19 April 2024, Friday

Related news

January 6, 2024
December 25, 2023
December 24, 2023
August 8, 2023
June 9, 2023
June 9, 2023
June 7, 2023
June 7, 2023
June 7, 2023
June 5, 2023

ആ രാത്രിയില്‍ ഡല്‍ഹിയില്‍ സംഭവിച്ചത്

അബ്ദുൾ ഗഫൂർ
June 9, 2023 4:30 am

രാജ്യം മുഴുവന്‍ കൂടെനിന്നൊരു സമരമായിരുന്നു ഡല്‍ഹിയില്‍ കഴിഞ്ഞനാളുകളില്‍ നടന്നുവന്നിരുന്നത്. ആ സമരം ഒരു രാത്രിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം വഴിമാറുകയോ ദുര്‍ബലമാകുകയോ ചെയ്തത് എന്തുകൊണ്ടായിരുന്നു. അതിനുള്ള ഉത്തരം ഊഹിക്കുവാനേ മാര്‍ഗമുള്ളൂ. അതിന് മുമ്പ് പ്രസ്തുത സമരത്തിന്റെ നാള്‍വഴികള്‍ ഒരിക്കല്‍ കൂടി പരിശോധിക്കണം. ജനുവരിയിലായിരുന്നു ഗുസ്തി താരങ്ങളുടെ സമരം ആരംഭിച്ചത്. ഗുസ്തി ഫെഡറേഷന്‍ മേധാവിയായിരുന്ന ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമുന്നയിച്ചായിരുന്നു രാജ്യാന്തരതാരങ്ങള്‍ ഉള്‍പ്പെടെ രാജ്യതലസ്ഥാനത്ത് ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇത് രാഷ്ട്രീയ സമരമല്ലെന്നും രാഷ്ട്രീയക്കാര്‍ ആരും വരേണ്ടെന്നും ഉറപ്പിച്ച് പറഞ്ഞാണ് താരങ്ങളും അവരുടെ ബന്ധുക്കളും മാത്രം പങ്കെടുത്ത സമരം മുന്നോട്ടുപോയത്. എത്തിയവരോടെല്ലാം ഇതില്‍ രാഷ്ട്രീയമില്ലെന്ന് അവര്‍ ഉറപ്പിച്ച് പറഞ്ഞു. അതുകൊണ്ടുതന്നെ എത്തിയ രാഷ്ട്രീയ നേതാക്കളെല്ലാം പ്രശ്നങ്ങള്‍ അന്വേഷിക്കുകയും പിന്തുണ അറിയിച്ച് തിരിച്ചുപോകുകയും ചെയ്തു. അന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ നല്കിയ ഉറപ്പിന്റെ പേരിലാണ് സമരം അവസാനിപ്പിച്ച് താരങ്ങള്‍ മടങ്ങിയത്. ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്നതിന് സമിതി രൂപീകരിക്കുമെന്നും ബ്രിജ്ഭൂഷണെതിരെ നടപടിയുണ്ടാകുമെന്നുമായിരുന്നു ഉറപ്പ്. കേന്ദ്രം ഏകപക്ഷീയമായി ഒരു സമിതി രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പ്രസ്തുത സമിതി തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിലല്ല, കുറ്റാരോപിതരെ വെള്ളപൂശുന്നതിലാണ് താല്പര്യം കാട്ടുന്നതെന്ന് ബോധ്യപ്പെട്ടാണ് ഏപ്രില്‍ രണ്ടാമത്തെ ആഴ്ച താരങ്ങള്‍ വീണ്ടും സമരത്തിനെത്തുന്നത്. രണ്ടാംസമരത്തില്‍ അവര്‍ രാഷ്ട്രീയക്കാരെ അകറ്റി നിര്‍ത്തിയില്ല. സമരം കൂടുതല്‍ പ്രക്ഷുബ്ധവും വിപുലവുമായി. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ജനങ്ങള്‍ ഡല്‍ഹിയിലെത്തി അവരോട് ചേര്‍ന്നു. ഓരോ ദിവസം കഴിയുന്തോറും സമരത്തിനുള്ള പിന്തുണ ഏറിവന്നു. ഡല്‍ഹി സിംഹാസനത്തിലിരിക്കുന്നവരെ വിറപ്പിക്കുന്ന സമരമായി അത് വളര്‍ന്നു. രാജ്യം മാത്രമല്ല ലോകമാകെ പിന്തുണയുമായി കൂടെ നിന്നു. കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്കിയവര്‍ കൂടി സമരത്തിനൊപ്പം ചേര്‍ന്നതോടെ സമരത്തിന്റെ ഗതിമാറുമെന്ന സ്ഥിതിയുണ്ടായി. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അസാധാരണമായ സംഭവങ്ങളില്‍ രാജ്യം തലകുനിച്ചു. പിന്നീട് അവരെ ജന്തര്‍ മന്ദറിലെ സമരപ്പന്തലിലെത്താന്‍ പോലും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കീഴിലുള്ള ഡല്‍ഹി പൊലീസ് അനുവദിച്ചില്ല. ബ്രിജ്ഭൂഷണ്‍ എന്ന കുറ്റാരോപിതന്‍ വീരപരിവേഷത്തോടെ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയും ഇരകളെ അപഹസിച്ചും നിയമത്തെ വെല്ലുവിളിച്ചും നിര്‍ബാധം സഞ്ചരിക്കുകയും ചെയ്തു. എത്രയോ വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്നത്തിലൂടെ തങ്ങള്‍ ആഗോള മത്സരങ്ങളില്‍ നിന്ന് നേടിയ കീര്‍ത്തി മുദ്രകള്‍ പുഴയിലൊഴുക്കുമെന്ന് പ്രഖ്യാപിച്ച് താരങ്ങളും വലിയൊരു വിഭാഗം ജനങ്ങളും ഗംഗാതടത്തിലെത്തി.


ഇതുകൂടി വായിക്കൂ: സ്ത്രീമുന്നേറ്റം: ഭാവിയുടെ വിപ്ലവശക്തി


ഹരിദ്വാറിലെ തീര്‍ത്ഥഘട്ടത്തില്‍ രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്ന ഒരു സംഭവത്തിന് സാക്ഷിയാകേണ്ടിവരുമെന്ന ഘട്ടത്തില്‍ പോലും അരുതെന്ന് പറഞ്ഞ് ഒരു ഭരണാധികാരിയും അവരെ പിന്തിരിപ്പിക്കാനെത്തിയില്ല, എല്ലാവരും അതാഗ്രഹിച്ചിരുന്നു. ഒടുവില്‍ ഹരിദ്വാറിലെ സായാഹ്നത്തില്‍ കര്‍ഷക നേതാക്കളെത്തി, അഞ്ചു ദിവസത്തിനകം രണ്ടിലൊന്ന് എന്ന ഉറപ്പു നല്കി, ഒഴുക്കാന്‍ കൊണ്ടുവന്ന മെഡലുകള്‍ തിരിച്ചുവാങ്ങി അവരെ പിന്തിരിപ്പിക്കുകയായിരുന്നു. അവിടെയിരുന്ന് കരഞ്ഞ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും തത്സമയം കണ്ട അമ്മമാരും സ്ത്രീകളും അവരെയോര്‍ത്ത് സ്വയം കണ്ണീര്‍ പൊഴിച്ചിരുന്നു. സമരത്തിനുള്ള പിന്തുണ ഓരോ ദിവസവും വര്‍ധിക്കുകയും ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ ചേര്‍ന്ന് സമരം ശക്തിപ്പെടുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഇങ്ങനെ മുന്നോട്ടുപോകുന്നതിനിടയില്‍ പെട്ടെന്ന് സമരം വഴിമാറുകയോ ദുര്‍ബലമാകുകയോ ചെയ്യുന്നു. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്താ പ്രചാരമുണ്ടായി. അതോടൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ശനിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയും പുറത്തുവന്നു. സമരത്തിന് നേതൃത്വം നല്കുന്ന താരങ്ങള്‍ വിവിധ വകുപ്പുകളില്‍ ജോലിയുള്ളവരാണ്. അവര്‍ മാസങ്ങള്‍ക്കുശേഷം ജോലിക്ക് തിരികെയെത്തിയെന്ന വാര്‍ത്തയും പ്രചരിച്ചു. എല്ലാം ഒരേ കേന്ദ്രങ്ങളില്‍ നിന്നാണ് പുറപ്പെട്ടതെന്ന് സംശയിക്കണം.

ജോലിക്ക് തിരികെയെത്തിയതില്‍ ന്യായീകരണവും സമരം തുടരുമെന്ന പ്രഖ്യാപനവും താരങ്ങള്‍ ട്വീറ്റ് ചെയ്തുവെങ്കിലും അതിലെ വാക്കുകള്‍ ദുര്‍ബലമായിരുന്നു. ഒരു രാത്രിയിലെ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ എന്താണ് നടന്നിട്ടുണ്ടാവുക. അമിത് ഷായാണ്, ആഭ്യന്തര മന്ത്രിയാണ്, ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്നു. അന്ന് നടത്തിയതെല്ലാം നമ്മുടെ ഓര്‍മ്മയിലുണ്ട്, ജസ്റ്റിസ് ലോയ, ബില്‍ക്കിസ് ബാനു കേസ്, വ്യാജ ഏറ്റുമുട്ടലുകള്‍, കൂട്ടക്കലാപങ്ങള്‍. അതുകൊണ്ട് ഒട്ടും സംശയിക്കേണ്ട, അന്നത്തെ കൂടിക്കാഴ്ചയില്‍ താരങ്ങള്‍ സമരത്തിനാധാരമായി ഉന്നയിച്ച വിഷയങ്ങള്‍ അധികം ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ലെന്നുറപ്പാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉന്നത ജോലിയുള്ളവരാണ് താരങ്ങള്‍. പ്രസ്തുത ജോലിയില്‍ ഇരുന്നുകൊണ്ട് സര്‍ക്കാരിനെതിരെ സമരം തുടര്‍ന്നാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്കിയിരിക്കാം. മേയ് 28ന് പാര്‍ലമെന്റ് ഉദ്ഘാടന ദിവസം നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. അതിന്റെ പേരിലും നടപടിയെടുക്കാവുന്നതും ജോലിയില്‍ നിന്ന് പിരിച്ചുവിടാവുന്നതുമാണ്. ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്, എന്തിനും മടിയില്ലാത്ത അമിത് ഷായാണ് ആഭ്യന്തരമന്ത്രി. പിരിച്ചുവിട്ടാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നഷ്ടപ്പെടും. ജീവിതം ഇല്ലാതാകും. അപ്പോള്‍പ്പിന്നെ സമരം താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവയ്ക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുകയേ താരങ്ങളുടെ മുന്നില്‍ മാര്‍ഗമുണ്ടായിരുന്നുള്ളൂ. അതിനിടയില്‍ അനുരാഗ് ഠാക്കൂര്‍, അമിത് ഷായുടെ നിര്‍ദേശാനുസരണം താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നു. ചര്‍ച്ചയില്‍ ചില തീരുമാനങ്ങളുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തുന്നതായി താരങ്ങള്‍ അറിയിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ:എന്നിട്ടുമവര്‍ ജനാധിപത്യത്തെയും സ്ത്രീസുരക്ഷയെയും കുറിച്ച് പറയുന്നു


ബുധനാഴ്ച വളരെ പ്രധാനപ്പെട്ട മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പുതിയ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ നല്കിയെന്നായിരുന്നു അത്. അതും ദുര്‍ബല ശബ്ദത്തില്‍ നിഷേധിക്കപ്പെട്ടു. എന്നാല്‍ ഇന്നലെ പെണ്‍കുട്ടിയുടെ പിതാവിന്റേത് എന്ന പേരിലുള്ള അഭിമുഖം പുറത്തുവന്നതില്‍, പുതിയ മൊഴി നല്കിയെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രായം സംബന്ധിച്ചായിരുന്നു പുതിയ മൊഴിയിലുള്ളതെന്നാണ് പിതാവ്‍ വെളിപ്പെടുത്തിയത്. അതിനര്‍ത്ഥം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസ് ഇല്ലാതാകുന്നുവെന്നാണ്. ഇത്തരം ഒരു യു ടേണ്‍ ഉണ്ടായതിന് കാരണം അമിത് ഷായുടെ ഭീഷണിയാണെന്ന് ബോധ്യപ്പെടണമെങ്കില്‍ നമുക്ക് ആ കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള താരങ്ങളുടെ അഭിപ്രായ പ്രകടനങ്ങളിലെ ലാളിത്യവും ദൃശ്യങ്ങളിലെ മുഖഭാവവും ശ്രദ്ധിച്ചാല്‍ മതിയാകും. അതിലെല്ലാം വല്ലാത്ത ഭയത്തിന്റെ താളമുണ്ടായിരുന്നു, ഛായയുണ്ടായിരുന്നു. അതുവരെ അവര്‍ അങ്ങനെയായിരുന്നില്ല. ചില വേളകളില്‍ വിങ്ങിപ്പൊട്ടിയിരുന്നുവെങ്കിലും സമരമുഖത്ത് നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ചിരുന്നു അവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.