ലോകത്തെ ഭീമന്‍ വിമാനം വിജയകരമായി പറന്നുയര്‍ന്നു

Web Desk
Posted on April 15, 2019, 10:44 am

വാഷിംഗ്ടണ്‍: ഉപഗ്രഹ വിക്ഷേപണ ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ വിമാനം ‘റോക്ക്’ വിജയകരമായി പറന്നുയര്‍ന്നു. സ്ട്രാറ്റോലോഞ്ച് എന്ന കമ്പനി  നിര്‍മ്മിച്ച വിമാനം കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ മോജാവേ എയര്‍ ആന്‍ഡ് സ്‌പെയ്‌സ് പോര്‍ട്ടില്‍ നിന്നാണ് ടേക്കോഫ് ചെയ്തത്. വിമാനം രണ്ട് മണിക്കൂറോളം പറന്നു. അമേരിക്കന്‍ വ്യോമസേനാ മുന്‍ പൈലറ്റായ ഇവാന്‍ തോമസാണ് വിമാനം പറത്തിയത്.

പത്ത് കിലോമീറ്റര്‍ വരെ ഉയരത്തില്‍ എത്തിയ ശേഷം ഉപഗ്രഹങ്ങളെ 300 കിലോമീറ്റര്‍ മുതല്‍ 1200 കിലോമീറ്റര്‍ വരെയുള്ള താഴ്ന്ന ഭ്രമണപഥങ്ങളിലേക്ക് ( ലോ എര്‍ത്ത് ഓര്‍ബിറ്റ് ) വിക്ഷേപിക്കാന്‍ ഈ വിമാനത്തിന് കഴിയും. നിലവില്‍ ഭൂമിയില്‍ നിന്ന് റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനേക്കാള്‍ ചെലവ് കുറവായിരിക്കും. റോക്കറ്റിനേക്കാള്‍ കുറച്ച് ഇന്ധനം മതി വിമാനത്തിന്. അടുത്ത വര്‍ഷം ആദ്യ ഉപഗ്രഹം വിക്ഷേപിക്കും.

ബഹിരാകാശ ഗവേഷണത്തില്‍ കുതിച്ചു ചാട്ടത്തിന് കളമൊരുക്കിയ ഈ വിമാനം മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായിരുന്ന അന്തരിച്ച പോള്‍ അലന്റെ സ്വപ്ന സാക്ഷാത്കാരമാണ്.