Saturday
19 Oct 2019

പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്

By: Web Desk | Sunday 16 June 2019 2:32 PM IST


മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ലോകം  കാത്തിരുന്ന ആ ഗ്ലാമര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. മഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍  നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിലേക്ക് തന്നെയാണ് ലോകം ഉറ്റുനോക്കുന്നതും. മൈതാനത്തിന് പുറത്തേക്ക് നീണ്ട പോരാട്ടത്തില്‍ മത്സരം കൈപ്പിടിയിലൊതുക്കുക  എന്നത് അത്മാഭിമാനത്തിന്‍റെ കൂടി പ്രശ്നമാണ്. 150 കോടിയിലധികം ആരാധകര്‍ കാത്തിരുന്ന സൂപ്പര്‍ പോരാട്ടം മഴയെടുക്കുമോയെന്ന പേടിയുമുണ്ട്.

രണ്ടുവര്‍ഷം മുമ്പ്, ലണ്ടനിലെ ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ കപ്പുയര്‍ത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍  ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

കടലാസിലെ കണക്കുകള്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും പാകിസ്ഥാനെ എഴുതി തളളാന്‍ സാധിക്കില്ല. ഇന്ത്യയെ തോല്‍പ്പിച്ച് നാണക്കേടിന്റെ ആ റെക്കോഡ് മറികടക്കാനാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്.

ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ചേരുന്നതോടെ ഇന്ത്യയുടെ ബൗളിങ് നിര കരുത്തുറ്റതാകും. കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച രീതിയിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നത്. വിക്കറ്റുകള്‍ കണ്ടെത്തുന്നതിലും ഇവര്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. ഏകദിന റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ താരമായ ജസ്പ്രീത് ബുംറയിലാണ് ഇന്ത്യന്‍ ബൗളിങ് പ്രതീക്ഷ. ഡെത്ത് ഓവറുകളില്‍ റണ്‍സ് പിടിച്ചുനിര്‍ത്താനും ബാറ്റ്‌സ്മാനെ വട്ടംകറക്കാനും ബുംറയുടെ മിടുക്ക് ഏറെ പ്രശംസനീയമായതാണ്.

ബൗളിങ് കുന്തമുനയില്‍ ഭുവേശ്വര്‍ കുമാറാണ് മറ്റൊരു താരം. ലെങ്ത്ത് ആയുളള ബൗളിങ്ങാണ് ഭുവിയെ മികച്ചതാക്കുന്നത്. പവര്‍പ്ലേകളില്‍ റണ്‍സൊഴുക്ക് തടയാനും വിക്കറ്റുകള്‍ വീഴ്ത്താനും ഭുവി മിടുക്കനാണ്. സ്പിന്നിന്റെ നിയന്ത്രണം ചാഹലിനാണ്. യുവതാരം വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ കേമനാണ്. ഐപിഎല്ലിലും മറ്റു മത്സരങ്ങളിലും ചാഹല്‍ ഇത് തെളിയിച്ചിട്ടുണ്ട്.
ബാറ്റിങ്ങില്‍ ശിഖര്‍ ധവാന്റെ പരിക്ക് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് ആശങ്കകളൊന്നുമില്ല. ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും എംഎസ് ധോണിയും അടങ്ങുന്ന ബാറ്റിങ്‌നിര മികവിലേക്കുയരുമെന്നാണ് കരുതുന്നത്. സെഞ്ചുറികളും അര്‍ധ സെഞ്ചുറികളാലും ഇന്ത്യയുടെ ബാറ്റിങ് മുന്‍നിര റണ്‍സ് കണ്ടെത്തുന്നുണ്ട്. ബൗളിങ് പോലെ തന്നെ ബാറ്റ്‌സാമാന്‍മാരുടെ ഏകദിനറാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാമത്. കോലിയും രോഹിത് ശര്‍മയും തന്നെയാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ നെടുംതൂണ്. അവസാന ഓവറുകളില്‍ അടിച്ചു കളിക്കാനായി എംഎസ് ധോണിയും ഹാര്‍ദിക് പാണ്ഡ്യയും സജ്ജമാണ്. റണ്‍സിന്റെ വേഗത കൂട്ടുന്നതിന് ആവശ്യമായി വരുമ്പോള്‍ പാണ്ഡ്യയെയാണ് സമീപിക്കാറുളളത്.

Related News