June 5, 2023 Monday

ലോകത്തെ ഏറ്റവും വേഗമേറിയ ഡ്രൈവർരഹിത ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങി

Janayugom Webdesk
January 10, 2020 12:11 pm

ബെയ്ജിങ്: തലസ്ഥാനത്തെയും ഴാങ്ജിയാക്കോവിനെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് പുതിയ ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിൻ സർവീസ് തുടങ്ങി. 350 കിലോമീറ്ററാണ് മണിക്കൂറിൽ ഇതിന്റെ വേഗത. ലോകത്തിലെ ഏറ്റവും വേഗമേറിയ ഡ്രൈവറില്ലാത്ത ബുള്ളറ്റ് ട്രെയിൻ എന്ന പ്രത്യേകതയുമുണ്ട്.
2022 ശീതകാല ഒളിമ്പിക്സും പരാലിമ്പിക് ഗെയിംസും വരുന്ന പശ്ചാത്തലത്തിലാണ് പുതിയ ട്രെയിൻ സർവീസ് തുടങ്ങിയത്. ഈ മത്സരങ്ങള്‍ക്ക് എത്തുന്നവരുടെ യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ട്രെയിൻ. ബെയ്ജിങിൽ നിന്ന് ഴാങ്ജിയാക്കോവിൽ നിലവിൽ മൂന്ന് മണിക്കൂർ കൊണ്ടേ എത്തിച്ചേരാനാകൂ. പുതിയ ട്രെയിൻ സർവീസ് തുടങ്ങിയതോടെ ഇത് ഒരു മണിക്കൂറായി കുറയും. ചിലത് 45 മിനിറ്റ് കൊണ്ട് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. 1909ൽ ഇരുനഗരങ്ങൾക്കുമിടയിൽ ട്രെയിൻ സർവീസ് തുടങ്ങുമ്പോള് ‍ഈ യാത്രയ്ക്ക് എട്ട് മണിക്കൂർ വേണമായിരുന്നു.
പുതിയ ട്രെയിൻ തനിയെ സ്റ്റേഷനിൽ നിന്ന് പുറപ്പെടുകയും നിർത്തേണ്ട സ്ഥലങ്ങളിൽ നിർത്തുകയും ചെയ്യും. വേഗത വ്യത്യാസപ്പെടുന്നതിനും സംവിധാനമുണ്ട്. എങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനായി ഒരാൾ ഉണ്ടാകും.
പുതിയ ബുള്ളറ്റ് ട്രെയിന് വേണ്ടിയുള്ള ജിങ്ഴാങ് ഇന്റർസിറ്റി റയിൽപാത നാല് വർഷം കൊണ്ടാണ് പൂർത്തികരിച്ചത്. പത്ത് സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ചൈനയിലെ വൻമതിൽ സന്ദർശിക്കാനുള്ള സ്റ്റേഷനടക്കമുള്ളവ ഇതിൽ പെടുന്നു. ഒളിമ്പിക് വില്ലേജിന് സമീപവും സ്റ്റേഷനുണ്ട്.
ശീതകാല ഒളിമ്പിക്സിന് വേണ്ടിയുള്ള ഉപകരണങ്ങൾ സൂക്ഷിക്കാനും അങ്ങോട്ടുമുങ്ങോട്ടും കൊണ്ടുപോകാനുമുള്ള വലിയ കാബിനുകളും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. 5ജി ടച്ച് സ്ക്രീൻ കൺട്രോൾപാനലുകളുള്ള സീറ്റുകളാണ് ഉള്ളത്. ആയിരക്കണക്കിന് തത്സമയ സുരക്ഷാ സെന്‍സറുകളും വീൽചെയറുകളിലെത്തുന്ന യാത്രക്കാർക്ക് വേണ്ടി മാറ്റി വയ്ക്കാവുന്ന സീറ്റുകളും ഇതിലുണ്ട്. മുഖം തിരിച്ചറിയിൽ സംവിധാനവും ദിശ അറിയാനും മറ്റും സഹായിക്കുന്നതിനായി റോബോട്ടുകളും ട്രെയിനിലുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖകളോ പാസ്പോർട്ടോ ടിക്കറ്റ് പരിശോധന കേന്ദ്രങ്ങളിൽ സ്വൈപ് ചെയ്താൽ മതിയാകും.
World’s fastest dri­ver­less bul­let train launch­es in China 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.