2018 മാർച്ചുമാസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോകത്തെ അവസാന ആൺ വെള്ള കാണ്ടാമൃഗം “സുഡാൻ’ ഓർമയായി. കെനിയയിലെ പരിപാലകരാണ് സുഡാന്റെ മരണം സ്ഥിരീകരിച്ചത്. 45 വയസ്സായിരുന്നു. കെനിയയിലെ നാന്യൂക്കിൽ സ്ഥിതിചെയ്യുന്ന ഒൽ പ്രജറ്റ സംരക്ഷണ കേന്ദ്രത്തിലായിരുന്നു സുഡാനെ പരിപാലിച്ചുപോന്നിരുന്നത്. മാസങ്ങളായി കാണ്ടാമൃഗം വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് അവശതയിലായിരുന്നു. ഇനി ഈ വർഗത്തിൽപ്പെട്ട രണ്ടു പെൺ കാണ്ടാമൃഗങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിൽ ഒന്ന് മകൾ നാജിനും മറ്റൊന്ന്, ഇതിന്റെ മകൾ ഫാറ്റിയൂയും ആണ്. വലിപ്പവും നിറവും കൊണ്ട് ആരാധകരെ ഏറെ ആകർഷിച്ചവനായിരുന്നു സുഡാൻ. 2009ൽ ആണ് ഇതിനെ കെനിയയിൽ എത്തിച്ചത്. ബാക്കിയുള്ള രണ്ടു പെൺ കാണ്ടാമൃഗങ്ങളുടെ അണ്ഡം ഉപയോഗിച്ച് കൃത്രിമ ഗർഭധാരണത്തിലൂടെ മാത്രമേ വെള്ള കാണ്ടാമൃഗങ്ങളുടെ വർഗം ഇനി നിലനിർത്താൻ സാധിക്കുകയുള്ളൂ. 1970കളിൽ 20, 000 കാണ്ടാമൃഗങ്ങൾ കെനിയയിൽ ഉണ്ടായിരുന്നെങ്കിലും 1990 ആവുമ്പോഴേക്കും ഇത് 400 എണ്ണം മാത്രമായി. നിലവിൽ 650 എണ്ണം മാത്രമാണുള്ളത്.
അവസാനിക്കാത്ത നിര
ചരിത്രം പരിശോധിച്ചാൽ ഇങ്ങനെ വംശനാശം സംഭവിച്ച ജീവിവർഗങ്ങൾ ഇനിയും ഒരുപാട് ഉണ്ടെന്നു മനസിലാകും. ഇപ്പോഴത്തെ സ്ഥിതിയിൽ ഇനിയും ഒരുപാട് ജീവികൾ അപ്രത്യക്ഷം ആയേക്കാം. ആന, സിംഹവാലൻ കുരങ്ങ്, കാട്ടുചുണ്ടെലി, കാട്ടുനച്ചെലി, നെല്ലെലി, ഈനാംപേച്ചി, കാട്ടുനായ, ചെന്നായ, മീൻപൂച്ച, കടുവ, വരയാട് തുടങ്ങിയവയെല്ലാം വംശനാശത്തിന്റെ വക്കിലാണെന്ന് സർക്കാർ പഠനം വ്യക്തമാക്കുന്നു. ചാമ്പൽ അണ്ണാൻ, യൂറേഷ്യൻ നീർനായ, പുള്ളിപ്പുലി തുടങ്ങിയവ ഉടൻ അപകടത്തിലാകുന്ന ജീവികളായും കണക്കാക്കുന്നുണ്ട്.
കേരളത്തിലെ കഥ
ഉരഗവർഗങ്ങളിൽ ചൂണ്ടൻ കടലാമയാണ് തീർത്തും കാണാതായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവർഗം. ചൂരലാമ, കടലാമ, കാരാമ, ഭീമനാമ, ചിത്രയാമ എന്നിവയും നീലവയറൻ മരയരണ, വയനാടൻ മരപ്പല്ലി, കങ്കാരു ഓന്ത് എന്നിവയും വംശനാശ ഭീഷണി നേരിടുന്നവയാണ്. 12 ഇനം പാമ്പുകളിൽ മലമ്പച്ചോലൻ പാമ്പ്, വയലറ്റ് പാമ്പ് എന്നിവ കാണാമറയത്താകുന്ന ജീവികളാണ്. തവളകളിൽ പത്ത് ഇനങ്ങളെ പൂർണമായും കാണാതായിട്ടുണ്ട്. കൈകാട്ടി തവള, മൂന്നാർ ഇലത്തവള, പുള്ളി പച്ചിലപ്പാറാൻ, പച്ചക്കണ്ണി ഇലത്തവള തുടങ്ങിയവയാണ് അവ. കേരളത്തിൽ 53 ഇനം തവളകളെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
ആവാസവ്യവസ്ഥയുടെ ശോഷണം
കേരളത്തിൽ വംശനാശ ഭീഷണിയുള്ള 57 ഇനം മീനുകളിൽ ആറെണ്ണത്തിന്റെ വംശമറ്റതായി കണക്കാക്കുന്നുണ്ട്. മഞ്ഞ കടന്ന, പൂക്കോടൻ പരൽ, ആനമല കൊയ്മ, അരുണാചലം കല്ലൊട്ടി തുടങ്ങിയവയാണവ. മലബാർ കൂരിയും നാടൻ മുഷിയും ആറ്റുവാളയും കളക്കൊടിയൻ പരലുമുൾപ്പെടെ വർഷങ്ങൾക്കുമുമ്പ് വരെ നമ്മുടെ തോട്ടിലും പുഴയിലുമെല്ലാം കണ്ടുവന്നിരുന്ന മത്സ്യങ്ങളെല്ലാം തന്നെ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിലുൾപ്പെടും. ആവാസവ്യവസ്ഥയുടെ ശോഷണമാണ് ജീവിവർഗങ്ങളുടെ തിരോധാനത്തിനും വംശനാശ ഭീഷണിക്കും കാരണമായതെന്ന് പഠനം പറയുന്നു.
ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു
തണ്ണീർത്തടങ്ങൾ നികത്തിയതും കുന്നുകളും വനപ്രദേശങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടതും ജീവിവർഗങ്ങളുടെ നാശത്തിന് ആക്കംകൂട്ടി. വേട്ടയാടലാണ് മൃഗങ്ങളുടെയും പക്ഷികളുടെയും നാശത്തിനുള്ള മറ്റൊരു കാരണം. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെയും വനങ്ങളുടെയും സംരക്ഷണത്തിനായി 15 വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളും രണ്ട് കടുവാ സങ്കേതങ്ങളും ഒരു കമ്യൂണിറ്റി റിസർവുമുൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയെണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
തിരിച്ചറിവുവേണം
ഭൂമിയിലുള്ളതെല്ലാം തനിക്കു സ്വന്തമാണ്, അതിനുവേണ്ടി എന്തും ചെയ്യാം എന്നിങ്ങനെയുള്ള മുഷ്കും ധാർഷ്ട്യവുമാണ് ജീവികളെയും പ്രകൃതിയെയും കൊന്നൊടുക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഇക്കോ സിസ്റ്റത്തിനു സംഭവിക്കുന്ന വ്യതിയാനങ്ങൾ, ആഗോളതാപനം, കാലാവസ്ഥാമാറ്റം, പ്രകൃതിക്കും ജീവജാലങ്ങൾക്കും അത്രതന്നെ സുഖകരമല്ലാത്ത അന്യസ്പീഷിസുകളുടെ കടന്നുകയറ്റം, മലിനീകരണത്തിന്റെ ത്വരിതഗതിയിലുള്ള വർധന, സ്വാർത്ഥമനോഭാവത്തോടെയുള്ള അമിതമായ പ്രകൃതിവിഭവചൂഷണം തുടങ്ങിയവ പരിസ്ഥിതിയുടെ സംതുലനാവസ്ഥക്ക് എന്നും വിഘാതമാണ. ജൈവവൈവിധ്യനാശം തന്റെ തന്നെ അവസാനത്തിലേക്കാണ് എത്തിച്ചേരുകയെന്ന തിരിച്ചറിവാണ് നമുക്കുവേണ്ടത്.
കണക്കെടുപ്പിൽ
ഓരോ ഇരുപതു മിനിറ്റിലും ഓരോ സ്പീഷീസ് നാശത്തിലേക്കു വീണുകൊണ്ടിരിക്കുകയാണ് എന്നാണ് കണ്ടെത്തൽ! സ്വാഭാവികമായുള്ള നാശത്തേക്കാൾ മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങൾ കൊണ്ടുള്ള നാശമാണ് പരിസ്ഥിതിക്ക് കോട്ടം. ഈയിടെ ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ IUCN ന്റെ ചുവന്നപട്ടികയിലുള്ള 47,677 സ്പീഷിസുകളിൽ 17,291 സ്പീഷിസുകൾ ഗുരുതരമായ വംശഭീഷണിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പുതുമുറക്കാർ വരുമ്പോൾ
മനുഷ്യൻ കണ്ടെത്താത്ത സസ്യങ്ങളും ജീവികളും ഇനിയുമെത്രയോ ഭൂമിയിലുണ്ട്. എന്നാൽ പുതുമുഖങ്ങൾ പരിചയപ്പെടുമ്പോഴേക്കും പഴയ ചങ്ങാതിമാർ എന്നന്നേക്കുമായി മൺമറയുന്നത് ആശങ്കാജനകമാണ്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നവയിൽ, വിഭാഗങ്ങൾ തിരിച്ച് ഇങ്ങനെ മനസ്സിലാക്കാം. സസ്തനികൾ- 21 ശതമാനം പക്ഷികൾ- 12 ശതമാനം ഉഭയജീവികൾ- 30 ശതമാനം ഉരഗങ്ങൾ- 28 ശതമാനം ശുദ്ധജല മൽസ്യങ്ങൾ- 37 ശതമാനം സസ്യങ്ങൾ- 70 ശതമാനം കശേരുക്കളില്ലാത്തവ- 35 ശതമാനം.
സ്വയം പാര മനുഷ്യർ
ഭൂമി സകല ജീവജാലങ്ങളുടെയും പെറ്റമ്മയും പോറ്റമ്മയുമാണല്ലോ. അതുകൊണ്ടുതന്നെ ഭൂമിയിലുള്ള സകല ജീവജാലത്തിനും അവ ജീവിക്കുന്ന സാഹചര്യങ്ങളോടും അനുകൂലനമുണ്ടായിരിക്കുമെന്നു തീർച്ചയാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ജീവിവർഗ്ഗത്തെ സഹായിക്കുന്നത് ഈ അനുകൂലനശേഷിയത്രെ. ഇങ്ങനെ അതിജീവിക്കാൻ കഴിയാതെ വരുമ്പോൾ മാത്രമാണ് ആ വർഗ്ഗം നശിച്ചുപോകരുത്. ഇന്നും ഇന്നലെയും എത്രയോ ജീവജാലം നശിച്ചുപോയി! നിരവധിയെണ്ണം കടുത്തവംശനാശഭീഷണി നേരിട്ടുകൊണ്ടുമിരിക്കുന്നു. ഇതിനുകാരണം പക്ഷേ, പ്രകൃതിദത്തമായ കാരണങ്ങളല്ല എന്നതാണ് പരമാർത്ഥം. പിന്നെ? മനുഷ്യൻ! മനുഷ്യൻ മാത്രം! മനുഷ്യൻ കാരണമായ ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണം, അമിതമായ കീടനാശിനി പ്രയോഗം, ആവാസ വ്യവസ്ഥകളിലെ മനുഷ്യന്റെ കടന്നുകയറ്റം എന്നീ കാരണങ്ങൾ തന്നെയാണ് വംശനാശം സംഭവിച്ച ജീവികൾക്കും ഇനി സംഭവിക്കാൻ പോകുന്നവയ്ക്കും നിദാനം. ശ്രദ്ധിക്കുക, മനുഷ്യൻ തന്നെ മനുഷ്യന്റെ ജീവനും ജീവിത പരിസരങ്ങൾക്കും ഫുൾസ്റ്റോപ്പിടുകയാണ് പരിസ്ഥിതിയെ തകർക്കുക മൂലം ചെയ്യുന്നത്.
English Summary: World wildlife day march 3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.