October 1, 2023 Sunday

Related news

August 14, 2023
August 11, 2023
July 31, 2023
July 28, 2023
June 26, 2023
June 12, 2023
June 10, 2023
June 10, 2023
June 7, 2023
June 6, 2023

ഗുസ്തിതാരങ്ങളുടെ സമരം പൊളിക്കാന്‍ അമിത്ഷായുടെ ഗൂഢതന്ത്രം

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2023 11:26 pm

ഗുസ്തി ഫെഡറേഷൻ മുന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടത്തുന്ന ഗുസ്തിതാരങ്ങളുടെ സമരം പൊളിക്കാന്‍ കുതന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം താരങ്ങളും അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഈ തന്ത്രത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകുന്നു. ഭിന്നതയുണ്ടാക്കിയും ഭീഷണിപ്പെടുത്തിയും സമരം പൊളിക്കാനുള്ള കുതന്ത്രമാണ് ഷായില്‍ നിന്നുണ്ടാകുന്നതെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു. ചർച്ച നടത്തി അടുത്ത ദിവസം തന്നെ സർക്കാർ ജോലിയുള്ള താരങ്ങളെല്ലാം തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ, സമരം അവസാനിപ്പിച്ചിട്ടില്ലെന്നാണ് ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക് ട്വീറ്റ് ചെയ്തിരുന്നത്.

നീതികിട്ടാന്‍ ജോലി തടസമാണെങ്കില്‍ രാജിവയ്ക്കാന്‍ മടിക്കില്ലെന്നും സാക്ഷി ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടെ, ബ്രിജ് ഭൂഷൺ സിങ്ങിനെതിരെയുള്ള ആദ്യമൊഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിൻവലിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രിജ് ഭൂഷണെതിരെ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് പ്രായപൂർത്തിയാകാത്ത താരം നല്കിയിരുന്നത്. ഈ മൊഴികൾ പിൻവലിച്ച് ഐപിസി 164 പ്രകാരം പെൺകുട്ടി മജിസ്ട്രേറ്റിന് മുമ്പിൽ പുതിയ രഹസ്യമൊഴി നല്കിയെന്നാണ് പ്രചരണം. ഈ മൊഴി പ്രകാരമായിരിക്കും ഇനി കേസ് മുന്നോട്ടു പോകുക. മജിസ്ട്രേറ്റിനു മുന്നിൽ സെക്ഷൻ 164 പ്രകാരം നല്കുന്ന മൊഴി തെളിവിനു തുല്യമാണ്.

ചിത്രമെടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ ചേർത്തുപിടിച്ചെന്നും, ശരീരത്തോടു ചേർത്തമർത്തിയെന്നും, രഹസ്യഭാഗങ്ങളിൽ ബോധപൂർവം സ്പർശിച്ചെന്നുമുള്ള പരാതിയുടെ വിശദാംശങ്ങൾ എഫ്ഐആറിൽ ഉണ്ടായിരുന്നു. മേയ് 10നാണ് ഇതു സംബന്ധിച്ച് മജിസ്ട്രേറ്റിനു മുന്നിൽ പെൺകുട്ടി മൊഴി നല്കിയത്. ഈ മൊഴിയാണ് ഇപ്പോൾ പിൻവലിച്ചതായി വാർത്തകൾ വരുന്നത്. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവയ്ക്കാൻ ഭാരതീയ കിസാൻ യൂണിയനും (ബികെയു) മറ്റ് ഖാപ് നേതാക്കളും തീരുമാനിച്ചു. ജന്തർ മന്ദറിൽ ഒമ്പതിന് നടത്താനിരുന്ന പ്രതിഷേധ മാർച്ചാണ് മാറ്റിവച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ഗുസ്തി താരങ്ങൾ ചർച്ച തുടരുന്ന സാഹചര്യത്തിലാണ് മാർച്ച് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ബികെയു നേതാവ് രാകേഷ് ടികായത് പറഞ്ഞു. താരങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും ചർച്ചയുടെ ഫലത്തെ ആശ്രയിച്ചായിരിക്കും പ്രതിഷേധം എന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിജ് ഭൂഷണെയും സഹപ്രവര്‍ത്തകരെയും ചോദ്യം ചെയ്തു 

ന്യൂഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഫെഡറേഷൻ അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ലഖ്‌നൗവിലെയും ഗോണ്ടയിലെയും വസതികളിൽ വെച്ച് ബ്രിജ് ഭൂഷന്റെ 15ഓളം സഹപ്രവർത്തകരെയും ജീവനക്കാരെയും ചോദ്യം ചെയ്തതായാണ് വിവരം. അതിനിടെ ബ്രിജ്ഭൂഷണെ രണ്ടു തവണ ചോദ്യം ചെയ്തതായും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Eng­lish Sum­ma­ry: Amit Shah’s secret strat­e­gy to break the strike of wrestlers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.