December 3, 2023 Sunday

Related news

February 10, 2023
February 8, 2023
February 8, 2023
February 15, 2022
February 14, 2022
February 14, 2022
February 13, 2022
February 13, 2022
February 13, 2022

പ്രണയത്താൽ മുറിവേറ്റവർ

സ്മിത ശൈലേഷ്
February 13, 2022 6:45 pm

പ്രണയമില്ലാതെ മനുഷ്യരെങ്ങനെയാകും ജീവിക്കുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പ്രണയം കൊണ്ട് മാത്രം പൂർണ്ണത നേടുന്നൊരാളായി ജീവിക്കുന്നതിനാൽ തന്നെ ജീവിതത്തിന്റെ എല്ലാ ശൂന്യതകളിലും ഞാൻ പ്രണയം നിറച്ചു വെയ്ക്കുന്നു..പ്രണയിക്കാൻ എനിക്കൊരു സൂര്യന്റെ ഓർമ്മ മാത്രം മതി..ഇന്ന് വൈകുന്നേരമെങ്കിലും അസ്തമയസൂര്യൻ എന്റെ ഹൃദയത്തിലേയ്ക്ക് കാൽ വഴുതി വീഴും…പിന്നീടൊരിക്കലും സൂര്യനെ ഞാൻ എന്റെ അരക്കെട്ടിൽ നിന്നും കെട്ടഴിച്ചു വിടില്ല.. എന്നെഴുതി വെയ്ക്കുന്ന കവിതയിലെ പ്രണയോന്മാദങ്ങൾ ജീവിതത്തിൽ മറ്റൊരു രീതിയിലാണ്..
എന്താണ് പ്രണയമെന്ന ചോദ്യത്തിന് എനിക്കൊരുത്തരമേയുള്ളു.. നിന്നെ കൂടാതെ ഈ ഭൂമിയിൽ ഞാനെങ്ങനെയാണ് ജീവിക്കുക എന്ന് വേവലാതി കൊള്ളുന്നൊരു ഹൃദയത്തെ കണ്ടെത്തുക.. അതിനെ സ്നേഹിക്കുക.. നമ്മളില്ലായ്മ കൊണ്ട് മാത്രം മുറിപ്പെടുന്ന ഒരു ആത്മാവിനെ കണ്ടെത്തുക.. ഈ ഭൂമിയിൽ നമുക്ക് ഏറ്റവും മൂല്യം കൽപ്പിക്കുന്നോരാളെ കണ്ടെത്തുക…എന്റെ ദുഃഖമേ.. ആനന്ദമേ എന്ന് നമ്മളെ ഹൃദത്തിലേക്കു പൂ പോലെ സമർപ്പിക്കുന്നൊരാളെ…ഈയാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് പ്രണയമെന്നാണ് എന്റെ നിഗമനം..

ജീവിതം അതിന്റെ ഇടവഴികളിലൊക്കെയും നമുക്ക് പ്രിയപ്പെട്ട എത്രയെത്ര മനുഷ്യരെയാണ് കാത്തു നിൽക്കാൻ ഏർപ്പെടുത്തിയിട്ടുള്ളത്.. നമ്മൾ പലയിടങ്ങളിൽ വെച്ച് അവരിൽ പലരെയും കണ്ടെത്തുന്നു..ഇവരിലെല്ലാം നമ്മൾ നമ്മുടെ അനുരാഗിയെ തിരഞ്ഞു കൊണ്ടേയിരിക്കുക..
എന്നെ ജീവവായു പോലെ, പ്രാണജലം പോലെ അത്യാവശ്യമായിരിക്കുന്ന ഒരാൾക്ക്‌ അയാളുടെ എല്ലാ ദാഹങ്ങളിലേയ്ക്കും ജലം പോലെ നമ്മെ സമർപ്പിക്കലാണ് പ്രണയം.. ആ ഹൃദയത്തെ കണ്ടെത്തും വരെയും മനുഷ്യൻ അവന്റെ പ്രണയത്തിനു വേണ്ടിയുള്ള അന്വേഷണം തുടരുക തന്നെ ചെയ്യും. മായപൊന്മാനിനെ പോലെ പ്രണയത്തിന്റെ കപട വേഷക്കാരെയാവും ഒരു പക്ഷേ നമ്മൾ കണ്ടെത്തുക.. അല്ലെങ്കിൽ മറ്റാരോ കാത്തിരിക്കുന്ന ഒരാളെ… മറ്റാരുടെയോ ജീവവായുവായി മാറേണ്ടുന്ന ഒരാളെ. ഹൃദയം ഇതെന്റെ ഇടമല്ലെന്നുരുവിടാൻ തുടങ്ങുന്നിടത്ത് ആ ഇടങ്ങളിൽ നിന്നും മുറിവുകളില്ലാതെയും മുറിവേൽപ്പിക്കാതെയും ഇറങ്ങി പോരുക എന്നതാണ് പ്രണയത്തിലെ ജനാധിപത്യം. തേപ്പ് എന്ന വാക്കൊക്കെ എത്ര ജനാധിപത്യ വിരുദ്ധമാണ്.. നിങ്ങളിൽ നിന്നൊരാൾ ഇറങ്ങി പോകുമ്പോൾ, അങ്ങനെ ഇറങ്ങി പോകാൻ അയാൾക്കെത്ര മതിയായ കാരണങ്ങളുണ്ടായിരിക്കും എന്ന് മാത്രം ചിന്തിക്കുക.

പ്രണയമോ, സൗഹൃദമോ ജീവിതത്തിൽ ഒരു ബന്ധവും ഒറ്റവാതിൽ നഗരത്തിന്റെ ഘടനയുള്ളതാവരുത് എന്നാണ്. തികച്ചും ജനാധിപത്യപരമായി പ്രണയിക്കുക എന്നത് എത്ര മനോഹരമാണ്.കയറി ചെല്ലാനും, ഇറങ്ങി പോരാനുമുള്ള സാധ്യതകളോടെ മാത്രം പ്രണയങ്ങളെ നിർമ്മിക്കുക എന്നതാണ്..മഴവില്ല് പോലെയാണ് പ്രണയവും..അതനുഭവിക്കുന്ന,ആ നിമിഷത്തിൽ മാത്രമാണ് അത് നിലനിൽക്കുന്നത്.. അതുള്ള നിമിഷത്തിൽ അതുണ്ട് .. മാഞ്ഞു പോകുമ്പോഴും നമ്മുടെ ഹൃദയത്തിൽ നിറയുന്ന ഊഷ്മളമായ സൗന്ദര്യാനുഭൂതിക്കായി മാത്രം നിർമ്മിച്ച ഒരു കാഴ്ചയാണത്.ആ സൗന്ദര്യാനുഭൂതിയാണ് ആ കാഴ്ചയുടെ പൊരുൾ… അതാണ്‌ അതിന്റെ നേട്ടം.. സ്നേഹിച്ചിരുന്ന സമയത്ത് സ്നേഹിക്കപ്പെട്ടിരുന്നു, പ്രണയിക്കപ്പെട്ടിരുന്നു എന്നതാണ് ഏതൊരു പ്രണയത്തിന്റെയും ആജീവനാന്ത കൈമുതൽ.. ആ ഓർമ്മയാണ് അതിന്റെ നേട്ടം..
സ്നേഹവും, പ്രണയവും, സൗഹൃദവുമുൾപ്പെടെ ഏത് ബന്ധവും ആജീവനാന്ത കരാറല്ല.. നിങ്ങൾ എന്റെ കപ്പ് ഓഫ് ടീയല്ലെന്ന തിരിച്ചറിവുള്ളൊരാളെ അയാളുടെ ഇടങ്ങളിലേക്ക് സ്വാതന്തമാക്കുക.. ഭൂമിയുടെ നൂറ്റി പതിനാലാമത്തെ വളവിൽ ജീവിതം എനിക്ക് വേണ്ടി കരുതി വെച്ചിരുന്ന ആ വിസ്മയം അയാളായിരുന്നില്ലെന്നു തിരിച്ചറിയുക.. പതിയെ ഹൃദയത്തിന്റെ പടവുകളിറങ്ങി പോകാൻ അയാളെ അനുവദിക്കുക.. ഒരു വേള അയാളെ പ്രാപ്തനാക്കുക.. ഹൃദയത്തിന്റെ വാതിലുകൾ തുറന്നിട്ട് കടന്ന് പോകാൻ ആഗ്രഹിക്കുന്നൊരാൾക്ക് വഴിയൊരുക്കുന്നത്.. ജനാലയിലൂടെ ചെറുചിരിയോടെ അയാളെ നോക്കി കൈ വീശി കാണിച്ചു യാത്രയോതുന്നത് പ്രണയത്തിലെ മനോഹാരിതയാണ്..
പടിയിറങ്ങി പോയൊരാളെ എന്റെ ഹൃദയം ശൂന്യമായിരിക്കുന്നു എന്ന ഒറ്റകാരണത്താൽ കൊല്ലാനും, കത്തിക്കാനും വിധിക്കുന്നതൊക്കെ എന്തൊരു വയലൻസാണ്.. കൊല്ലാനും മാത്രം കടുപ്പമുള്ള ഹൃദയം കൊണ്ട് നിങ്ങൾക്കൊരാളെ എങ്ങനെയാണ് സ്നേഹിക്കാനാവുക..അല്ലെങ്കിൽ തന്നെ ശൂന്യ മാവുക എന്നതിൽ നിറവിന്റെ എത്ര സാദ്ധ്യതകൾ നിറഞ്ഞിരിക്കുന്നു.

നീർമാതളപ്പൂവിന്റെ ഇതൾ പോലെ മൃദുലവും,സ്നിഗ്ദവുമാണ് എന്റെ പ്രണയ സങ്കൽപ്പങ്ങൾ..
ഭൂമിയുടെ അജ്ഞാതമായ ഇടവഴികളിലൊന്നിൽ എന്നെ പിന്നെയും പിന്നെയും പൂർണ്ണമാക്കുന്ന എന്നെ പിന്നെയും ശൂന്യമാക്കുന്ന, എന്നെ പൂർണ്ണതേ.. എന്നും.. ശൂന്യതേ എന്നും.. വിളിക്കുന്ന.. എന്റെ ജലമേ, എന്റെ മണ്ണേ.. എന്ന് എന്നിൽ അഭയപ്പെടുന്ന എന്റെ അനുരാഗം കാത്തിരിക്കുന്നുണ്ട്.. ഭൂമിയിലെ ഏറ്റവും അമൂല്യതേ… എന്ന് എന്നെ പ്രണവായു പോലെ വില മതിക്കുന്നൊരാൾ.. ഓരോ പ്രണയനിരാസങ്ങളിൽ നിന്നും ഞാൻ മുറിവേറ്റും പിടഞ്ഞും… എണീറ്റ് നടക്കുന്നു.. ജീവന്റെ മറുപാതിയെന്നൊരാൾ ആ വളവിനപ്പുറത്ത് സ്നേഹത്തിന്റെ ഈറൻ വയലറ്റ് പൂംകുലകളുമായി എന്നെ കാത്തിരിക്കുന്നുണ്ട്.. അത് വരെയും ജീവന്റെ നദിയ്ക്കൊഴുകാൻ ഈ സങ്കല്പമൊന്നു മാത്രം മതിയാകും… അല്ലെങ്കിലും സങ്കല്പമായിരിക്കുമ്പോൾ പ്രണയത്തിനെന്തു ഭംഗിയാണ്..ഓരോ പ്രണയവും ഏറ്റവും നിഗൂഢമായ ഋതുക്കളെ വസന്തത്തിലും മനോഹരമായ പൂക്കാലങ്ങളെ അതിന്റെ ഹൃദയത്തിൽ ഒളിപ്പിച്ചിരിക്കുന്നു.. അതിന്റെ വശ്യമായ നിഗൂഢഭംഗികൾ ഒരിക്കലും പരിപൂർണ്ണമായി അനാവരണപ്പെടാതിരിക്കട്ടെ.. നിഗൂഢതകളിലാണ് അനുരാഗം അതിന്റെ അനുഭൂതികളെ ഒളിപ്പിച്ചിരിക്കുന്നത്.. ഒടുവിലത്തെ ശ്വാസത്തിനൊപ്പം മാത്രം പ്രണയത്തിന്റെ ഒടുവിലത്തെ ഗൂഢഭംഗികൾ മുകിലുകൾ നീങ്ങി വെളിവാട്ടെ.. അതിന്റെ ഒടുവിലത്തെ ഗൂഢവശ്യമന്ത്രം കേൾക്കുന്ന മാത്രയിൽ.. അതിന്റെ മിന്നലിൽ പൊള്ളി.. മുറിവേറ്റ്..ചോര വാർന്നു..പ്രണയം കൊണ്ട് പൂർണ്ണയായി.. പ്രണയത്താൽ ശൂന്യയായി മരിച്ചു വീഴണേ എന്നതാണ് ജീവിതത്തോടുള്ള എന്റെ ഏക പ്രാർത്ഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.