ഇന്ത്യക്ക് മടക്കം

Web Desk
Posted on July 10, 2019, 7:44 pm

മാഞ്ചസ്റ്റര്‍: ലോകകപ്പ് ആവേശകരമായ സെമിഫൈനലില്‍ ഇന്ത്യയ്ക്ക് കണ്ണീരോടെ മടക്കം. ഇന്ത്യയ്‌ക്കെതിരെ 18 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. 240 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221 റണ്‍സില്‍ പുറത്താകുകയായിരുന്നു. മുന്‍നിരതാരങ്ങള്‍ തകര്‍ന്നടിഞ്ഞ ടീമില്‍ എം എസ് ധോണിയുടെയും(50) രവീന്ദ്ര ജഡേജയുടെയും(77) അര്‍ധ സെഞ്ചുറികള്‍ക്ക് ഇന്ത്യന്‍ ടീമിനെ രക്ഷിക്കാനായില്ല. ഇതോടെ ഫൈനലിലേക്കുളള ആദ്യ ടിക്കറ്റ് ന്യൂസിലന്‍ഡ് എടുത്തു കഴിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ന്യൂസിലാന്‍ഡ് ഫൈനലിലെത്തുന്നത്. ഇന്ത്യ സെമി ഫൈനലില്‍ വീണതും ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ്.
92 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും എം എസ് ധോനിയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ ധോണിയും പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സെന്ന വിജയലക്ഷ്യം മികച്ച ഫോമിലുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയാവില്ലെന്നായിരുന്നു നേരത്തേ കരുതിയത്. എന്നാല്‍ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് ഉജ്ജ്വലമായി പന്തെറിഞ്ഞ കിവികള്‍ ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരും മടങ്ങി. രോഹിത് ശര്‍മ (1), കെ എല്‍ രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ യാതൊരു സംഭാവനകളുമില്ലാതെ പുറത്തായി. 25 പന്തുകള്‍ നേരിട്ട് ആറു റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റി മടക്കി. പിന്നാലെ റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ആറാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. 56 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത റിഷഭ് പന്തിനെ പുറത്താക്കി മിച്ചല്‍ സാന്റ്‌നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 62 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയേയും സാന്റ്‌നര്‍ തന്നെ മടക്കി.
നേരത്തെ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ നായകന്‍ റോസ് ടെയ്‌ലറുടെയും (74) ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെയും (67) ഇന്നിങ്‌സുകളാണ് കിവികളെ മാന്യമായ സ്‌കോറിലെത്തിച്ചത്. 90 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ടെയ്‌ലറുടെ ഇന്നിങ്‌സ്. വില്ല്യംസണ്‍ 95 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് 67 റണ്‍സെടുത്തത്. മറ്റുള്ളവരൊന്നും 30 റണ്‍സ് തികച്ചില്ല. ഹെന്റി നിക്കോള്‍സ് (28), കോളിന്‍ ഡി ഗ്രാന്‍ഡോം (16), ജെയിംസ് നീഷാം (12), ടോം ലാതം (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചു നിന്നത് ഭുവനേശ്വര്‍ കുമാറായിരുന്നു. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് വിട്ടുകെടുത്ത് ഭുവി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ടോസിനു ശേഷം ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ അഞ്ചിന് 211 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്. പിന്നീട് കളി പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് മല്‍സരത്തിന്റെ ശേഷിച്ച ഭാഗം റിസര്‍വ് ദിനമായ ഇന്നലത്തേക്കു മാറ്റുകയായിരുന്നു.