മഴ ചതിച്ചില്ല, പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം

Web Desk
Posted on June 17, 2019, 1:20 am

മാഞ്ചസ്റ്റര്‍: ഒത്ത് പിടിച്ചാല്‍ മലയും പോരുമെന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ഇന്ത്യ ഒത്തൊരുമയോടെ കളിച്ചപ്പോള്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യയ്ക്ക് സ്വന്തം. 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ഇന്ത്യയുയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍റെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 നില്‍ക്കെയാണ് വില്ലനായി മഴയെത്തിയത്. 35 ഓവറില്‍ മഴ കളി മുടക്കിയപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്ഥാന് വിജയലക്ഷ്യം 40 ഓവറില്‍ 302 ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു. അതോടെ പാകിസ്ഥാന് ബാക്കിയുള്ള അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ. എന്നാല്‍ 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനെ പാകിസ്ഥാന് കഴിഞ്ഞുള്ളു. ജയത്തോടെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ഏഴിലും ഇന്ത്യതന്നെ ജയിച്ചു.

ഒത്തൊരുമയോടെ പാകിസ്ഥാനെ അടിച്ച് ചുരുട്ടുകയും എറിഞ്ഞൊതുക്കുകയും ചെയ്തതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. പരിക്കേറ്റ ശിഖര്‍ ധവാനുപകരം രോഹിത് ശര്‍മ്മയ്ക്ക് കൂട്ടിനെത്തിയത് കെ എല്‍ രാഹുലായിരുന്നു. കരുതലോടെ കളിച്ച ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. രാഹുല്‍ 78 പന്തില്‍ നിന്ന് 57 റണ്‍സും രോഹിത് 113 പന്തില്‍ 140 റണ്‍സും നേടി. 65 പന്തില്‍ 77 റണ്‍സ് നേടിയ കോലി മടങ്ങിയത് അര്‍ഹിക്കാത്ത വിക്കറ്റ് അമിറിന് സമ്മാനിച്ചാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യന്‍ ബൗളറന്മാര്‍ കണക്കിന് ശിക്ഷിച്ചു. മികച്ച രീതിയില്‍ പന്തെറിഞ്ഞുകൊണ്ടിരുന്ന ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാല്‍ പിന്നാലെ പന്തെറിഞ്ഞ വിജയ് ശങ്കര്‍ ആദ്യ വിക്കറ്റ് നേടി. ഇന്ത്യയ്ക്കായു വിജയ് ശങ്കറും, ഹാര്‍ദ്ദിക് പാണ്ഡയും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം നേടി.