October 7, 2022 Friday

ബഹിരാകാശവാരം: സ്കൂൾക്കുട്ടികൾക്ക് സംസ്ഥാനതലമത്സരങ്ങൾ, രജിസ്ട്രേഷൻ തുടങ്ങി

Janayugom Webdesk
കോഴിക്കോട്
September 13, 2022 6:08 pm

ബഹിരാകാശവാരത്തിൽ സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കുൾ വിദ്യാർത്ഥികൾക്കായി ബഹിരാകാശശാസ്ത്രത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ബഹിരാകാശരംഗത്തെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിനായി ‘തിങ്ക് ഫോർ എ ബെറ്റെർ റ്റുമോറോ’ ആശയമത്സരം, ബഹിരാകാശവിഷയങ്ങളെ ആസ്പദമാക്കി ‘പെയിൻ്റ് ദ് കോസ്മോസ്’ ചിത്രരചനാ മത്സരം, ‘അസ്ട്രോഫയൽ’ സ്പേസ് ക്വിസ് എന്നിവയാണു മത്സരങ്ങൾ. എട്ടു മുതൽ 12 വരെ ക്ലാസുകാർക്ക് ഒറ്റ വിഭാഗമായാണു മത്സരങ്ങൾ. ഇവയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

‘പെയിൻ്റ് ദ് കോസ്മോസ്’, ‘തിങ്ക് ഫോർ എ ബെറ്റെർ റ്റുമോറോ’ എന്നീ മത്സരങ്ങൾക്ക് ഒരു സ്കൂളിൽനിന്ന് ഒരു വിദ്യാർത്ഥിക്കാണു പങ്കെടുക്കാൻ അവസരം. വിദ്യാലയങ്ങൾ വഴി മാത്രമാണു രജിസ്ട്രേഷൻ. സെപ്റ്റംബർ അവസാനവാരത്തോടെ ഇവയുടെ രജിസ്ട്രേഷൻ അവസാനിക്കും. സ്പേസ് ക്വിസിനു വിദ്യാർഥികൾക്കു നേരിട്ടു രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 25 ആണ് അവസാനതീയതി.

കോഴിക്കോട് ആസ്ഥാനമായി അന്താരാഷ്ട്രനിലവാരത്തിൽ പ്രവർത്തിക്കുന്ന യുഎൽ സ്പേസ് ക്ലബ്ബാണ് പരിപാടിയുടെ സംഘാടകർ. യുഎൽ സ്പേസ് ക്ലബിൻ്റെ 6-ാം സ്ഥാപനദിനവും ലോകബഹിരാകാശവാരവും ഒന്നിച്ചു കൊണ്ടാടുന്നതിൻ്റെ ഭാഗമായാണു മത്സരങ്ങൾ. യുഎൽ സ്പേസ് ക്ലബ്ബിൻ്റെ www.ulspaceclub.in എന്ന വെബ്സൈറ്റിലൂടെയാണു രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങളും അവിടെ ലഭിക്കും.

ബഹിരാകാശവിഷയങ്ങൾ, സ്റ്റെം വിഷയങ്ങൾ (സയൻസ്, ടെക്നോളജി, എൻജിനീയറിങ്ങ് ആൻഡ് മാത്തമാറ്റിക്സ് — STEM) എന്നിവയിൽ തത്പരാരായ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും യുഎൽ സ്പേസ് ക്ലബ് നടത്തുന്നുണ്ട്. ഒക്ടോബർ 4 മുതൽ 10 വരെയാണു പരിപാടികൾ.

മനുഷ്യരാശിയുടെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിക്കുക എന്ന സന്ദേശത്തോടെ അന്താരാഷ്ട്രതലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോകബഹിരാകാശവാരം ആഘോഷിക്കുന്നത്. ഇതേ ദിവസങ്ങളിലാണ് സ്പേസ് ക്ലബിൻ്റെയും ആഘോഷം. ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹമായ സ്പുട്നിക്-1 1957 ഒക്ടോബർ 4‑നു വിക്ഷേപിച്ചതിൻ്റെയും 1967 ഒക്ടോബർ 10 ന് ബഹിരാകാശ ഉടമ്പടി ഒപ്പുവെച്ചതിൻ്റെയും ഓർമയ്ക്കാണ് ബഹിരാകാശവാരം ആഘോഷിക്കുന്നത്. ഈ വർഷത്തെ ബഹിരാകാശവാരത്തിൻ്റെ സന്ദേശം ‘ബഹിരാകാശവും സുസ്ഥിരതയും’ എന്നാണ്.

ഐ എസ് ആർ ഒ മുൻ ഡയറക്ടർ ഇ കെ കുട്ടിയുടെ നേതൃത്വത്തിൽ 2016 ൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സേവനവിഭാഗമായ യുഎൽ ഫൗണ്ടേഷൻ സ്ഥാപിച്ചതാണ് യുഎൽ സ്പേസ് ക്ലബ്. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പേസ് ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കായി ക്ലാസ്സുകൾ, വെബിനാറുകൾ, ഇസ്രോ(ISRO)യിലേക്ക് പഠനയാത്രകൾ തുടങ്ങി നിരവധി പരിപാടികൾ UL സ്പേസ് ക്ലബ് നടത്തുന്നുണ്ട്. ‘സ്റ്റെല്ലാർ ക്രോണിക്കിൾ’ എന്ന ഇ മാഗസിൻ പ്രസിദ്ധീകരിക്കുന്നു. സ്കൈ സഫാരി എന്ന അമച്വർ വാനനിരീക്ഷണകൂട്ടായ്മയും.പ്രധാനപ്രവർത്തനമാണ്. സ്പേസ്, സ്റ്റെം എന്നീ മേഖലകളിൽ ഊന്നിയാണ് സ്പേസ് ക്ലബ് പ്രവർത്തിക്കുന്നത്.

ഐ എസ് ആർ ഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ ജയറാം, ബാലുശ്ശേരി ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഷജിൽ യു. കെ., വാഗ്ഭടനന്ദ എഡ്യു പ്രോജക്ട് കോ ഓർഡിനേറ്റർ ടി. ദാമോദരൻ, തുടങ്ങിയ അധ്യാപകരും വിദ്യാർത്ഥികളും ക്ലബിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

Eng­lish Sum­ma­ry: world space week
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.