്. സ്വന്തംനാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ആട്ടിപ്പായിക്കപ്പെടുന്നത് തീര്‍ച്ചയായും ഹൃദയഭേദകമാണ്. ഒറ്റരാത്രി കൊണ്ട് ജനങ്ങള്‍ നാടില്ലാത്തവരായി മാറുന്നു. അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയിലേക്ക് എറിയപ്പെടുന്നു. പലപ്പോഴും പ്രകൃതി ദുരന്തങ്ങള്‍ മൂലവും പലര്‍ക്കും വീട് വിട്ട് പോകേണ്ടി വരുന്നുണ്ട്.
അഭയാര്‍ത്ഥികളുടെ നില പരിശോധിച്ച് ഐക്യരാഷ്ട്രസഭ പൊതുസഭ ഒരു പ്രമേയം പാസാക്കിയത് 2000 ഡിസംബര്‍ നാലിനാണ്. അന്ന് മുതല്‍ ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കാനും തീരുമാനച്ചു. അഭയാര്‍ത്ഥികളുടെ പിന്‍വാങ്ങലുകളെ മാനിക്കാനും ഇതേക്കുറിച്ച് ബോധവത്ക്കരണം നടത്താനും ലക്ഷ്യമിട്ടാണ് ദിനാചരണത്തിന് തുടക്കമിട്ടത്.
കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി ശുചീകരണമടക്കമുള്ള സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ജനങ്ങളില്‍ ബോധവത്ക്കരണവും നടത്തുന്നുണ്ട്. ഇവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും രോഗം ബാധിച്ചാല്‍ മികച്ചചിക്ത നല്‍കുകയും വേണമെന്നും ഐക്യരാഷ്ട്രസഭ നിര്‍ദേശിക്കുന്നു.
eng­lish summary:World Refugee Day 2020: “Every Action Counts”, All Lives Matter
you may also like this video: