26 March 2024, Tuesday

Related news

January 22, 2024
January 19, 2024
January 1, 2024
September 10, 2023
September 9, 2023
August 24, 2023
July 19, 2023
July 14, 2023
July 11, 2023
June 16, 2023

ലോകം@2022; കലുഷിതം ലോകകാലം

Janayugom Webdesk
December 28, 2022 9:58 pm

ലാറ്റിനമേരിക്കയിലെ പിങ്ക് വസന്തം

കൊളംബിയ  1810 ജൂലായ് 20ന് സ്വതന്ത്രമായ കൊളംബിയയുടെ ആധുനിക ചരിത്രത്തിലെ ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റാണ് ഗുസ്റ്റാവോ പെട്രോ. ചരിത്രപരമായ യാഥാസ്ഥിതിക, വലതുപക്ഷ രാഷ്ട്രീയ സംസ്കാരമുള്ള രാജ്യമാണ് കൊളംബിയ. 2018 ല്‍ നടന്ന പ്രസി‍‍ഡന്റ് തെരഞ്ഞെടുപ്പില്‍ ഇവാന്‍ ഡുക്കവാണ് പെട്രോയെ പരാ‍ജയപ്പെടുത്തിയത്. സര്‍വ സീമകളും ലംഘിച്ച ഡുക്കുയിസത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. ഈ ജനകീയ പ്രക്ഷോഭത്തിന്റെ അഗ്നിമുഖത്താണ് ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ഗുസ്റ്റാവോ തെരഞ്ഞെടുക്കപ്പെട്ടത്.

ബ്രസീല്‍ തീവ്ര വലതുപക്ഷ നേതാവും പ്രസിഡന്റുമായിരുന്ന ജെയ്‍ര്‍ ബൊള്‍സൊനാരോയെ തോല്പിച്ചുകൊണ്ടാണ് ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി ഒന്നിന് പ്രസിഡന്റായി അധികാരമേല്‍ക്കും. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ അതിജീവിച്ചാണ് ലുലയുടെ തിരിച്ചുവരവ്‌. 2017ൽ അഴിമതിക്കേസിൽ കുടുക്കി 580 ദിവസം ജയിലിലടച്ചു. 2021 മാർച്ചിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെയാണ് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായത്.

ഹോണ്ടുറാസ് മധ്യഅമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാപ്രസിഡന്റായി ഇടതുസഹയാത്രിക സിയോമാര കാസ്ട്രോ അധികാരമേറ്റു. മുൻപ്രസിഡന്റ് മാനുവൽ സെലായയുടെ ഭാര്യയാണ്. 12 കൊല്ലം നീണ്ട പോരാട്ടത്തിനൊടുവിലാണ് നവംബർ അവസാനം നടന്ന തെരഞ്ഞെടുപ്പിൽ സിയോമാരയുടെ വിജയം.

ചിലി ചിലിയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ്‌ ഗബ്രിയേല്‍ ബോറിക്കിന് ഉജ്ജ്വല വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ്‌ ഗബ്രിയേല്‍ ബോറിക്ക്‌.

പുലിസ്റ്റര്‍ പ്രെെസ്

2022 മേയ് ഒമ്പതിനാണ് ഇ വര്‍ഷത്തെ പുലിസ്റ്റര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അദ്നാന്‍ അബിദി, സന്ന ഇര്‍ഷാദ് മറ്റോ, അമിത് ദേവെ, കൊല്ലപ്പെട്ട റോയിറ്റേഴ്സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും പുലിസ്റ്റര്‍ പ്രെെസ് ലഭിച്ചത്. നാല് പേരും റോയിറ്റേഴ്സ് ഫോട്ടോഗ്രാഫര്‍മാരാണ്.

ഏങ്ങുമെത്താതെ കോപ് 27 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന വികസ്വര രാഷ്‌ട്രങ്ങൾക്കായി നഷ്‌ടപരിഹാരനിധി രൂപീകരിക്കാന്‍ നവംബര്‍ ആറ് മുതല്‍ 18 വരെ ഈജിപ്തില്‍ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയില്‍ ഏകദേശ ധാരണയായി. കാലാവസ്ഥാ സംരക്ഷണത്തിലേക്ക് ലോകത്തിന് വലിയ പ്രതീക്ഷയൊന്നും നല്‍കാതെയാണ് ഉച്ചകോടി സമാപിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

മസ്കിന്റെ കൂട്ടിലായ ട്വിറ്റര്‍ കിളി

44 ബില്യണ്‍ ഡോളറിന്റെ കരാറിനാണ് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്ക് മുന്നോട്ടുവന്നത്. ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച വേളയിലാണ് ട്വിറ്ററിലെ ആകെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം മസ്കിന്റെ ആവശ്യപ്പെട്ടത്. ഇതിനോട് ട്വിറ്റര്‍ താല്പര്യം കാണിക്കാതെ വന്നതോടെ ഇടപാടില്‍ നിന്ന് പിന്‍മാറുകയാണെന്നറിയിച്ച് മസ്‌ക് രംഗത്തെത്തി. പിന്നാലെ മസ്‌ക് ഏറ്റെടുക്കൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ട്വിറ്റര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിയന്ത്രണം ഏറ്റെടുത്തതോടെ സിഇഒ ആയിരുന്ന പരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെ ട്വിറ്റര്‍ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെ ഇലോണ്‍ മസ്‌ക് പുറത്താക്കി. ഏറ്റവുമൊടുവില്‍ അഭിപ്രായ സര്‍വേയ്ക്ക് പിന്നാലെ ട്വിറ്ററിന്റെ സിഇഒ സ്ഥാനം മസ്ക് ഒഴിഞ്ഞു.

ഭീതിയായി എംപോക്സ്

കോവിഡ് മഹാമാരിയില്‍ നിന്ന് ലോകം പതിയെ കരകയറുന്നതിനിടെ 2022ല്‍ ലോകത്തിന് ഭീഷണിയായി വാനരവസൂരിയെന്ന എംപോക്സും പടര്‍ന്നു പിടിച്ചു. ആഫ്രിക്കന്‍ രാജ്യമായ നെെജീരിയയില്‍ നിന്ന് യുകെയിലേക്ക് എത്തിയ രണ്ട് പേരിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ ലോകാരോഗ്യ സംഘടന എംപോക്സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. 59 രാജ്യങ്ങളിലായി 6,027 എംപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരാവുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ വസൂരി ലക്ഷണങ്ങളുമായി വളരെ സാമ്യമുള്ളതാണ്. വംശീയ ചുവയുള്ളതാണെന്ന വിമര്‍ശനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന രോഗത്തിന്റെ പേര് എംപോക്സെന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂലോകം@ 2022


2022 ന്റെ നഷ്ടങ്ങള്‍

എലിസബത്ത് രാ‍ജ്ഞി

ബ്രീട്ടീഷ് രാജ്ഞി എലിസബത്ത് സെപ്തംബര്‍ എട്ടിനാണ് വിടപറഞ്ഞത്. 96 വയസായിരുന്നു. ഏറ്റവും അധികം കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 70 വര്‍ഷമാണ് രാജ്ഞി പദവിയിലിരുന്നത്. ലോകമഹായുദ്ധങ്ങളില്‍ സെനികസേവനമനുഷ്ഠിച്ച രാജകുടുംബാംഗത്തിലെ ഏക വനിതയാണ്. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാ‍ജ്ഞി പദവിയില്‍ എത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ ചിത്രമുള്ള ഭരണാധികാരിയും എലിസബത്ത് രാജ്ഞിയാണ്.

ഷിന്‍സോ ആബെ

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സു ആബെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൂലെെ എട്ടിന് വെടിയേറ്റ് മരിക്കുകയായിരുന്നു. ജപ്പാനില്‍ ദീര്‍ഘകാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നേതാവാണ് ഷിന്‍സോ ആബെ. ആബെ പ്രധാനമന്ത്രി ആയിരിക്കെയാണ് ജപ്പാന്‍ അയല്‍രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതും സമ്പദ് ‌വ്യവസ്ഥ മെച്ചപ്പെടുന്നതും. ഷിന്‍സു ആബെയുടെ ശവസംസ്കാരച്ചടങ്ങുകള്‍ നാല് ദിവസത്തിനുശേഷമാണ് ടോക്യോയില്‍ പൂര്‍ത്തിയായത്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ സംസ്കാരച്ചടങ്ങുകളിലൊന്നായിരുന്നു ഷിന്‍സോയുടേത്.

മിഖായേല്‍ ഗോര്‍ബച്ചേവ്

സോവിയറ്റ് യൂണിയന്‍ നേതാവായ മിഖായേല്‍ ഗോര്‍ബച്ചേവ് ഓഗസ്റ്റ് 30നാണ് അന്തരിച്ചത്. 91 വയസായിരുന്നു. റഷ്യയുടെ ഭാഗമായ പ്രിവോല്‍നോയില്‍ 1931 മാര്‍ച്ച് രണ്ടിനാണ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒ‌ാഫ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്നു. 1990 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ശീതസമരം രക്തരഹിതായി അവസാനിപ്പിച്ചതിനാണ് പുരസ്കാരം ലഭിച്ചത്. 1952ലാണ് ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്. 1955ല്‍ നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. 1971 ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ജിയാങ് സെമിന്‍

മുന്‍ ചെെനീസ് നേതാവ് ജിയാങ് സെമിന്‍ നവംബര്‍ 30 ന് അന്തരിച്ചു. ടിയാനെന്‍മെന്‍ സ്ക്വയര്‍ പ്രക്ഷോഭത്തിന് ശേഷമാണ് ജിയാങ് സെമിന്‍ ചെെനയുടെ ഭരണനേതൃത്വത്തില്‍ എത്തിയത്. 1993 മുതല്‍ 2003 വരെ ചെെനയുടെ പ്രസിഡന്റായിരുന്നു. 1989 മുതല്‍ 2002 വരെ ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും 1989 മുതല്‍ 2004 വരെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. 1997 ല്‍ ഹോങ്കോങ് സമാധാനപരമായി കെെമാറ്റം ചെയ്തതില്‍ നിര്‍ണായക പങ്കാണ് സെമിന്‍ വഹിച്ചത്. ലോക വ്യാപാര സംഘടനയിലേക്കുള്ള ചെെനയുടെ കടന്നുവരവിനും സെമിന്‍ കാരണമായി.

ഷെയ്ഖ് ഖലീഫ ബിന്‍ സയ്‍ദ്

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സയ്‍ദ് അല്‍ നഹ്യാന്‍ മേയ് 13 നാണ് അന്തരിച്ചത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നെടുനായകത്വം വഹിച്ച ഭരണാധികാരിയായിരുന്നു. യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി.

ജീൻ ലൂക് ഗൊദാർദ് 

ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകൻ ജീൻ ലൂക് ഗൊദാർദ് സെപ്റ്റംബര്‍ 13നാണ് അന്തരിച്ചത്. സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ ഗൊദാർദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.