നിരോധനം അവഗണിച്ചും ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നേപ്പാളിൽ കരുത്തിന്റെ ദേവതയെ പ്രീതിപ്പെടുത്തുന്ന പതിവ് ആഘോഷത്തിന് ഒത്തുചേർന്നത് പതിനായിരങ്ങൾ

Web Desk
Posted on December 03, 2019, 2:58 pm

കാഠ്മണ്ഡു: ദക്ഷിണ നേപ്പാളിലെ ഗധിമായ് ഉത്സവത്തിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ഹൈന്ദവ വിശ്വാസികൾ ഒത്തുചേർന്നു. ശക്തിയുടെ ദേവതയെ പ്രീതിപ്പെടുത്താനായി നടക്കുന്ന മൃഗബലിയാണ് ആഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗബലിയാണ് ഇവിടെ അരങ്ങേറുന്നത്.
കോടതി ഉത്തരവും മൃഗസ്നേഹികളുടെ ആഹ്വാനങ്ങളും കാറ്റിൽ പറത്തിയാണ് ഇത് സംഘടിപ്പിക്കുന്നത്. ഇന്നലെയാണ് ഈ ആഘോഷം തുടങ്ങിയത്. അഞ്ച് വർഷത്തിലൊരിക്കലാണ് ഇന്ത്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ബരിയാപുർ ഗ്രാമത്തിളെ ക്ഷേത്രത്തിൽ ഈ മൃഗബലി നടക്കാറുള്ളത്.
2014ലെ ഗധിമായ് ആഘോഷത്തിൽ എലി മുതൽ ആട് വരെയുള്ള രണ്ട് ലക്ഷം മൃഗങ്ങളെയാണ് ഇവിടെ കൊന്നു തള്ളിയത്.
ദിവസങ്ങൾക്ക് മുമ്പ് തന്നെ ഭക്തർ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിത്തുടങ്ങിയിരുന്നു. ഇവർ ക്ഷേത്രത്തിലേക്കുള്ള പാതയുടെ ഇരുവശത്തും തമ്പടിച്ച് അവിടെത്തന്നെ ഭക്ഷണം പാചകം ചെയ്തും കഴിച്ചും കഴിയുകയാണ്. റോഡിനരികത്ത് ബലികഴിക്കാനുള്ള പോത്തുകളടക്കമുള്ള മൃഗങ്ങളെയും കെട്ടിയിട്ടിരിക്കുന്നത് കാണാം.
ഇന്ത്യയിൽ നിന്നും നിരവധി പേർ ഇതിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. സാബു സഹാനി എന്ന ഇരുപത്തഞ്ചുകാരൻ കുടുംബത്തോടൊപ്പം എത്തിയിട്ടുണ്ട്. തന്റെ വഴിപാടായി ആടുകളെയാണ് ഇദ്ദേഹം കൊണ്ടുവന്നിട്ടുള്ളത്. തനിക്ക് ഇതുവരെ മക്കളില്ലായിരുന്നുവെന്നും ഇപ്പോൾ തന്റെ ഭാര്യ ഒരു മകൾക്ക് ജന്മം നൽകിയെന്നും അത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അതിനുള്ള പ്രതിഫലമാണ് ഈ ആടുകളെന്നും അയാൾ പറഞ്ഞു.
ഇവിടെ എത്തുന്ന മൃഗങ്ങളിലേറെയും ഇന്ത്യയിൽ നിന്നുള്ള ലൈസന്‍സില്ലാത്ത വ്യാപാരികളും തീർഥാടകരും കൊണ്ടുവരുന്നതാണ്. ചിലയിടങ്ങളിൽ വച്ച് ഇന്ത്യൻ സുരക്ഷാ സേന ഇവരെ പിടികൂടാറുമുണ്ട്.
കോടതി ഉത്തരവിനെ തുടർന്ന് 2015ൽ ക്ഷേതാധികൃതർ ഈ ആഘോഷം നിരോധിച്ചിരുന്നു. ഇതോടെ ഈ ക്രൂരത അവസാനിച്ചെന്ന് പ്രതീഷിച്ചതാണ് പലരും. എന്നാൽ ഇക്കൊല്ലവും ഇവിടെ ഇത് അരങ്ങേറുകയാണ്.
നിയമം നടപ്പാക്കുന്നതിൽ സർക്കാരും ക്ഷേത്രവും പരാജയപ്പെട്ടെന്ന് മൃഗാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ഇത് നിരുത്സാഹപ്പെടുത്താൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ല. ആരുടെയും വിശ്വാസത്തിൽ കൈകടത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇവരുടെ നിലപാടെന്നും മൃഗാവകാശ പ്രവർത്തകനായ മനോജ് ഗൗതം പറഞ്ഞു.
അതേസമയം ക്ഷേത്രത്തിലെ പൂജാരി മംഗൽ ചൗധരി ക്ഷേത്രം ഈ ആചാരത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് പ്രതികരിക്കാൻ തയാറായില്ല. പത്ത്തലമുറകളായി അദ്ദേഹത്തിന്റെ കുടുംബമാണ് ഈ ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത്. തങ്ങൾ പാരമ്പര്യം പിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ക്ഷേത്രത്തിന് പുറത്ത് വിശ്വാസികൾ എന്ത് ചെയ്യുന്നുവെന്ന് തങ്ങൾ ശ്രദ്ധിക്കാറില്ല. അവർ അവരുടെ ഇഷ്ടമാണ് അതെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകൾക്ക് മുമ്പാണ് ഇവിടെ ആദ്യമായി ഇത്തരത്തിൽ ബലി നടന്നത്. ഹിന്ദു ദേവതയായ ഗധിമായ് ഒരു ജയിലിലെ തടവുകാരന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടെന്നും തനിക്കായി ഒരു ക്ഷേത്രം പണിയാൻ അയാളോട് ആവശ്യപ്പെട്ടെന്നുമാണ് ഐതിഹ്യം. ഉറക്കമുണർന്ന അയാളുടെ ജയിലറ തനിയെ തുറക്കുകയും അയാൾക്ക് പുറത്ത് കടക്കാൻ സാധിക്കുകയും ചെയ്തു. പിന്നീട് അയാൾ ക്ഷേത്രം പണിയുകയും നന്ദി പ്രകാശമായി ബലി നടത്തുകയും ചെയ്തുവത്രേ. ഇത് പിന്നീട് തുടരർന്ന് പോരികയായിരുന്നു.