വരും തലമുറയ്ക്കായി മണ്ണിന്റെ സംരക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രി

Web Desk
Posted on December 05, 2018, 2:50 pm

തിരുവനന്തപുരം: വരുംതലമുറയ്ക്കായി മണ്ണിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകമണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളുണ്ടാവാനുള്ള സാധ്യത ഒഴിവാക്കുന്ന പുനര്‍നിര്‍മാണത്തിനാണ് പ്രളയാനന്തരം ലക്ഷ്യമിടുന്നത്.

മാനവരാശിയുടെ ആരോഗ്യത്തിനും ഭക്ഷ്യസുരക്ഷയ്ക്കും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും മണ്ണിന്റെ ആരോഗ്യപരമായ പരിപാലനം പ്രധാനമാണ്. മനുഷ്യന്റെയെന്നല്ല, ജീവന്റെയാകെ നിലനില്‍പ്പിനും അതിജീവനത്തിനും മണ്ണ് സംരക്ഷണം പ്രധാനമാണ്. ഇത്തരമൊരു അവബോധം ശക്തിപ്പെട്ടുവരുന്ന കാലമാണിത്. ഈ പാഠംതന്നെയാണ് ഉരുള്‍പൊട്ടലും അതിനോടനുബന്ധിച്ച പ്രകൃതിനാശവും നമ്മെ ഓര്‍മിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വലിയതോതിലുള്ള ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഭൂമിയുടെ മേല്‍മണ്ണാണ് ഒലിച്ചുപോയത്. ഒരു ഇഞ്ച് മേല്‍മണ്ണ് രൂപപ്പെടാന്‍ ആയിരത്തോളം വര്‍ഷമാണ് വേണ്ടിവരുന്നത് എന്ന് മനസിലാക്കുമ്പോഴാണ് ഇതിന്റെ നഷ്ടം മനസിലാക്കുന്നത്. എത്രയോ തലമുറയെ ഇത് ബാധിക്കും. കാര്‍ഷികമേഖലയ്ക്കുണ്ടായ നഷ്ടവും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര പുനരുജ്ജീവന പദ്ധതി ‘സമൃദ്ധി’ പദ്ധതിരേഖാ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മണ്ണിനെ സംരക്ഷിച്ചു കൊണ്ടുള്ള കൃഷിക്കാണ് കൃഷിവകുപ്പ് മുന്‍ഗണന നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രകൃതിയോടിണങ്ങിയുള്ള കൃഷിരീതികള്‍ക്കും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ മുരളീധരന്‍ എംഎല്‍എ മണ്ണുദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജെയിംസ് മാത്യു എംഎല്‍എ നിര്‍വഹിച്ചു. കൊല്ലം, എറണാകുളം ജില്ലകളിലെ ‘മണ്ണറിവ്’ പുസ്തകപ്രകാശനവും, ചിത്രരചനാഉപന്യാസ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.

ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഡോ. ടി എന്‍ സീമ മുഖ്യപ്രഭാഷണം നടത്തി. മണ്ണ് പര്യവേക്ഷണമണ്ണുസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ സ്വാഗതവും അഡീഷണല്‍ ഡയറക്ടര്‍ അനില്‍ എം ജോസഫ് നന്ദിയും പറഞ്ഞു.

പ്രളയാനന്തര മണ്ണിലെ മാറ്റങ്ങളും പരിപാലന മുറകളും, കാലാവസ്ഥാവ്യതിയാനത്തില്‍ മണ്ണ് പരിപാലനത്തിന്റെ പ്രസക്തി എന്നീ വിഷയങ്ങളില്‍ സെമിനാറുകളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.