ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഇതുവരെ 2,00,114 രോഗികളാണ് മരിച്ചത്. ലോകമൊട്ടാകെ രോഗബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. 28,65,217 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,16,688 ആളുകള്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 18,36,990 പേര് ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 68,259 പേരുടെ സ്ഥിതി ഗുരുതരമാണ്.
കോവിഡ് മരണത്തിന്റെ മൂന്നിലൊന്നും സംഭവിച്ചിരിക്കുന്നത് അമേരിക്കയിലാണ്. രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം പിന്നിട്ടപ്പോള്‍ മരണസംഖ്യ അരലക്ഷം കവിഞ്ഞു. ഇതുവരെ 9,29,637 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,217 പേര് മരിച്ചു. ഒരുലക്ഷത്തിലധികംപേർ രോഗത്തെ അതിജീവിച്ചപ്പോള്‍ 7,66,295 പേര് ഇപ്പോഴും ചികിത്സയിലാണ്. ഇന്നും രണ്ടായിരത്തിലധികം മരണം യുഎസിൽ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ രണ്ടു മുതൽ രണ്ടായിരത്തിനുമേലാണ് രാജ്യത്തെ പ്രതിദിന മരണനിരക്ക്. ഇന്ന് 16,856 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ് ദുരന്ത കേന്ദ്രമായി മാറിയ ന്യൂയോര്‍ക്കിൽ ഇതുവരെ 21,283 പേരാണ് മരിച്ചിട്ടുള്ളത്. ന്യൂജേഴ്സിയില്‍ മരണം 5,428. ആണ്. മസാച്യൂസെറ്റ്സില്‍ 2,360 മരണവും റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ സ്പെയിനാണ്. എന്നാല്‍ മരണനിരക്കില്‍ ഇറ്റലിയാണ് മുന്നില്‍. ഇറ്റലിയില്‍ ഇതുവരെ 25,969 രോഗികളാണ് മരിച്ചത്. സ്പെയിനില്‍ മരണം 22,524 ആണ്. തുര്‍ക്കിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു.
രാജ്യത്ത് 2,600 ആളുകളാണ് കോവിഡ് കാരണം മരണമടഞ്ഞത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കോവിഡ് അതിവേഗം പടരുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 780 ആയി ഉയർന്നു. 57 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24,530 ആയും ഉയർന്നു. അതേസമയം ഇന്ന് പുതുതായി രോഗബാധയേൽക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. രോഗബാധയിൽ ആറ് ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലാണ് രോഗബാധിതർ ഏറ്റവും കൂടുതലുള്ളത്.
English Summary: Worldwide corona virus death toll crosses 2 lakh
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.