ഡോ. വി രാമൻകുട്ടി

June 28, 2020, 6:00 am

കോവിഡിൽ വിറച്ച് ലോകം

Janayugom Online

മാർച്ച് മാസം ആദ്യമാണ് കോവിഡ് എന്ന രോഗം ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്നത്. അന്നത് ചൈനയിൽ ഉദ്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പടരുമോ എന്ന് ആശങ്ക ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു രോഗമായിരുന്നു. വൂഹനിൽ പഠനം നടത്തിയിരുന്ന ഒരു വിദ്യാർത്ഥി രോഗവുമായി കേരളത്തിൽ മടങ്ങിയെത്തിയിരുന്നു. ആ കേസ് നാം ഫലപ്രദമായി നേരിട്ടു. എന്നാൽ ഒരു മാസത്തിനകം തന്നെ- മാർച്ച് അവസാനത്തോടെ- രാജ്യം മാത്രമല്ല ലോകം മുഴുവൻ ഒരു പൂട്ടിയിടലിലേക്ക് പോകും എന്നോ, ഭാവി എന്തെന്നു പറയാനാകാത്ത ഒരു അനിശ്ചിതത്വിലേക്ക് നാം വഴുതി വീഴുമെന്നോ ആരും പ്രതീക്ഷിച്ചില്ല എന്നതാണു നേര്.
ജൂൺ‑18 ലെ കണക്കനുസരിച്ച് ലോകമാസകലം 35 ലക്ഷത്തിലധികം രോഗികൾ ഇപ്പോൾ ഉണ്ട്, അവരിൽ 2 ശതമാനം (അൻപത്തിനാലായിരത്തോളം) തീവ്രമായി രോഗബാധിതരാണ്. നാല്പത്തിയെട്ടു ലക്ഷത്തോളം പേർക്ക് രോഗം വന്നുപോയി, അവരിൽ ഒൻപത് ശതമാനം (നാലര ലക്ഷത്തോളം) മരണത്തിനു കീഴടങ്ങി. ദിവസേന ഉണ്ടാകുന്ന പുതിയ കേസുകൾ ഒന്നരലക്ഷവും, മരണങ്ങൾ ആറായിരത്തിലധികവും ഉണ്ടെന്നാണു കണക്ക്. മരണങ്ങളുടെ കണക്കുപറയുമ്പോൾ കോവിഡ് കൊണ്ടു മരിച്ചത് എന്നുറപ്പിക്കാവുന്നവയുടെ എണ്ണം മാത്രമാണ് ഇത്. ഈ കാലഘട്ടത്തിൽ ശരിയായ ചികിത്സകിട്ടാതെ മറ്റു രോഗങ്ങൾ കൊണ്ട് മരിച്ചവരുടെ എണ്ണവും കുറവല്ല. ഇന്ത്യയുടെ കണക്കു പറഞ്ഞാൽ, മൂന്നരലക്ഷത്തോളം ആകെ രോഗികളും പന്തീരായിരത്തോളം മരണങ്ങളുമായി ഇന്ത്യ നാലാം സ്ഥാനത്തുണ്ട്.
എടുത്തുപറയത്തക്ക തീവ്ര സ്വഭാവമൊന്നും കാണിക്കാത്ത ഒരു സൂക്ഷ്മാണുവാണിത്. സർവ്വ സാധാരണമായ ഫ്ലുവിന്റെ ഒരു വകഭേദം. കൂടുതലും ശ്വാസനാളത്തെ ബാധിക്കുന്ന, പനിയും തുമ്മലും ശ്വാസതടസ്സവും മറ്റും ഉണ്ടാക്കുന്ന ഒരു വൈറസ്. ഒരു ചെറിയ വിഭാഗം രോഗികളിൽ- ഒരു പക്ഷേ പത്തിലൊന്നോ അതിൽ താഴെയോ- പ്രത്യേകിച്ച് പ്രായം ചെന്നവർ, മറ്റു രോഗങ്ങൾ കൊണ്ട് വലയുന്നവർ എന്നിങ്ങനെ- മാത്രം രൂക്ഷമായ ശ്വാസതടസ്സത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന രോഗം. സത്യം പറഞ്ഞാൽ ഈ വൈറസിന്റെ പ്രത്യേകതകൾ നാം മനസ്സിലാക്കി വരുന്നതേ ഉള്ളൂ. പരസ്പരമുള്ള സ്പർശനത്തിൽകൂടിയും, അന്യോന്യം പങ്കു വെച്ചേക്കാവുന്ന സാധനങ്ങൾ മൂലമോ പകരുന്നു എന്ന ആദ്യധാരണ പിന്നീട് കാര്യമായി തിരുത്തപ്പെട്ടു. ഒരു ചെറിയ ഇടത്തിൽ തിങ്ങിക്കൂടുന്ന ആളുകളിൽ വളരെപ്പെട്ടെന്ന് പടരാൻ സാധ്യതയുണ്ടെന്ന് നമുക്കു മനസ്സിലായത് കൊറിയയിലും മറ്റും മതപരമായ ആരാധനക്കുവേണ്ടി ആളുകൾ തിങ്ങിക്കൂടിയ ഇടങ്ങളിൽനിന്ന് ആയിരങ്ങൾക്കും ലക്ഷങ്ങൾക്കും രോഗം പകർന്നതായി അറിഞ്ഞപ്പോഴാണ്. ഈ ഒരു സന്ദേശം ലോകം മനസ്സിലാക്കി വന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. ചില രോഗികൾക്ക് — സൂപ്പർ സ്പ്രെഡർ എന്ന് വിളിക്കപ്പെടുന്നവർ- അനേകം പേർക്ക് പെട്ടെന്ന് രോഗം പകരാനാകുമെന്നും പിന്നീട് മനസ്സിലായി.
ഇന്ത്യയും കോവിഡും
ഇന്ന് ഏറ്റവുമധികം കോവിഡ് രോഗികളുള്ള നാടായി ഇന്ത്യ മാറിയിരിക്കുന്നു. ഇപ്പോൾ നാം നാലാം സ്ഥാനത്താണ്. നമുക്കു മുന്നിൽ അമേരിക്ക, റഷ്യ, ബ്രസീൽ എന്നീ മൂന്നു രാഷ്ട്രങ്ങളേയുള്ളു. അവയിൽതന്നെ അമേരിക്കയിൽ കോവിഡിന്റെ ദിനേനയുള്ള മുന്നേറ്റത്തിന്റെ മുന മടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലാകട്ടെ, അടുത്തകാലത്തൊന്നും അതു കുറയുന്ന ലക്ഷണം കാണുന്നില്ല. മൂന്നരലക്ഷത്തോളം പേർക്ക് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചു, അവരിൽ പകുതിപ്പേർ ഇപ്പോൾ രോഗികളാണ്. ആകെ മരണം ഏകദേശം 12000. മറ്റു പല രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിന്റെ വളർച്ച ഒരു പരിധിവരെ ശമിച്ചുകൊണ്ടിരിക്കുമ്പോഴും നമ്മുടെ സംഖ്യകൾ മുകളിലേക്കുതന്നെ പോകുന്നതായി കാണാം.
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ഏതറ്റം വരെ വളരുമെന്നു പ്രവചിക്കാൻ പോലുമാകാത്ത അവസ്ഥയാണിന്ന്. എന്നാൽ നമ്മുടെ കൈയിലുണ്ടായിരുന്ന ഏക ആയുധമായ ലോക്ക്ഡൗൺ അതിന്റെ പരമാവധി പ്രയോജനം നൽകിക്കഴിഞ്ഞുവെന്നുവേണം കരുതാൻ, കാരണം ഇനി അധികം ഇത് നീട്ടാൻ സാധിക്കാത്ത നിലയാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായിരിക്കുന്ന ആഘാതം അടുത്തകാലത്തൊന്നും നികത്താൻ പറ്റുന്നതല്ല.
മറ്റു പല രാജ്യങ്ങളെയും പോലെ- ഏറ്റവും വലിയ ഉദാഹരണം അമേരിക്ക- തുടക്കം മുതൽ കാര്യമായ നിഷേധത്തിലേക്കു നാം പോയില്ല എന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. ചില ചിതറിയ പ്രസ്താവനകൾ ഒഴിച്ചാൽ- ചൂടുള്ള കാലാവസ്ഥയിൽ വൈറസ് പടരുകയില്ല എന്നിങ്ങനെയുള്ള യാതൊരടിസ്ഥാനവുമില്ലാത്ത പറച്ചിലുകൾ- ഇന്ത്യയുടെ ഔദ്യോഗികനയം കോവിഡിന്റെ ഗൗരവം അംഗീകരിച്ചുകൊണ്ടു തന്നെയായിരുന്നു. അതുകൊണ്ട് മാർച്ച് അവസാനമായപ്പോഴേക്കും രാജ്യം പൂട്ടിയിടലിലേക്ക് പോകണമെന്ന തീരുമാനം ഉണ്ടായി. അന്നുതന്നെ ഡോ. ജയപ്രകാശ്, ഡോ. ജേക്കബ് ജോൺ തുടങ്ങിയ പ്രശസ്തർ പൂട്ടിയിടലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. എൺപതു ശതമാനമോ അതിലധിമോ ജനങ്ങൾ സ്ഥിരവരുമാനമില്ലാതെ ദിവസേന അദ്ധ്വാനിച്ചു ജീവിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയിൽ പൂട്ടിയിടൽ പ്രായോഗികമാണോ എന്നതായിരുന്നു അവരുന്നയിച്ച പ്രസക്തമായ ചോദ്യം. എങ്കിലും അവരെ അവഗണിക്കുകയാണുണ്ടായത്. ഇന്ന് മൂന്നുമാസങ്ങൾക്കുശേഷം അല്ല എന്ന ഉത്തരത്തിൽതന്നെയാണ് സർക്കാരും എത്തിനിൽക്കുന്നത് എന്നുതോന്നുന്നു.
മണിക്കൂറുകളുടെ മുന്നറിയിപ്പു മാത്രം നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിൽ കുടിയേറി ജോലിചെയ്തിരുന്ന ലക്ഷക്കണക്കിനു തൊഴിലാളികളെ ഈ പ്രഖ്യാപനം ഏറ്റവുമധികം ബാധിച്ചു. അവരുടെ അന്നന്നത്തെ അന്നത്തിനുള്ള ഏക ആശ്രയമായ ജോലി ചെയ്യാനുള്ള അവകാശമാണു നിഷേധിക്കപ്പെട്ടത്. ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴിച്ച് അവർക്ക് ആഹാരത്തിനുള്ള ബദൽ ഏർപ്പാടുകൾ പോലും ഇല്ലായിരുന്നു. നിസ്സഹായരായ ഈ മനുഷ്യർ മഹനഗരങ്ങൾ ഉപേക്ഷിച്ച് അവരവരുടെ നാട്ടിൻപുറങ്ങളിലേക്കു മടങ്ങാൻ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പദയാത്ര തുടങ്ങിയ കാഴ്ച്ച ഒരു രാജ്യമെന്ന നിലയിൽ നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.
അതോടൊപ്പം ഉയർന്നതെന്നു കരുതപ്പെട്ടിരുന്ന സാമ്പത്തിക വളർച്ചയും- അതിനെപ്പറ്റി സാമ്പത്തികവിദഗ്ദ്ധർ തന്നെ സംശയം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു- മൂടിവെക്കാനാകാത്തവിധം കൂപ്പുകുത്തുന്നകാഴ്ചയാണു നാം കാണുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക പാക്കേജുകളാകട്ടെ, ഇംഗ്ലീഷിൽ ‘ടൂ ലിറ്റിൽ, ടൂ ലേറ്റ്- തീരെ വൈകി, തീരെക്കുറവ്’ എന്ന രീതിയിലുള്ളവയുമായിരുന്നു. മാത്രമല്ല ഏറ്റവും പാവപ്പെട്ട കുടുംബങ്ങളിലേക്ക് വരുമാനം നേരിട്ടെത്തിക്കുന്നതിനു പകരം കച്ചവടക്കാർക്ക് ഉത്തേജനപ്പാക്കേജുകളായിട്ടാണ് നയങ്ങൾ മുഖ്യമായും മാറിയത്. ചില സംസ്ഥാനങ്ങൾ മറിച്ചുചിന്തിച്ചുവെങ്കിലും അവർക്ക് വളരെയൊന്നും ചെയ്യാനാകാത്തവിധം അവരെ വരിഞ്ഞുമുറുക്കുന്ന നയങ്ങളാണ് കേന്ദ്രം സ്വീകരിച്ചത്.
ഇന്ത്യയിലെ കോവിഡ് വളർച്ച ശ്രദ്ധിച്ചാൽ വ്യക്തമാകുന്ന ചില പ്രത്യേകതകൾ ഉണ്ട്. മഹാനഗരങ്ങൾ- മുംബെയ്, ദില്ലി, കൊൽകൊത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കേസുകൾ ഉണ്ടായത്- സ്വാഭാവികമായും ഈ നഗരങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലും. വിദേശരാജ്യങ്ങളുമായി നേരിട്ടുബന്ധമുള്ള എയർപോർട്ടുകളിൽകൂടി ആയിരക്കണക്കിനാളുകൽ വിദേശനഗരങ്ങളിൽനിന്ന് വന്നുപോയ്ക്കൊണ്ടിരുന്നു എന്നത് ഇതിനൊരു കാരണമായിരുന്നിരിക്കാം. അതോടൊപ്പം ആളുകൾ തിങ്ങിപ്പാർക്കുന്നതും, കൂടുതൽ ഇടപഴകുന്ന തിയേറ്ററുകൾ, മാളുകൾ എന്നിവയുടെ ആധിക്യവും ഈ സ്ഥിതിക്ക് വളം വെച്ചുകൊടുക്കുന്നതായി.
കേരളം തിളങ്ങുന്നു
ഇന്ത്യയുടെ കണക്കുകൾ ഏപ്രിൽ മാസത്തോടുകൂടി കുതിച്ചുയരുകയാണ്. മരണത്തിന്റെ കാര്യത്തിൽ ഇത് ഭയാനകമായി ഉയരുന്നതു കാണാം. കേരളം ഇന്നും ഭേദപ്പെട്ട അവസ്ഥയിലാണ്; പ്രത്യേകിച്ച് മരണങ്ങളുടെ കാര്യത്തിൽ. എങ്കിലും കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിൽ കേസുകളുടെ എണ്ണഉയരുന്നു. ഇത് നിയന്ത്രിക്കേണ്ടത് നമ്മുടെ ഏറ്റവും മുൻഗണനയുള്ള വിഷയമായി കണക്കാക്കണം.
എന്തുകൊണ്ടാണ് രാജ്യത്തിന്റെ മൊത്തം അവസ്ഥയേക്കാൾ വളരെ ഭേദപ്പെട്ട സ്ഥിതി കേരളത്തിൽ ഇതുവരെ പാലിക്കാൻ സാധിച്ചത്? ഇതിനു ഉത്തരം എളുപ്പം നൽകാവുന്നതല്ല. കേരളത്തിന്റെ ആരോഗ്യസംവിധാനം ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ഒന്നാണെന്ന് മുൻപും വ്യക്തമായിട്ടുള്ളതാണ്. മരണനിരക്ക്, ശിശുമരണനിരക്ക്, ആയുർദൈർഘ്യം എന്നിങ്ങനെ ഏതു മാനദണ്ഡം ഉപയോഗിച്ചാലും ഇന്ത്യയിലെ ഏതു സ്റ്റേറ്റിനെക്കാൾ ഉയർന്ന നിലവാരം നാം കാത്തുസൂക്ഷിക്കുന്നുണ്ട്- അതിന്റെ മുഴുവൻ പെരുമയും ആരോഗ്യമേഖലയ്ക്കു മാത്രം അവകാശപ്പെട്ടതല്ലെങ്കിൽകൂടി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ ചില രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലുകൾ- ഡെങ്കി, ചിക്കൻഗുനിയ, നിപ്പ തുടങ്ങിയവ, ആരോഗ്യപ്രവർത്തരെ കർമ്മസജ്ജരാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുപ്രളയകാലത്തും മറ്റു വകുപ്പുകളുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അവർക്ക് അവസരം കിട്ടിയിട്ടുമുണ്ട്. പോരാത്തതിന് ഇരുപത്തഞ്ചുവർഷത്തിലധികമായി കേരളത്തിൽ ജനകീയാസൂത്രണത്തിന്റെ ചട്ടക്കൂടിൽ ആരോഗ്യപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രാദേശിക രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെ പങ്കും മറന്നുകൂടാ. ഈ പകർച്ചവ്യാധിയുടെ കാലത്ത് ക്വാറന്റൈൻ പരിപാലിക്കുന്നതിനും, സാമുഹ്യ അടുക്കളകൾ വഴി എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്തുകയും മറ്റും ചെയ്യുന്നതിനും അവരുടെ പ്രവർത്തനം കുറ്റമറ്റതായിരുന്നു. അങ്ങനെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പ്രത്യേകതകൾ ഈ കാലഘട്ടത്തിൽ നമ്മെ വളരെ സഹായിച്ചിട്ടൂണ്ട്. വൂഹാനിൽനിന്ന് ആദ്യം കേരളത്തിലെത്തിയ വിദ്യാർത്ഥിയും ഒരു വിധത്തിൽ നമ്മെ ഇതിനു തയാറെടുക്കുന്നതിനു സഹായിച്ചു എന്നു പറയാം. കാരണം മറ്റു പല സംസ്ഥാനങ്ങളെയും പോലെ ഒരു ലഘുവായ സമീപനം അല്ല കേരളസർക്കാർ ആദ്യം മുതൽ സ്വീകരിച്ചത്. സന്ദർഭത്തിന്റെ ഗൗരവം മനസ്സിലാക്കി അവസരത്തിനൊത്തുയർന്ന രാഷ്ട്രീയ നേതൃത്വം ലോകത്തിനുതന്നെ മാതൃകയായതു നാം കാണുകയുണ്ടായി. കേരളത്തിൽ ഉണ്ടായതിനെക്കാൾ കൂടുതൽ മലയാളികളായ രോഗികൾ ഇന്ത്യയുടെ മറ്റു നഗരങ്ങളിലും, ലോകത്തിന്റെ തന്നെ മറ്റു പല ഭാഗങ്ങളിലും ഉണ്ടായി എന്നതും ഒരു വസ്തുത മാത്രമാണ്.
എന്നാൽ ഇപ്പോൾ നാം ലോക്ക് ഡൗൺ വ്യവസ്ഥയിൽ അയവു വരുത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ, പ്രത്യേകിച്ച് പാവപ്പെട്ട ജനങ്ങളുടെ, ദൈനം ദിന ജീവിതത്തിൽ ഈ നയം ഉണ്ടാക്കിയ ക്ഷതം മനസ്സിലാക്കിക്കൊണ്ടാണ് അങ്ങനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. എന്നാൽ ലോകത്തിന്റെയും ഇന്ത്യയുടെയും പല ഭാഗത്തുനിന്നും മടങ്ങി സ്വന്തം നാട്ടിലേക്കു തിരിച്ചുവരുന്ന മലയാളികൾക്ക് സൗകര്യം ഒരുക്കിക്കൊടുക്കേണ്ടതും നമ്മുടെ കടമയാണ്, അതവരുടെ അവകാശവുമാണ്. അതു ചെയ്യുന്നതോടൊപ്പം കോവിഡ് 19 രോഗികളുടെ എണ്ണം സമൂഹത്തിൽ നിയന്ത്രണാതീതമായി കൂടാതെയും ഇരിക്കണമെങ്കിൽ ഇന്നത്തെ നിയന്ത്രണങ്ങളിൽ ചിലവയെങ്കിലും മാസങ്ങളോളം പിന്തുടരേണ്ടിവരുമെന്നുള്ളത് വ്യക്തമാണ്. ഇപ്പോൾ കൂടുതൽ ആളുകൾ പുറത്തുനിന്നു വരുന്നത് കൊറൊണാവ്യാപനത്തിനു വഴിവെയ്ക്കുമെന്നുള്ള ഭീതിയുടെ പുറത്താണെന്നു തോന്നുന്നു, വിദേശത്തുനിന്നു വരുന്നവർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഗവൺമ്മെന്റ് തുനിഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ തന്നെയുള്ള, കോവിഡ് കേന്ദ്രങ്ങളായ മഹാനഗരങ്ങളിൽ നിന്ന് തീവണ്ടിയിൽ ആർക്കും ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ എത്താം എന്നിരിക്കെ വിദേശമലയാളികളോട് ഈ ഒരു വേർതിരിവിന്റെ ആവശ്യം എന്താണെന്നു മനസ്സിലാകുന്നില്ല.
കൊറോണയുടെ രാഷ്ട്രീയം
ഇന്ത്യയുടെ കാര്യം എടുത്താൽ, ഏറ്റവും ശക്തമായ ഒരു ലോക്ക്ഡൗണിലേക്ക് പോയ രാജ്യമാണ് ഇന്ത്യ. പക്ഷേ അത് ദശലക്ഷക്കണക്കിനുള്ള നഗരവാസികളായ ദേശാടനത്തൊഴിലാളികളുടെ കാര്യം പൂർണ്ണമായും അവഗണിച്ചുകൊണ്ടായിരുന്നു. യാത്രാസൗകര്യം നഷ്ടപ്പെട്ട് ഭക്ഷണത്തിനു വഴിയില്ലാതെ നൂറു കണക്കിനു കിലോമീറ്റർ നടന്ന് താന്താങ്ങളുടെ ഗ്രാമങ്ങളിലേക്ക് അവർ പോകാൻ ശ്രമിച്ചപ്പോൾ അത് ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും സങ്കടകരമായ ഒരു പാലായനവും, ഭരണകൂട നിസ്സംഗതയുടെ ഉത്തമ ഉദാഹരണവുമായി മാറി. ഗവണ്മെന്റ് പ്രഖ്യാപിച്ച ആശ്വാസപദ്ധതികളും കൂടുതലും വ്യവസായികളെയും ധനികരെയും സഹായിക്കാൻ മാത്രം ഉതകുന്നതായിരുന്നു.
അമേരിക്കയിലാകട്ടെ, ലോകത്തെ ഏറ്റവും സമ്പന്നവും സാങ്കേതികവിദ്യയിൽ ഏറ്റവും മികച്ചതുമായ ഒരു രാഷ്ട്രത്തിന് ഈ മഹാമാരിയെ ചെറുത്തുനിർത്താൻ സാധിച്ചില്ല എന്നുള്ളതിന്റെ പേരിൽ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. സാധാരണഗതിയിൽ രണ്ടാമതൊരു തവണകൂടി തെരഞ്ഞെടുക്കപ്പെടേണ്ട പ്രസിഡന്റ് ട്രമ്പ്, ഇപ്പോൾ ജയിക്കാൻ ബുദ്ധിമുട്ടും എന്ന അവസ്ഥയിലാണ്. പ്രതിരോധപ്രവർത്തനങ്ങളിലുള്ള അലംഭാവവും, ശാസ്ത്രവിരുദ്ധസമീപനങ്ങളും കൊണ്ട് ജനങ്ങളുടെ വെറുപ്പ് അദ്ദേഹം ധാരാളം സമ്പാദിച്ചുകഴിഞ്ഞു. പോരാത്തതിനു ആഫ്രിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡിനെ പട്ടാപ്പകൽ പലരും നോക്കിനിൽക്കെ കൊന്നു കളഞ്ഞ പോലീസ് നടപടിയും ഈ കൊറോണാക്കാലത്തുപോലും ഭരണകൂടത്തിനെതിരായ വികാരം ആളിക്കത്തിച്ചിട്ടൂണ്ട്. ന്യൂസീലാൻഡ്, ജർമമനി, കൊറിയ, വിയറ്റ്നാം, തായ് വാൻ, തുടങ്ങിയ ചുരുക്കം രാജ്യങ്ങളിൽ മാത്രമേ രാഷ്ട്രീയ നേതൃത്വത്തിന് കൊറോണാനയങ്ങളുടെ പേരിൽ ജനകീയ അംഗീകാരം കിട്ടിയിട്ടുള്ളു. സ്വീഡൻ പോലെ പൂട്ടിയിടലിലേക്ക് പോകാൻ വിസമ്മതിച്ച ചില രാജ്യങ്ങളിൽ അഭൂതപൂർവമായി മരണങ്ങൾ കൂടിയതിനെത്തുടർന്ന് ചെയ്തത് അബദ്ധമായി എന്നേറ്റുപറയാൻ നേതൃത്വം നിർബദ്ധമായിരിക്കുമയാണ്.
ഇനി നാം എങ്ങോട്ട്?
കോവിഡ് പോലെയുള്ള ഒരു എപ്പിഡെമിക്കിന്- പൊട്ടിപ്പടരുന്ന രോഗത്തിന് — പല മാനങ്ങളുണ്ട്. വ്യക്തിയെ ബാധിക്കുന്ന രോഗം എന്നതോടൊപ്പം സമൂഹതലത്തിലും വലിയ വെല്ലുവിളികൾ ഉയർത്തുന്ന രോഗമാണു കോവിഡ്. അതിന്റെ ജീവശാസ്ത്രപരമായ അടിസ്ഥാനം വളരെ പ്രധാനമാണ്- വൈറസിന്റെ ഘടനയും അതിന്റെ സ്വഭാവവും എങ്ങനെ പടരുന്നു എന്നുള്ളതും തീർച്ചയായും നാം കുറെയൊക്കെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. സാങ്കേതികമായി ഇതിനെ പ്രതിരോധിക്കാൻ മരുന്നു വാക്സിനും കണ്ടുപിടിക്കാൻ കുറച്ചുവൈകിയാണെങ്കിലും നമുക്കു കഴിഞ്ഞേക്കും. പക്ഷേ ഒരു എപ്പിഡെമിക്ക് സാങ്കേതികമായി മാത്രം പ്രതിരോധിക്കാൻ കഴിയില്ല എന്നുള്ളത് കോവിഡ് വ്യക്തമാക്കി. അല്ലെങ്കിൽ സാങ്കേതികമികവിന്റെ ഉന്നതശ്രേണിയിൽ നിൽകുന്ന അമേരിക്കയും യുകെയും പോലെയുള്ള രാജ്യങ്ങൾ ഇതിന്റെ പിടിയിൽ പെട്ട് ഇത്രയും കഷ്ടപ്പെടുകയില്ലായിരുന്നല്ലോ. എപ്പിഡെമിക്കുകളെ നേരിടുന്നതിൽ സാങ്കേതികജ്ഞാനത്തോടൊപ്പം പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ് രാഷ്ട്രീയവും സാമൂഹ്യവുമായ നേതൃത്വം. ശാസ്ത്രത്തിന്റെ പാത പിൻതുടർന്നുകൊണ്ടുതന്നെ ശരിയായ തീരുമാനങ്ങളെടുക്കാനും, അവ ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും, പ്രാവർത്തികമാക്കാനും കഴിഞ്ഞിട്ടുള്ള ഭരണകൂടങ്ങളാണ് കൊറോണക്കാലത്ത് കുറെയൊക്കെ പിടിച്ചുനിന്നിട്ടുള്ളത്. ഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്തിനും ഇതുവരെ അവസരത്തിനൊത്തുയരാൻ കഴിഞ്ഞു. പക്ഷേ നാം ഏർപ്പെട്ടിരിക്കുന്നത് ഒരു മാരത്തോൺ ഓട്ടത്തിലാണ് എന്നത് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
ഒരു പക്ഷേ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന ഒരു സഹവർത്തിത്വം കൊറോണയുമായി നമുക്കു പങ്കിടേണ്ടിവന്നേക്കും എന്നുറപ്പാണ്. ആ സമയമൊക്കെയും നമ്മുടെ സാധരണജീവിതം നിർത്തിവെക്കാനാവില്ല. സർക്കാരുകൾക്ക് ചെയ്യാൻ പറ്റുന്നതിന് ഒരു പരിധിയുണ്ട്. ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തം മനസ്സിലാക്കി പ്രവർത്തിക്കേണ്ട ഒരവസരമാണിത്. ലഘുവായ ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങേണ്ടഅവസരമായി എന്നു തോന്നുന്നു.
ഏറ്റവും പ്രധാനമായത് ജനക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ്. മതപരമായ കൂട്ടുകൂടലുകൾ അനുവദിക്കപ്പെട്ടു എങ്കിലും പല മതസ്ഥാപനങ്ങളും സ്വയമേവ അവയെ ഒഴിവാക്കുന്നു കാണുന്നത് സന്തോഷകരമാണ്. ലോകത്ത് പലയിടത്തും ഈ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത് മതക്കൂട്ടായ്മകളിൽനിന്നാണ്.
പക്ഷേ മതം മാത്രമല്ല കൂട്ടം കൂടലിനെ പ്രോൽസാഹിപ്പിക്കുന്നത്. രാഷ്ട്രീയ സമ്മേളനങ്ങളും കഴിവതും നിയന്ത്രിക്കണം. പ്രതിഷേധങ്ങൾക്ക് പുതിയ രീതികൾ വേണ്ടിവന്നേക്കാം. സ്പോർട്ട്സ് മൽസരങ്ങൾ കൂടുതലും ആളില്ലാത്ത സ്റ്റേഡിയങ്ങളിൽ റിക്കോഡ് ചെയ്ത് ടെലിവിഷൻ വഴി കാണിക്കുന്ന രീതി കുറച്ചുകാലം കൂടി തുടരേണ്ടിവന്നേക്കാം. മാളുകളും സിനിമാതിയേറ്ററുകളും കുറച്ചുകാലം കൂടി അടഞ്ഞുകിടക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. തുറന്നാലും അവിടെ പോകാതിരിക്കാനുള്ള തീരുമാനം നമുക്ക് സ്വയം എടുക്കാവുന്നതാണ്. എന്നാൽ വിദ്യഭ്യാസസ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിടാൻ നമുക്കു കഴിഞ്ഞെന്നു വരില്ല. കുട്ടികൾക്ക് ക്ലാസ്സ്മൂറിയിലെ അനുഭവം വളരെ വിലപ്പെട്ടതാണ്; അതവർക്ക് നിഷേധിക്കാൻ പാടില്ല. ഇതുപോലുള്ള നിയന്ത്രണങ്ങൾക്കൊപ്പം വ്യക്തിസുരക്ഷക്കായി മാസ്കുകൾ ധരിക്കുകയും കൈ ഇടക്കിടക്ക് കഴുകുകയു, മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഒരു വലിയ ദുരന്തം ഒഴിവാക്കാൻ കേരളത്തിനുകഴിഞ്ഞു. മാർച്ച് മാസത്തോടെ പല അന്താരാഷ്ട്ര ശാസ്ത്ര വേദികളിലും പ്രത്യക്ഷപ്പെട്ട പ്രവചനങ്ങളിൽ ഏപ്രിൽ മാസം പകുതിയോടെ കേരളത്തിൽ എട്ടുലക്ഷത്തോളം രോഗികളും ‑അവരിൽ ഒരു ലക്ഷത്തോളം പേർ ആശുപത്രി അഡ്മിഷൻ ആവശ്യമുള്ളവർ- ആയിരക്കണക്കിനു മരണങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അത് പരിപൂർണ്ണമായും ഒഴിവാക്കാൻ നമുക്കു കഴിഞ്ഞു. ലോകത്തിനു മാതൃകയായ ഒരു സ്ഥാനം തുടർന്നും നിലനിർത്താൻ നമുക്കാവുമെന്നു പ്രതീക്ഷിക്കാം.