ബിഎസ്എന്‍എല്ലില്‍ ഈമാസം റെക്കോഡ് വിരമിക്കല്‍

Web Desk
Posted on May 16, 2019, 10:49 pm

വി പി ശിവകുമാർ

മെയ് 17 ലോക വാര്‍ത്താ വിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താ വിനിമയ യൂണിയന്‍ (ഐടിയു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865 ല്‍ ആണ് ഐടിയു സ്ഥാപിതമാകുന്നത്. ആ നിലയ്ക്ക് 2019 ലെ വാര്‍ത്താ വിനിമയ ദിനം 154 ാം വാര്‍ഷിക ദിനമാണ്. 140 വര്‍ഷം കൊണ്ട് അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാര്‍ത്താ വിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കില്‍ പ്രധാന കാരണം വാര്‍ത്താ വിനിമയ രംഗത്തുള്ള വിസ്‌ഫോടനമാണ്. അതിന്റെ ഒടുവിലത്തെ നേട്ടമാണ് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും. ഇന്റര്‍നെറ്റ് ഉണ്ടായി 20 വര്‍ഷമാകുന്നതിനു മുമ്പുതന്നെ അത് ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താ വിനിമയ ശൃംഖലയായി മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ ടെക്‌നോളജിയും പാക്കറ്റ് സ്വിച്ചിംഗ് ടെക്‌നോളജിയും ആണ് വാര്‍ത്ത പരസ്പരം കൈമാറുന്നതില്‍ വിപ്ലവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ വാര്‍ത്താ കൈമാറ്റത്തില്‍ ശോഷണം സംഭവിക്കുന്നില്ല.

ഇന്ത്യയില്‍ വാര്‍ത്താ വിനിമയ രംഗത്ത് വലിയ ചലനങ്ങളുണ്ടായി. ലോകത്തെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതാണ് ഇന്ത്യയുടെ നേട്ടമെന്നും കാണാം. രാജ്യത്തെ മുഴുവന്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും സ്വയം പ്രവര്‍ത്തിക്കുന്നവയാക്കി ബിഎസ്എന്‍എല്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ എല്ലാ എക്‌സ്‌ചേഞ്ചുകളും ഓട്ടോമാറ്റിക് ആയിക്കഴിഞ്ഞു. ബിഎസ്എന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍, ഐഡിയ, എയര്‍ ടെല്‍ തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഇന്ത്യയിലെ വാര്‍ത്താവിനിമയ രംഗത്തുണ്ട്. ഇതില്‍ ലാന്റ് ലൈന്‍ രംഗം പൂര്‍ണമായും കൈയാളുന്നത് ബിഎസ്എന്‍എല്‍ തന്നെയാണ്. വിവര സാങ്കേതിക രംഗത്തും ഇന്ത്യ അത്ഭുതങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. വിവര സാങ്കേതികവിദ്യ ഇത്തരത്തില്‍ കുതിക്കുമ്പോള്‍ തന്നെ, ലോക ടെലികമ്യൂണിക്കേഷന്‍ ദിനത്തില്‍ ഇന്ത്യയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ മേഖലയില്‍നിന്ന് നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ എന്ന വിഭാഗം ഓര്‍മയാവുകയാണ്. ടെലികോം രംഗത്ത് വംശനാശ ഭീഷണി നേരിടുന്ന ഇത്തരം ജീവനക്കാരുടെ അവസ്ഥ ഈ ദിനത്തില്‍ പങ്കുവയ്ക്കുകയാണ്. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ നിന്നും 2019 മെയ് 30 ല്‍ നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ കൂട്ട വിരമിക്കല്‍ സര്‍വകാല റെക്കോര്‍ഡിലെത്തും. 431 പേരാണ് 30 ന് ഇവിടെനിന്നും വിരമിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍. മെയ് 30ന് ബിഎസ്എന്‍എല്‍ കേരള സംസ്ഥാന മേധാവിയുടെ ഓഫീസില്‍ നിന്നും കൂട്ടമായി വിരമിക്കുന്നത് 24 ജീവനക്കാരാണ്. കൂട്ട വിരമിക്കലിന്റെ സംഖ്യ തുടര്‍ന്നുവരുന്ന ഓരോ വര്‍ഷവും അനന്തമായി നീളും. 2019–2022 വര്‍ഷത്തില്‍ കൂട്ടവിരമിക്കല്‍ വരുന്നതോടെ നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരെ മാത്രമേ ബിഎസ്എന്‍എല്‍ മേഖലയില്‍ കാണാനാവൂ.

ഇനി ടെലികോമിന്റെ ചരിത്ര നാള്‍വഴികളിലൂടെ ഒന്നു കണ്ണോടിക്കാം. 2000 ഒക്ടോബര്‍ ഒന്നാം തീയതിയാണ് വളരെയധികം പ്രൗഢിയോടുകൂടി പ്രവര്‍ത്തിച്ചിരുന്ന ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടെലികോമിനെ (ഡിഒടി) സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യപടിയായി അന്നത്തെ ബിജെപി സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ എന്ന സ്ഥാപനമാക്കി മാറ്റിയത്. ഡിഒടിയെ ബിഎസ്എന്‍എല്‍ എന്ന കമ്പനിയാക്കി മാറ്റുന്നതിനെ അന്നത്തെ അംഗീകൃത യൂണിയനായ എന്‍എഫ്ടിഇ (ഒ പി ഗുപ്ത വിഭാഗം) ഒഴികെ മറ്റു ബിഎസ്എന്‍എല്‍ മേഖലയിലെ എല്ലാ സംഘടനകളും എതിര്‍ത്തിരുന്നു. പക്ഷേ അംഗീകൃത യൂണിയന്റെ നിലപാടു തീര്‍ത്തും സര്‍ക്കാരിന് അനുകൂലമായതോടെ ബിഎസ്എന്‍എല്‍ എന്ന പുതിയ കമ്പനി രൂപം കൊണ്ടു. ആരംഭകാലം ശോഭനമായിരുന്നെങ്കിലും പിന്നീട് സ്ഥിതിമാറി. മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പൊതുമേഖലാ വിരുദ്ധ സമീപനം മൂലം സ്ഥാപനം ക്രമേണ നഷ്ടത്തിലേക്കു പോകുന്ന സ്ഥിതിയാണ് കാണാന്‍ കഴിഞ്ഞത്. ഈ കാലയളവില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടി സംഘടനകള്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങളും പണിമുടക്കും നടത്തി. ടെലികോം ഡിപ്പാര്‍ട്ടുമെന്റില്‍ 1984 നു ശേഷം ഗ്രൂപ്പ് സി ആന്റ് ഡി ജിവനക്കാരെ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ല എന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ മറ്റൊരു വിഷയമാണ്. സുപ്രീം കോടതി വിധിയെ മറയാക്കിയാണ് നിയമനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. പക്ഷേ അപ്പോള്‍ ആകെയുള്ള ആശ്വാസം ആശ്രിത നിയമനം വഴിയുള്ള നിയമനങ്ങള്‍ നടന്നതാണ്. അതിനാല്‍ ഇക്കാലയളവില്‍ റിട്ടയര്‍മെന്റ് ഉണ്ടാകുമ്പോഴും ആശ്രിത നിയമനം നടന്നിരുന്നത് സ്ഥാപനത്തിലെ നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നല്ലൊരു പങ്ക് സഹായിച്ചു. പക്ഷേ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആശ്രിത നിയമനത്തിന് കേന്ദ്ര സര്‍ക്കാരും ബിഎസ്എന്‍എല്‍ മാനേജ്മെന്റും നിയന്ത്രണമേര്‍പ്പെടുത്തിയതുമൂലം റിട്ടയര്‍മെന്റായി പോകുന്നവരുടെയും സര്‍വീസിലിരിക്കെ മരണപ്പെടുന്ന ജിവനക്കാരുടെയും സീറ്റുകളിലും പകരം ജീവനക്കാരെ നിയമിക്കാത്തതും ഇത്തരം തസ്തികകള്‍ വിസ്മൃതിയിലേക്ക് പോകുന്ന സ്ഥിതി ഇപ്പോള്‍ സംജാതമാക്കി. എന്നാല്‍ ഇപ്പോള്‍ ആശ്രിത നിയമനം ബിഎസ്എന്‍എല്‍ മേഖലയില്‍ ഇല്ലാതാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ടെലികോം ഡിപ്പാര്‍ട്ടുമെന്റില്‍ 1984 നു ശേഷം നോണ്‍ എക്‌സിക്യൂട്ടിവ് ജീവനക്കാരെ നിയമിക്കാത്തതിനെ ചോദ്യം ചെയ്ത് നിരവധി തവണ അംഗീകൃത സംഘടനയായ ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ മാനേജ്‌മെന്റിനും ഡിഒടിക്കും കത്തുനല്‍കിയെങ്കിലും നാളിതുവരെ കേന്ദ്ര സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല നടപടിയും ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്. എന്നാല്‍ എക്‌സിക്യൂട്ടീവ് ജിവനക്കാരുടെ സ്ഥിതി ഇതല്ല. ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (ജെഎഒ), ജൂനിയര്‍ ടെലികോം ഓഫീസര്‍ (ജെടിഒ), മാനേജ്‌മെന്റ് ട്രെയിനി എന്നീ തസ്തികകളിലും ബിഎസ്എന്‍എല്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി നോക്കാതെ മാനേജ്‌മെന്റ് ഇപ്പോഴും ഡയറക്ട് റിക്രൂട്ട്‌മെന്റ് നടത്തുന്നതും കാണാന്‍ കഴിയും. ഇക്കാരണത്താല്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ വിരമിക്കല്‍, സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാറില്ല. അതേസമയം വിവിധ നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളായ ഓഫീസ് സൂപ്രണ്ട്, അസിസ്റ്റന്റ് ഓഫീസ് സൂപ്രണ്ട്, സീനിയര്‍ ഓഫീസ് അസോസിയേറ്റ്, ജൂനിയര്‍ എന്‍ജിനീയര്‍, സീനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, ടെലികോം ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് ടെലികോം ടെക്‌നീഷ്യന്‍ എന്നീ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍ പ്രക്രിയമൂലം സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളില്‍ ക്ലറിക്കല്‍ ജോലി ചെയ്യാന്‍ ജീവനക്കാരില്ലാതായി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും സബ് ഡിവിഷന്‍ ഓഫീസുകളിലും ടെലികോം ടെക്‌നീഷ്യന്‍മാരുടെ കൂട്ട വിരമിക്കലിനെ തുടര്‍ന്ന് ടെലിഫോണ്‍ അറ്റകുറ്റപണികളും ബ്രോഡ്ബാന്റ് മെയിന്റനന്‍സ് ജോലികളും തടസപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഇത്തരം അവസ്ഥ ഒരു പരിധിവരെ ബിഎസ്എന്‍എല്‍ മറികടക്കുന്നത് ഈ മേഖലയിലെ കരാര്‍ തൊഴിലാളികളെ ഉപയോഗിച്ചാണ്.

ഗ്രൂപ്പ് സി ആന്റ് ഡി ജീവനക്കാരുടെ അഭാവംമൂലം കേരള സംസ്ഥാനത്തെ എല്ലാ ബിസിനസ് ഏരിയകളിലും കരാര്‍ തൊഴിലാളികളും ബിഎസ്എന്‍എല്‍ മാനേജ്‌മെന്റ് കേന്ദ്ര ഏജന്‍സിയില്‍നിന്നെടുക്കുന്ന അപ്രന്റിസുകളുമാണ് നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ ചെയ്യുന്ന ഓഫീസ് ജോലികളും മെയിന്റനന്‍സ് ജോലികളും ഒരു പരിധിവരെ നിര്‍വഹിച്ചുപോരുന്നത്. എന്നാല്‍ കരാര്‍ തൊഴിലാളികള്‍ക്കും അപ്രന്റിസുകള്‍ക്കും വളരെ തുച്ഛമായ വേതനം മാത്രമേ മാനേജ്‌മെന്റ് നല്‍കുന്നുള്ളൂ എന്നത് അത്യന്തം ദയനീയമാണ്. കഴിഞ്ഞ കുറെ മാസങ്ങളായി കരാര്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം പോലും ബിഎസ്എന്‍എല്‍ മാനേജ്‌മെന്റ് നല്‍കുന്നില്ല. കൂടാതെ ഇപ്പോള്‍ 56 വയസ് പൂര്‍ത്തിയായ കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തുകഴിഞ്ഞിരിക്കുന്നു. കേരള സര്‍ക്കിളില്‍നിന്നും ആയിരത്തോളം കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനം. ഇക്കൂട്ടത്തില്‍ പ്രായപരിധി നോക്കാതെയും കരാര്‍ തൊഴിലാളികളെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കുന്ന സ്ഥിതിയും നാം കാണുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍, എക്‌സ്‌ചേഞ്ചുകള്‍, കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തുവന്നിരുന്ന കരാര്‍ തൊഴിലാളികളെ ചെലവുചുരുക്കുകയെന്ന തന്ത്രമുപയോഗിച്ച് പിരിച്ചുവിടുന്ന നയം ഓഫീസുകളുടെ മെയിന്റനന്‍സ്, സുരക്ഷക്കാര്യം, ഓഫീസ് ക്ലീനിംഗ് മേഖലയില്‍ ഗുരുതര പ്രശ്‌നമുണ്ടാക്കുന്നു.

സംസ്ഥാനത്തെ മിക്ക ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിലും ഫുള്‍ടൈം സുരക്ഷ ജീവനക്കാരില്ലാതായിട്ട് മാസങ്ങളായി. ഇതു മൂലം സംസ്ഥാനത്തെ മിക്ക ബിഎസ്എന്‍എല്‍ ഓഫീസുകളും വന്‍ സുരക്ഷാ ഭീഷണി നേരിടുന്നു. 2022 വര്‍ഷത്തില്‍ ഭൂരിഭാഗം നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരും വിരമിക്കുന്നതോടുകൂടി പൂര്‍ണമായും കരാര്‍വല്‍ക്കരണ സമ്പ്രദായം കമ്പനിയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ബിഎസ്എന്‍എല്‍ ഇന്ത്യയൊട്ടുക്ക് ഓരോ മാസവും നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിര്‍ബാധം തുടരുകയാണ്. നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ വിവിധ സംഘടനകള്‍ ജീവനക്കാരുടെ ഈ കൊഴിഞ്ഞുപോക്ക് അത്യന്തം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ കൂട്ട വിരമിക്കലിലൂടെ പൂര്‍ണമായും ഇല്ലാതായാല്‍ അതുവഴി നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ സംഘടനകള്‍ ദുര്‍ബലമാകുകയും ഈ തക്കത്തില്‍ സ്ഥാപനത്തെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനും കഴിയും എന്നാണ് ബിഎസ്എന്‍എല്‍ മാനേജ്‌മെന്റും കേന്ദ്ര സര്‍ക്കാരും കരുതുന്നത്. 54,000 ജീവനക്കാരെ നിര്‍ബന്ധിത പിരിച്ചുവിടലിന് വിധേയമാക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലോക്‌സഭാ ഇലക്ഷന്റെ ഫല പ്രഖ്യാപനത്തിനുശേഷം അധികാരത്തില്‍ വരുന്ന പുതിയ കേന്ദ്ര സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യന്‍ ജനതയുടെ തന്ത്രപ്രധാനമായ വാര്‍ത്താവിനിമയ സ്ഥാപനമായ ബിഎസ്എന്‍എലിനെയും അതിലെ മുഴുവന്‍ ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പെന്‍ഷന്‍കാരെയും സംരക്ഷിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ജീവനക്കാര്‍.

(ബിഎസ്എന്‍എല്‍ഇയു കൊല്ലം ജില്ലാ മീഡിയ കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍ 9447056789 [email protected])