13 November 2025, Thursday

Related news

November 1, 2025
September 9, 2025
August 31, 2025
August 29, 2025
June 6, 2025
May 16, 2025
April 5, 2025
February 19, 2025
February 15, 2025
November 26, 2024

വിദ്യാഭ്യാസരംഗത്ത് ആശങ്ക; ഡിജിറ്റല്‍ വിടവ് രൂക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2025 10:37 pm

രാജ്യത്തെ സ്കൂളുകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം ആശങ്കയില്‍. പല സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ ആവശ്യമായ സംവിധാനങ്ങളില്ല. ബിഹാറിലെയും പശ്ചിമ ബംഗാളിലെയും സ്കൂളുകളാണ് ഏറ്റവും മോശം അവസ്ഥയിലുള്ളത്. 2024–25 അധ്യയന വർഷത്തിൽ രാജ്യവ്യാപകമായി 64.7 ശതമാനമായിരുന്നു കമ്പ്യൂട്ടർ സൗകര്യങ്ങൾ. എന്നാല്‍ ബിഹാറില്‍ 25.2% മാത്രമാണ് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, പ്രൊജക്ടർ തുടങ്ങിയവ പോലുള്ള സൗകര്യങ്ങൾ ഉള്ളത്. പശ്ചിമ ബംഗാളില്‍ ഇത് 25.1% ആണെന്നും വിദ്യാഭ്യാസമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും ജനസംഖ്യ കൂടുതലാണെന്നതും ശ്രദ്ധേയം. 

വിദ്യാഭ്യാസമന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ യുഡിഐഎസ്ഇ റിപ്പോര്‍ട്ടിലാണ് ഡിജിറ്റല്‍ വിഭജനം വലിയ ആശങ്കയാണെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള സ്കൂള്‍ വിദ്യാഭ്യാസ ഡാറ്റ ക്രോഡീകരിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രാലയം പരിപാലിക്കുന്ന ഒരു ഡാറ്റ അഗ്രഗേഷൻ പ്ലാറ്റ്‌ഫോമാണ് യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷൻ (യുഡിഐഎസ്ഇ). ബിഹാറിലെ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ദുർബലാവസ്ഥ റിപ്പോർട്ടില്‍ എടുത്തുപറയുന്നു. സംസ്ഥാനത്തെ 72% സ്വകാര്യ സ്കൂളുകളിലും കമ്പ്യൂട്ടർ സൗകര്യങ്ങളുണ്ടെങ്കിലും, സർക്കാർ മേഖലയിൽ ഇത് വെറും 16.5% മാത്രമാണ്. ബംഗാളിൽ 21.3% സർക്കാർ സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യങ്ങൾ ലഭ്യമാണ്. അതേസമയം സ്വകാര്യ സ്കൂളുകളിൽ ഇത് 53.3 ശതമാനമാണ്. കമ്പ്യൂട്ടർ സൗകര്യങ്ങൾക്കൊപ്പം ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ കാര്യത്തിലും പശ്ചിമ ബംഗാൾ ഏറ്റവും പിന്നിലാണ്. 18.6% സ്കൂളുകൾക്ക് മാത്രമേ ഇന്റർനെറ്റ് സൗകര്യമുള്ളൂ.

അതേസമയം ചണ്ഡീഗഢ്, ഡൽഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്കൂളുകളിൽ 100% ഇന്റർനെറ്റ് ലഭ്യമാണ്. മൊത്തത്തിൽ, ഇന്ത്യയിലെ 63.5% സ്കൂളുകളിലും ഇന്റർനെറ്റ് സൗകര്യങ്ങളുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനത്തിന്റെ വര്‍ധനവ് കാണിക്കുന്നു.
അതേസമയം കുടിവെള്ളം, ശൗചാലയങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ സ്കൂളുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു, ഇന്ത്യയിലുടനീളമുള്ള 99.3% സ്കൂളുകളിലും ഇപ്പോൾ കുടിവെള്ള സൗകര്യം ലഭ്യമാണെന്ന് വാർഷിക റിപ്പോർട്ടിലുണ്ട്. 2023–24ൽ ഇത് 95.9 ശതമാനമായിരുന്നു. ആകെ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ മാനദണ്ഡത്തിൽ 100% വിജയം കൈവരിച്ചു.
രാജ്യത്തുടനീളമുള്ള സ്കൂളുകളില്‍ 2024–25 അധ്യയന വര്‍ഷത്തില്‍ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നതായി കണക്കുകള്‍ പറയുന്നു. 2022–23നെ അപേക്ഷിച്ച് 2024–25 അധ്യായന വർഷത്തിൽ അധ്യാപകരുടെ എണ്ണത്തിൽ 6.7% വർധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.