ഇന്ന് ലോക ആത്മഹത്യാ വിരുദ്ധ ദിനം, ആത്മഹത്യാപ്രവണത സൃഷ്ടിക്കുന്ന ഗെയിമുകള്‍ വ്യാപകം

Web Desk
Posted on September 10, 2018, 8:05 am

ഡാലിയ ജേക്കബ്ബ്

ആലപ്പുഴ: ആത്മഹത്യാ പ്രവണത സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ വ്യാപകമാകുന്നു. അപകടകരങ്ങളായ ഓണ്‍ലൈന്‍ ഗെയിമുകള്‍ യുവാക്കളെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയോ സ്വഭാവ വൈകൃതത്തില്‍ എത്തിക്കുകയോ ചെയ്തു കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന യുവതലമുറയെ ലക്ഷ്യമിട്ട് പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ ഗെയിമുകളില്‍ പലതിലും ജീവഹാനി സംഭവിക്കുന്ന അപകടങ്ങള്‍ പതിയിരിക്കുന്നു. സംസ്ഥാനത്തും ഓണ്‍ലൈന്‍ ഗെയിമിലൂടെ മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ നടന്നിരുന്നു. കഴിഞ്ഞ മെയ് മാസം തിരുവനന്തപുരത്ത് 16 കാരന്‍ ആത്മഹത്യ ചെയ്തത് ബഌവെയില്‍ ഗെയിം മൂലമാണെന്ന് കുട്ടിയുടെ അമ്മ തന്നെ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ കണ്ണൂരും സമാന രീതിയില്‍ ആത്മഹത്യ ഉണ്ടായി.

ബ്ലൂവെയില്‍, മോമോ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സാഹസികതയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ മൂലം നിരവധി യുവാക്കളുടെ ജീവനുകളാണ് പല രാജ്യങ്ങളിലും നഷ്ടപ്പെട്ടത്. അപകടകാരികളായ ഗെയിമുകള്‍ കളിച്ചു തുടങ്ങുന്ന യുവാക്കള്‍ ആത്മഹത്യയിലേയ്ക്കും അക്രമവാസനയിലേയ്ക്കും തിരിയുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 500 യുവാക്കള്‍ക്കാണ് ഓണ്‍ലൈന്‍ ഗെയിമിലൂടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ത്യയിലും അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി അപകടങ്ങള്‍ സംഭവിച്ചിരുന്നു. പ്ലേസ്റ്റോറില്‍ നിന്നോ ആപ്‌സ്‌റ്റോറില്‍ നിന്നോ അപകടകരമായ ഗെയിമുകള്‍ ലഭിക്കില്ല എന്ന സവിശേഷതയും ഉണ്ട്. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. നിശ്ചിത വെബ്‌സൈറ്റില്‍ നിന്നും ഈ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരും ഉണ്ട്. എന്നാല്‍ വെബ് അഡ്രസ് സെര്‍ച്ച് ചെയ്താല്‍ കാണുകയും ഇല്ല. ആത്മഹത്യ, മരണം എന്നിങ്ങനെ ഒരു വിവരണവും ഇല്ലാതെയാണ് ഗെയിമില്‍ പരാജയം സംഭവിക്കുന്നത്. യുവാക്കളില്‍ തീര്‍ത്തും ആവേശം നിറക്കുന്ന സാധാരണ ഗെയിമുകളായി ഇവ മുന്നിലെത്തുകയും പിന്നീട് മറഞ്ഞിരിക്കുന്ന അപകടമുഖം പതുക്കെ പുറത്തു കാണിച്ചു തുടങ്ങുകയും ചെയ്യും. അപ്പോഴേക്കും യുവാക്കള്‍ ഈ ഗെയിമുകള്‍ക്ക് അടിമകളായി തീര്‍ന്നിരിക്കും. തനിച്ചിരുന്ന് ഹൊറര്‍ സിനിമ കാണുവാന്‍ ആവശ്യപ്പെടുക മുതല്‍ ശരീരത്തില്‍ മാരകമുറിവുകള്‍ ഉണ്ടാക്കുവാനും ഗെയിമില്‍ നിര്‍ദ്ദേശിക്കും. അവസാന ഘട്ടത്തില്‍ ഗെയിമിന്റെ നിയന്ത്രണത്തിലാകുന്ന കുട്ടികളും യുവാക്കളും ആത്മഹത്യ ചെയ്യുന്ന മാനസികാവസ്ഥയില്‍ എത്തിച്ചേരും. ഈ ഗെയിമുകള്‍ കളിച്ചു തുടങ്ങുമ്പോള്‍ തന്നെ അമിത ഉത്കണ്ഠ, ഉള്‍വലിയല്‍, നിരാശ, അക്രമവാസന, ദേഷ്യം എന്നീ സ്വഭാവ വൈകൃതങ്ങള്‍ക്ക് ഇരയായി മാറുകയും ചെയ്യും.

ആത്മഹത്യാ പ്രവണത സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ചില രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു പല പേരുകളിലും ഇപ്പോഴും പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ പൂര്‍ണ്ണമായും ചെറുക്കാന്‍ സാധ്യമല്ലെന്ന് സൈബര്‍ വിദഗ്ധരും പറയുന്നു. കേരളത്തില്‍ അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ ശക്തമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. സൈബര്‍ ഡോമും സൈബര്‍ സെല്ലും ഇതിനകം ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെനടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.