ഹിബ: ഹൃദയത്തെ കീറിമുറിക്കുന്ന വേദന;ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പെല്ലറ്റ് ഇര

Web Desk
Posted on March 12, 2019, 12:01 pm

ഹിബ; ഹൃദയത്തെ കീറിമുറിക്കുന്ന വേദനയോടെ മാത്രമേ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പെല്ലറ്റ് ഇരയുടെ കഥ നമ്മൾക്ക് വായിക്കാനാകൂ. വെറും പത്തൊൻപത് മാസമാണ് ഈ കുഞ്ഞിന്റെ പ്രായം.

തന്‍റെ സഹോദരൻ തനിക്ക് നേരെ ക്യാമറ പിടിക്കുമ്പോൾ പോലും ഭീതിയിൽ ഇരു ചെവികളും പൊത്തിയിരിക്കുന്ന ഹിബ നാസറിന്‍റെ ചിത്രം കുറെ നാളുകൾക്ക് മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ ആണ് പെല്ലറ്റ് കൊണ്ട് കാഴ്ച തന്നെ നഷ്ടമായ അവസ്ഥയിൽ ഹിബയുടെ ജീവിതം. കശ്മീരി ഫോട്ടോ ജേണലിസ്റ്റായ കമ്രാൻ യുസഫ് ആണ് കശ്മീരിനെ പ്രതീകവത്കരിക്കുന്ന ഹൃദയഭേദക ചിത്രം പകർത്തിയത്.

സൈന്യത്തിനെതിരെ കല്ലെറിഞ്ഞെന്നും ഇന്ത്യാവിരുദ്ധ വിഡിയോകൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകനാണ് കമ്രാൻ യൂസുഫ്.

കശ്മീരിലെ ഷോപിയാനിൽ കപ്രാൻ ​ഗ്രാമത്തിലെ വീട്ടിലായിരുന്നപ്പോഴാണ് നവംബർ 23ന് ഹിബയുടെ കണ്ണിൽ പെല്ലറ്റ് കൊണ്ടത്. ‘ടിയർ ​ഗ്യാസ് ഉണ്ടായിരുന്നു, കുട്ടികൾ ശ്വാസംമുട്ടി ഛർദ്ദിക്കാൻ തുടങ്ങി. ശ്വാസം മുട്ടിയത് കാരണം ഞാൻ കുട്ടികളെ വരാന്തയിലേക്ക് കൊണ്ടുപോയി, വരാന്തയിൽ നിൽക്കുമ്പോഴാണ് ഹിബയുടെ കണ്ണിൽ പെല്ലറ്റ് കൊണ്ടത്. എന്റെ മകനെ ഞാൻ തള്ളി താഴെയിട്ടു. ഹിബയുടെ മുഖം കെെകൾ കൊണ്ട് മറച്ചുപിടിക്കാൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും അവളുടെ മുഖത്തേക്ക് പെല്ലറ്റ് വന്ന് തറച്ചിരുന്നു. ഉടനെ ഞാൻ പുറത്തിറങ്ങി നിലവിളിച്ചു. ഒരു കൂട്ടം ആൺകുട്ടികൾ റോഡിലുണ്ടായിരുന്നു അവരാണ് ഹിബയെ ആശുപത്രിയിൽ കൊണ്ടുപോയത്. അവർ ബെെക്കിലാണ് ഹിബയെ കൊണ്ടുപോയത്. പിന്നീട് ശ്രീന​ഗറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി’.ഇപ്പോൾ വേദന കാരണം കണ്ണിൽ തൊട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഹിബ” ഇത് പറയുമ്പോൾ ഹിബയുടെ മാതാവ് മുർസലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കണ്ണിൽ പൊടി കയറിയാൽ അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ വീടിന് പുറത്തേക്കൊന്നും കളിക്കാൻ പോകാതെ ഹിബയെ സംരക്ഷിച്ചു നിൽക്കുകയാണ് മാതാവ് മുർസലാ ജാൻ.അതേസമയം ഹിബയുടെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നു ഡോക്ടർമാർ വ്യക്തമാക്കി.

You may also like this video