കുളങ്ങളില്‍ നീരുറവകള്‍ പുനര്‍ജനിക്കുന്നതിങ്ങനെ…

Web Desk
Posted on March 22, 2019, 3:02 pm

കൊച്ചി: നില്‍ക്കുവാന്‍ വയ്യാതെ പൊള്ളുകയാണ് കേരളം. ചൊരിമണലുള്ള കരപുറത്തു മണലിന് ചൂട് പിടിക്കുമ്പോള്‍ വറചട്ടിയില്‍ വീണു പോയപോലെയാണ്. നനയ്ക്കാനും കുളിക്കാനും അന്നും ഇന്നും കരപുറത്തിന്റെ പ്രധാന ജലസ്രോതസ് കുളങ്ങളാണ്. വറ്റുന്ന ഉറവകളെ പുനരുജ്ജീവിപ്പിക്കുന്നതിന് കുളം കോരി വൃത്തിയാക്കലാണ് മാര്‍ഗം.

കുളത്തില്‍ നിലവിലുള്ള വെള്ളം മോട്ടോറുകള്‍ ഉപയോഗിച്ച് വറ്റിച്ചതിന് ശേഷം ബാക്കിയാവുന്ന വെള്ളവും ചെളിയും തേക്കുകൊട്ട ഉപ്പയോഗിച്ചു തേവി കരയിലേക്ക് എത്തിക്കുന്നു. കുളത്തിന്റെ രണ്ടുക രകളിലായി നിന്ന് പ്രതേക താളത്തില്‍ തേക്കുകൊട്ടയില്‍ വെള്ളം തേവു ന്നവരില്‍ ഭൂരിഭാഗവും അറുപതിനോടടുത്തു പ്രായമുള്ളവരാണ്. പുതു തലമുറ കാര്‍ഷിക തൊഴിലുകളോട് മുഖം തിരിക്കുന്നതായി കര്‍ഷക തൊഴിലാളികള്‍ പറയുന്നു.

കുളത്തില്‍ നിന്ന് ചെളിയും വെള്ളവും നീക്കം ചെയ്താല്‍ മണല്‍ വെട്ടിക്കയറ്റി കുളത്തിന്‍റെ  പാര്‍ശ്വഭിത്തികള്‍ ശക്തിപ്പെടുത്തും. അപ്പോഴേയ്ക്കും കുളത്തില്‍ പുതിയ നീരുറവകള്‍ രൂപപ്പെട്ടുതുടങ്ങിയിരിക്കും. എന്നാല്‍, കര പാടങ്ങളും കുളങ്ങളും നികന്നതോടെ കുളങ്ങളിലെ നീരുറവകള്‍ ചിണുങ്ങി കരയുന്ന സുന്ദരിയുടെ കണ്ണീര്‍ക്കണ ങ്ങള്‍ അടര്‍ന്നു വീഴുന്ന പോലെയാണ് ഉരുവപ്പെട്ടുവരുന്നത്. വെട്ടിയൊരുക്കിയ കുളങ്ങള്‍ പുതുമഴക്കായി കാത്തിരിക്കുന്നു. തീനാമ്പുകള്‍ക്കിടയിലൂടെ മഴ തുള്ളികളുടെ വരവ് കുളങ്ങളെ ജലസമ്പുഷ്ടമാക്കും. ചേര്‍ത്തല താലൂക്കിലെ കോടംതുരുത് പഞ്ചായത്തില്‍ നിന്നാണ് കുളം തേവലിന്റെ ഈ ദൃശ്യം.

പരമ്പരാഗത രീതിയില്‍ കുളം വറ്റിക്കുന്ന തൊഴിലാളികള്‍

എഴുത്തും ചിത്രങ്ങളും വി എന്‍ കൃഷ്ണപ്രകാശ്

പരമ്പരാഗത രീതിയില്‍ കുളം വറ്റിക്കുന്ന തൊഴിലാളികള്‍