പ്രണയം സംഗീതം ധ്യാനം

Web Desk
Posted on February 11, 2018, 1:57 am

ജയന്‍ മഠത്തില്‍

ഹൃദയത്തില്‍ നിന്നും
ഹൃദയത്തിലേക്ക്
ഒരു ജാലകമുണ്ടെന്ന്
അവര്‍ പറയുന്നു
(ജലാലുദ്ദീന്‍ റൂമി)

അനശ്വര പ്രണയത്തിന്റെ ആകാശവഴികള്‍ അനന്തവും വിസ്മയകരവുമാണ്. എത്ര പറന്നാലും പിന്നെയും ദൂരം ബാക്കിയാകും. പ്രണയവഴികള്‍ തീര്‍ത്ഥാടനയാത്രപോലെയാണ്. അറിഞ്ഞാലും പിന്നെയും നിഗൂഢതകള്‍ മാത്രം ബാക്കിയാകുന്ന ജിജ്ഞാസയുടെ രാഗവിസ്താരങ്ങള്‍. എഴുതുമ്പോഴും പറയുമ്പോഴും താനൊരു തീര്‍ത്ഥാടകനാണെന്ന് പൗലോ കൊയ്‌ലോ. മുറിവേറ്റ കരളില്‍ ഋതുക്കള്‍ വിരുന്നിനെത്തുന്നതുപോലെ പ്രണയം വന്നുകൊണ്ടേയിരിക്കും. പ്രണയിക്കുമ്പോള്‍ മറ്റൊന്നും അറിയുന്നതേയില്ല. ചിത്രശലഭങ്ങളെ പോലെ നമ്മള്‍ ആകാശത്തില്‍ പറന്നുനടക്കും. മേഘങ്ങള്‍ നമ്മളോട് പ്രണയാഭ്യര്‍ത്ഥന നടത്തും. പക്ഷികള്‍ എവിടെനിന്നോ പറന്നുവന്ന് നമ്മുടെ സ്വപ്നങ്ങളെ കൊത്തിയെടുത്തുകൊണ്ട് പറന്നകലും. അപ്പോള്‍ ഏകാന്തമായ ഒരു തുരുത്തില്‍ നമ്മള്‍ ഒറ്റപ്പെടും. ഏകാന്തതയ്ക്ക് പ്രാര്‍ത്ഥനയുടെ മുഖമാണ്. ഏകാന്തതയും താനും പ്രണയത്തിലായിരുന്നുവെന്നും വേര്‍പിരിയാന്‍ കഴിയാത്തവിധം ഞങ്ങള്‍ ഒന്നായിത്തീര്‍ന്നുവെന്നും കവി റില്‍ക്കെ പാടുന്നു. പ്രണയം ശൂന്യസ്ഥലങ്ങളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അത് നമ്മുടെ സ്വത്വത്തെക്കുറിച്ചുള്ള വാതായനങ്ങള്‍ തുറന്നിടലാണ്. പ്രണയവും സംഗീതവും ധ്യാനവും കൊണ്ട് നിറഞ്ഞതാണ് സൂഫി എഴുത്തുകാരന്‍ സിദ്ദീഖ് മുഹമ്മദിന്റെ ജീവിതം.
സൂഫി പാരമ്പര്യത്തില്‍ ജനിച്ചയാളാണ് സിദ്ദീഖ് മുഹമ്മദ്. പിതാവ് ടിഎംസി മുഹമ്മദ് സൂഫി ഗുരുവായിരുന്നു. സൂഫി സന്യാസിമാര്‍ ഉപ്പയെ തേടി വീട്ടിലേയ്ക്ക് എത്തുമായിരുന്നു. കുട്ടിക്കാലം മുതലേ ഇവരുടെ സംഭാഷണം കേട്ടാണ് സിദ്ദീഖ് മുഹമ്മദ് വളര്‍ന്നത്. സൂഫികളുടെ ജീവിതത്തിനും യാഥാസ്ഥിതിക ജീവിതത്തിനും ഇടയിലായിരുന്നു സിദ്ദീഖ് മുഹമ്മദിന്റെ ജീവിതം. കാണാന്‍ കഴിയാത്ത ഹൈഡ്രജനും ഓക്‌സിജനും തമ്മില്‍ ചേര്‍ന്ന് ജലം ഉണ്ടാകുന്നതുപോലെ വീട്ടില്‍ എത്തുന്ന സൂഫി ഗുരുക്കന്മാരുടെ സംഭാഷണവും അതുപോലെയാണ് സിദ്ദീഖിന് അനുഭവപ്പെട്ടത്. പിന്നീട് വായനയുടെ വലിയ ലോകത്തിലേയ്ക്ക്. ജിദ്ദു കൃഷ്ണമൂര്‍ത്തി, ജലാലുദ്ദീന്‍ റൂമി, ഖലീല്‍ ജിബ്രാന്‍, ഓഷോ രജനീഷ്, നിത്യചൈതന്യ യതി എന്നിവരുടെ ചിന്തകളേയും കാഴ്ചപ്പാടുകളെയും പ്രാണവായുവിനെ പോലെ സ്‌നേഹിച്ചു. ബഷീറിന്റെ കൃതികളെ ആവേശത്തോടെയാണ് സിദ്ദീഖ് വായിച്ചത്. ബഷീറിന്റെ ‘ജന്മദിന’ത്തില്‍ ഒരു സംഭവമുണ്ട്. കടം വാങ്ങിയ ജുബ്ബയിട്ട് കടം വാങ്ങിയ കണ്ണടയും ചെരുപ്പുമൊക്കെയിട്ട് ഇരിക്കുകയാണ് ബഷീര്‍. ഒരാള്‍ അദ്ദേഹത്തെ ഭക്ഷണം കഴിക്കാന്‍ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ്. പക്ഷേ അയാള്‍ വരുന്നില്ല. അപ്പോള്‍ ബഷീര്‍ പറയുന്നുണ്ട് ‘ഈ ജുബ്ബ ഞാന്‍ കടം വാങ്ങിയതാണ്. ഈ കണ്ണടയും ഈ ചെരുപ്പും എന്റേതല്ല. ഈ ശരീരവും എന്റേതാണോ? ഈ ചോദ്യം തന്നെ വല്ലാതെ ഉലച്ചതായി സിദ്ദീഖ് മുഹമ്മദ്. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ ശരീരം മാത്രമല്ല, ഈ മനസ്സും തന്റേതാണോ എന്നുള്ള ചിന്തയിലായി സിദ്ദീഖ്. പിന്നീട് റൂമി, ഓഷോ,ജിബ്രാന്‍, നിത്യചൈതന്യ യതി, റാബി ആബസ്‌രി, നീത്‌ഷേ.… വായനയുടെ മിസ്റ്റിക് ലോകത്തില്‍ ആവേശത്തോടെ, നിശബ്ദമായി നടന്നുകയറി. പ്രണയത്തിന്റെയും ധ്യാനത്തിന്റെയും നിമിഷങ്ങളില്‍ നമുക്ക് ലഭിച്ചത് നക്ഷത്രത്തിളക്കമുള്ള ഇരുപതോളം പുസ്തകങ്ങള്‍. സിദ്ദീഖ് മുഹമ്മദ് ജീവിതത്തെ കുറിച്ച്, താന്‍ നടന്ന മിസ്റ്റിക്ക് വഴികളെക്കുറിച്ച് മനസ്സ് തുറക്കുന്നു.

അകംപുറം മാറ്റി മറിച്ചു

കോഴിക്കോട് കൊടുവള്ളിയെന്ന എന്റെ ഗ്രാമപ്രദേശത്തില്‍ നിന്ന് തൊഴില്‍ തേടി ദുബായിലെ ഒരു കോളേജിലെത്തി. അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് മിസ്റ്റിസിസത്തിന്റെ വഴിയില്‍ എത്തപ്പെട്ടത്. അങ്ങനെ സ്വദേശത്തും വിദേശത്തുമുള്ള ഗുരുക്കന്മാരുമായി ബന്ധപ്പെട്ടു. ഈജിപ്റ്റിലുള്ള ഷേക്ക് മുസ്താബ് അലി അദ്ഗ എന്ന സൂഫി ഗുരുവിനെ കാണാനിടയായി. വളരെ ആധുനികനായ ഗുരുവായിരുന്നു അദ്ദേഹം. അലക്‌സാണ്‍ഡ്രിയയ്ക്കും കെയ്‌റോയ്ക്കും ഇടയില്‍ വലിയൊരു മരുഭൂമി വാങ്ങി അദ്ദേഹം മനോഹരമായ ഒരു ഉദ്യാനമുണ്ടാക്കി. കായകനികളും മൃഗങ്ങളുമൊക്കെ അവിടെ ധാരാളം. ഗുരു അവിടെയിരുന്നുകൊണ്ട് ജ്ഞാനപ്രഭാഷണങ്ങള്‍ നടത്തി. ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ അദ്ദേഹത്തെ തേടിയെത്തി. ശിഷ്യന്മാരുടെ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള മറുപടി നല്‍കി. ലോകത്തിന്റെ വിവിധ ധാരകളെ ഉള്‍ക്കൊണ്ടുകൊണ്ട് സംസാരിക്കുന്ന അപാര ജ്ഞാനിയായ ആ ഗുരുവിന്റെ സാമീപ്യം എന്നെ അകം പുറം മാറ്റിമറിച്ചു.

റൂമി, ജിബ്രാന്‍, യതി

റൂമി ആല്‍ക്കമിസ്റ്റാണ്. അദ്ദേഹത്തിന്റെ വരികള്‍ വായിക്കുന്ന ആളുകളെ അക്ഷരങ്ങളിലൂടെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയും. വളരെ കാല്‍പ്പനികതയുള്ള, സൗന്ദര്യമുള്ള, പ്രണയത്തിന്റെ വല്ലാത്തൊരു മൂര്‍ത്തിമത് ഭാവം അദ്ദേഹം അനുഭവിപ്പിക്കും. അത്മാവില്‍ നൃത്തം ചെയ്തുകൊണ്ട് ആത്മീയതയുടെ അനുഭവം പകര്‍ന്നുകൊടുക്കുന്ന ആളാണ് റൂമി. ലോകചരിത്രത്തില്‍ അങ്ങനെയുള്ള ഒരാളുണ്ടോയെന്ന് എനിക്കറിയില്ല.
ഓഷോ ജ്ഞാനത്തിന്റെ അപാരതയാണ്. അദ്ദേഹത്തിന് പറയാന്‍ കഴിയാത്ത വിഷയങ്ങളില്ല. ഏത് വിഷയത്തിന്റെ ആഴത്തിലും ചെന്ന് മുത്തുകളെടുത്തുകൊണ്ടുവരും. വളരെ സങ്കീര്‍ണമായ വിഷയവും അദ്ദേഹത്തോട് ചോദിച്ചാല്‍ ലളിതമായി, ആഴത്തിലുള്ള മറുപടി കിട്ടും.
ജിബ്രാന്‍ മിസ്റ്റിസിസത്തിന്റെ പടിവാതിലിലെത്തി നിന്ന് കാഴ്ചകള്‍ കണ്ടിട്ട് കണ്ണഞ്ചി നിന്നുപോയ ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കവിത്വത്തിന്റെ പരകോടിയും വിട്ടിട്ട് മിസ്റ്റിസിസത്തിന്റെ അപാരതയിലെ കാഴ്ചകള്‍ കണ്ട് കണ്ണഞ്ചി നിന്ന് ഓരോ വാക്കുകള്‍ എടുത്തുപറഞ്ഞ് അപാരമായ എക്‌സൈറ്റ്‌മെന്റിലൂടെ ലോകത്തിന് പറഞ്ഞുകൊടുത്ത ആളാണ്. താവോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത് ജിബ്രാന്റെ കൃതികളാണ്.
സന്യാസ പരമ്പരയില്‍ നിത്യചൈതന്യ യതിയെ പോലെ കാവ്യാത്മകമായും കാല്‍പ്പനികമായും വേദാന്തരഹസ്യങ്ങളെ പങ്കുവെച്ച ഒരാളില്ല. നല്ലൊരു കവിയാണ്. നല്ലൊരു കാമുകന്‍ കൂടിയാണ്. കാല്‍പ്പനികത അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. അവസാന ഘട്ടത്തിലാണ് റൂമിയിലും ഖുര്‍ആനിലും എത്തുന്നത്. മലയാളഭാഷയില്‍ ഖുര്‍ആന് മനോഹരമായ ആസ്വാദനം, അതിലെ അര്‍ത്ഥവും ആഴവും ഉള്‍ക്കൊണ്ടുകൊണ്ട് പരിവര്‍ത്തിപ്പിച്ചയാളാണ് നിത്യ.

വിരഹം പ്രണയത്തിന്റെ ഭാഷ്യം

മിസ്റ്റിക്കുകളുടെ അല്ലെങ്കില്‍ സൂഫികളുടെ അടിസ്ഥാന വിശ്വാസം ഈ പ്രപഞ്ചം എന്നത് ദൈവത്തിന്റെ പ്രണയത്തിന്റെ പ്രതിഫലനമാണ്. സൂഫികള്‍ പറയുന്ന ഒരു വലിയ ഉത്തരമേയുള്ളു.

‘ഞാന്‍ അതി നിഗൂഢമായ ഒരു നിധിയായിരുന്നു
അങ്ങനെ ഞാന്‍ സ്വയം അറിയുന്നതിനെ പ്രണയിച്ചു
അങ്ങനെ ഞാന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു.’

ഒന്നായിരുന്ന അവനെ സ്വയം അറിയുക എന്നതിനെ പ്രണയിച്ചപ്പോള്‍ ആ ഒന്നുതന്നെ രണ്ടായി മാറി. ആ രണ്ടായിരിക്കുന്നത് വീണ്ടും ആ ഒന്നിലേയ്ക്ക് ചേരാനുള്ള പ്രയാണത്തെയാണ്, ഈ പ്രപഞ്ചനത്തെയാണ് പ്രപഞ്ചം എന്ന് പറയുന്നത്. എല്ലാ മനുഷ്യന്റെയും ഉള്ളില്‍ അവന്റെ കേന്ദ്രത്തില്‍ നിന്ന് വേര്‍പ്പെട്ടുപോയതിന്റെ ഒരു നോവ് അവശേഷിക്കുന്നുണ്ട്. ഈ നോവാണ് അവന്റെ സര്‍ഗക്രിയകളുടെ കേന്ദ്രം. എവിടെ നിന്നോ വിട്ടുപോകുന്നതിന്റെ ഒരു വല്ലാത്ത വിരഹം, വേദന, വേപഥു ഉള്ളില്‍ അവശേഷിക്കുന്നുണ്ട്. അതിനെ തേടിയാണ് നാം പോകുന്നത്.
വിരഹം എന്നത് പ്രണയത്തിന്റെ മറ്റൊരു ഭാഷ്യമാണ്. അത്രയും അഗാഥമായ പ്രണയം ഉണ്ടായിട്ടാണ് നമുക്ക് വേദന അനുഭപ്പെടുന്നത്. മനുഷ്യന്‍ പല പ്രണയങ്ങളിലേയ്ക്കും പോകുകയാണ്. റൂമി പറയുന്നു; ‘യഥാര്‍ത്ഥ അന്വേഷി പല പല പ്രണയങ്ങളിലൂടെ കടന്നുപോയാല്‍, എത്ര പ്രണയങ്ങള്‍ അവനില്‍ വന്നുചേര്‍ന്നാലും ഒടുവില്‍ പരമമായ പ്രണയഭാജനത്തില്‍ എത്തിച്ചേരും. അവിടെ എത്തിച്ചേരുന്നതുവരെ അയാള്‍ പ്രണയം തുടര്‍ന്നുകൊണ്ടേയിരിക്കും.’ ഓരോന്ന് കിട്ടുമ്പോള്‍ അവന് ഇത് അല്ലായെന്ന് മനസ്സിലാകും. അതുകൊണ്ടാണ് മിസ്റ്റിക്കുകള്‍ എപ്പോഴും പ്രണയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നത്. അങ്ങനെ സംസാരിക്കുമ്പോള്‍ വലിയ ആനന്ദമുണ്ടാകുന്നു. അതില്ലാത്തതൊന്നും മനുഷ്യന് ആനന്ദം നല്‍കില്ല. ഇതിനെ മനസ്സിലാക്കാന്‍ കഴിഞ്ഞവരാണ് ഓഷോയും റൂമിയും യതിയും മറ്റും മറ്റും. അവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കാരണം പ്രണയത്തിന്റെയും ധ്യാനത്തിന്റെയും ഭാഷയെ ഉള്‍ക്കൊണ്ടുകൊണ്ട് അതിനെ വാക്കുകളാക്കി അവതരിപ്പിച്ചതുകൊണ്ടാണ്. അത്തരത്തിലുള്ള ഒരു സൗന്ദര്യബോധം അവര്‍ക്കുണ്ടായിരുന്നു.
ജിബ്രാന്‍ തികച്ചും വ്യത്യസ്തനായിരുന്നു. ജിബ്രാന് മിസ്റ്റിസിസത്തിന്റെ ഒരു അനുഭവാത്മകതലമുണ്ടായിരുന്നു. അതുകൊണ്ടാണ് ജിബ്രാന്‍ അശാന്തനായി മരിച്ചത്. അതുപോലെ ഒരാളായിരുന്നു ഫ്രെഡറിക് നീത്‌ഷേ. നീത്‌ഷേയെക്കുറിച്ച് ഓഷോ പറയുന്നത് നീത്‌ഷേയെ ജനിച്ചത് ഇന്ത്യയിലായിരുന്നുവെങ്കില്‍, മിസ്റ്റിസിസത്തിന്റെ ഒരു യഥാര്‍ത്ഥ അനുഭവം കിട്ടിയിരുന്നുവെങ്കില്‍ അദ്ദേഹം ഒരു രണ്ടാം ബുദ്ധനാകുമായിരുന്നു എന്നാണ്.

എഴുത്ത് ധ്യാനമാണ്

റൂമിയുടെ ‘മസ്‌നവി‘യാണ് ഏറ്റവും സ്വാധീനിച്ച പുസ്തകം. അത്രയും ആനന്ദത്തില്‍, സൗന്ദര്യത്തില്‍, കവിതയിലൂടെ, കഥയിലൂടെ ദര്‍ശനത്തിന്റെ ആഴങ്ങളെ അവതരിപ്പിക്കുന്ന മറ്റൊരു ഗ്രന്ഥം ലോകചരിത്രത്തില്‍ അപൂര്‍വമാണ്. എഴുത്ത് ശരിക്കും ധ്യാനാത്മകമായ അനുഭവമാണ്. ഞാന്‍ ഒത്തിരി ധ്യാനപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അതിനേക്കാളൊക്കെ ഏറ്റവും ആഴത്തിലുള്ള ധ്യാനം ഞാന്‍ അനുഭവിക്കുന്നത് എഴുതുമ്പോഴാണ്. എഴുതുന്ന നിമിഷത്തില്‍ എഴുത്തായി മാറുന്ന ഒരു സര്‍ഗക്രിയയുണ്ടല്ലോ, എഴുതുന്നതല്ല കവിത എഴുതപ്പെടുന്നതാണ് എന്നു പറയുന്നതുപോലെ ഒരു വിഷയത്തിലേക്ക് ആണ്ടിരിക്കുമ്പോള്‍ ആണ്ടവനുമായുള്ള സംവദിക്കല്‍പോലെ വാക്കുകള്‍ വരുന്നതാണ്.