6 November 2024, Wednesday
KSFE Galaxy Chits Banner 2

കുടകിന്റെ അക്ഷരശ്രീ

എം കെ നാരായണമൂർത്തി
September 17, 2023 9:15 am

മെർക്കാറയെന്ന കുടകിലേക്ക് യാത്രതിരിക്കുമ്പോൾ മാധ്യമ പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ഒ കെ ജോണിയോട് കുടകിലെ എഴുത്തുകാരെ കാണണമെന്നൊരു ആഗ്രഹം ഞാൻ പറയുകയുണ്ടായി. നൂൽമഴ പെയ്യുന്ന ഒരു സായാഹ്നത്തിൽ വയനാട്ടിലെ ജോണിയേട്ടന്റെ താമസസ്ഥലത്തിരുന്നാണ് ഞാൻ ഈ ആഗ്രഹം പറഞ്ഞത്. കഥയും കവിതയും സിനിമയും ഉന്മാദ മനോഹരമായ ആ സായാഹ്നത്തെ തർക്കവിതർക്കങ്ങളുടെ ഊർജ്ജസ്ഥലിയാക്കിയിരുന്നു. അങ്ങനെയൊരു ആഗ്രഹത്തിന്റെ അകവും പൊരുളും ഒന്നും ചോദിക്കാതെ ജോണിയേട്ടൻ പറഞ്ഞു, സുനിത. മടിക്കേരിയിൽ നിന്നും കുറച്ചകലെ കുശാൽനഗറിലാണ് താമസം. അറിയപ്പെടുന്നത് സുനിത കുശാൽനഗർ എന്ന പേരിലാണ്. നീ പോയി കാണ്. ജോണിയേട്ടൻ മൊബൈൽ നമ്പരും തന്നു. പിറ്റേന്ന് തന്നെ ഞാൻ കുശാൽനഗറിലെത്തി. മൊബൈലിൽ വിളിച്ചു. ആദ്യം ഫോണെടുക്കുന്നുണ്ടായിരുന്നില്ല. ചിലരെ കാണണമെന്ന് തോന്നിയാൽ കണ്ടേ പോകൂവെന്ന പത്രപ്രവർത്തക ദുർവാശിയിൽ പിന്നെയും വിളിച്ചു. ഫോണിൽ കിട്ടി. ഞാൻ സ്വയം പരിചയപ്പെടുത്തി. വൈകുന്നേരം കാണാമെന്ന് പറഞ്ഞു. പറഞ്ഞ സമയത്തു തന്നെ ഞാൻ സുനിതകുശാൽനഗർ എന്ന എഴുത്തുകാരിയുടെ മുന്നിലെത്തി. അധ്യാപികയാണ്. സ്കൂളിൽ നിന്നും വന്നു കയറിയതേയുള്ളൂ. എനിക്കൊരു ചായ തന്നു. കുടകിന്റെ മണം പേറുന്ന ഇളംകാറ്റ്. തണുപ്പ് ഇരച്ചെത്തുന്നുണ്ട്. ചായ കുടിച്ചോളൂ. തണുപ്പല്ലേ? സ്നേഹത്തോടെയുള്ള ആ പറച്ചിലിൽ ഒരു ടീച്ചർക്ക് തന്റെ പ്രിയ വിദ്യാർത്ഥിയോടുള്ള കരുതലുണ്ടായിരുന്നു. ഞാൻ വർത്തമാനം ആരംഭിച്ചു. 

നന്നായി മലയാളം പറയുന്നുണ്ടല്ലോ? കുടകിൽ ജനിച്ചു ഇവിടെ തന്നെ ജീവിക്കുകയും കന്നഡയിൽ എഴുതുകയും ചെയ്യുന്ന ആളല്ലേ? 
എന്റെ കുടുംബം തിരുവിതാംകൂറിൽ നിന്ന് കുടകിലേക്ക് കുടിയേറിയതാണ്, ഉപജീവനാർത്ഥം. കർഷകരായിരുന്നു എന്റെ അച്ഛനും അമ്മയും. വീട്ടിൽ ഇപ്പോഴും ഞങ്ങൾ മലയാളം തന്നെയാണ് പറയുന്നത്. കന്നഡയുടെ സ്വാധീനം ഉണ്ടെന്ന് മാത്രം. ഞങ്ങളുടെ മക്കളും മലയാളം പറയും. എഴുതാനും വായിക്കാനുമറിയില്ല. അവരെ നിർബന്ധിക്കാനുമാകില്ലല്ലോ? ഞാനിപ്പോഴും മലയാളത്തിൽ വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. 

എഴുത്തിലേക്ക് എങ്ങനെയെത്തി?
ദരിദ്രമായിരുന്നു എന്റെ ബാല്യം. എനിക്ക് താഴെ മൂന്ന് അനിയത്തിമാർ. നന്നേ ചെറുപ്പത്തിലേ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോയി. അമ്മ കൂലിപ്പണിയെടുത്താണ് ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും. കൂടെയുള്ളവർ മിഠായി തിന്നുമ്പോൾ കൊതിയോടെ നോക്കിനിന്ന കാലം. നൃത്തത്തോടും വായനയോടും എഴുത്തിനോടും അപ്പോഴേ എനിക്ക് താല്പര്യമുണ്ടായിരുന്നു. കുടകിലെ ഒരു രീതിയനുസരിച്ച് കുടുംബ പേരിലായിരുന്നു എല്ലാവരും അറിയപ്പെട്ടിരുന്നത്. ഉപേക്ഷിക്കപ്പെട്ട ബാല്യത്തിന്റെ കയ്പുള്ളതിനാലാകണം ഞാൻ അങ്ങനെ അറിയപ്പെടാൻ ആഗ്രഹിച്ചില്ല. പക്ഷേ അറിയപ്പെടണമെന്ന വാശി എന്നിലെ കുട്ടിയിൽ ഉണ്ടായിരുന്നു. നൃത്തം അഭ്യസിക്കുകയെന്നത് വലിയ ചിലവുള്ള കാര്യമായിരുന്നു. പക്ഷേ എഴുതാൻ ചിലവില്ലല്ലോ. മനസല്ലേ വേണ്ടത്. അങ്ങനെ ഞാൻ എഴുതി തുടങ്ങി. പിന്നെ പിന്നെ എഴുത്തായി എന്റെ ജീവിതം. അക്ഷരങ്ങളെ ഞാനും അക്ഷരങ്ങൾ എന്നെയും സ്നേഹിച്ചു. അങ്ങനെ ഇവിടെ വരെയെത്തി. 

കവിത, കഥ, വിവർത്തനം.… ഇങ്ങനെ നീളുന്നു സുനിതയുടെ എഴുത്തു ലോകം. ഏതാണ് കൂടുതൽ താൽപര്യം? 
മിക്കവാറും എല്ലാ എഴുത്തുകാരെയും പോലെ ഞാനും കവിതകളിലാണ് തുടങ്ങിയത്. എന്റെ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ വൈകാതെ ഞാൻ മനസിലാക്കി എന്റെ മേഖല കഥയാണെന്ന്. അങ്ങനെ ഞാൻ കഥയെഴുത്തിലേക്ക് കൂടുതൽ ശ്രദ്ധിച്ചു. കഥയാണെനിക്ക് കന്നഡ സാഹിത്യത്തിൽ ഒരു മേൽവിലാസം ഉണ്ടാക്കി തന്നത്. കഥകളെഴുതുമ്പോൾ എനിക്ക് ഒരു ആത്മസാക്ഷാത്കാരം കൂടി സാധിക്കുന്നു. ജീവിതത്തിൽ ഞാൻ തൊട്ടറിഞ്ഞതെല്ലാം പലപല കഥാപാത്രങ്ങളായി വരുന്നു. ( നോട്ടം പുറത്തേക്ക് നീളുന്നു. കണ്ണുകൾ നനയുന്നുമുണ്ട്) അൽപ്പനേരത്തെ മൗനം. 

എഴുതുന്ന ആരുടേയും വിധിയാണിത്. ഓർമ്മകൾ എപ്പോഴും സുഖകരങ്ങളാവില്ലല്ലോ? 
അതേ, ഓർമ്മകൾ സുഖകരങ്ങളാവില്ല. ആവുകയും ചെയ്യരുത്. സുഖമുള്ള ഓർമ്മകൾ വേണം. വേണ്ടാന്നല്ല. എന്റെ ഓർമ്മകളും അനുഭവങ്ങളുമാണ് എന്നെ എഴുത്തിൽ ഇന്നും പിടിച്ചു നിറുത്തുന്നത്. ധാരാളം കഥതന്തുക്കൾ, നമ്മൾ പ്ളോട്ട് എന്നു പറയാറില്ലേ, അതിനിയും ബാക്കിയാണ്. എഴുതാനുള്ള സമയം ലഭിക്കുന്നില്ല. എഴുതാൻ വേണ്ടി എഴുതാനും അറിയില്ല. അത് സംഭവിക്കണം. സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഞാനിപ്പോൾ വിവർത്തനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധിക്കുകയാണ്. കന്നഡയിൽ നിന്നും മലയാളത്തിലേക്കും തിരിച്ചും. 

വിവർത്തനത്തിലേക്ക് ശ്രദ്ധിക്കാനുണ്ടായ കാരണം? 
നോക്കൂ, നമുക്ക് ലോക സാഹിത്യത്തിൽ നിന്നും ധാരാളം വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിലും കന്നഡയിലും. ദസ്തയേവിസ്കിയെയും പാബ്ളോ നെരൂദയെയും കാഫ്കയെയും ഒക്കെ നമുക്ക് അറിയാം. പക്ഷേ കന്നഡയിൽ എഴുതുന്ന വളരെ നല്ല എഴുത്തുകാരുണ്ട്. ഇവരിൽ എത്ര പേരെ മലയാളി വായനക്കാർക്ക് അറിയാം. അതുപോലെ മലയാളത്തിൽ എഴുതപ്പെട്ട ഉന്നതമായ എത്ര സാഹിത്യകൃതികളെ കർണ്ണാടകത്തിൽ അറിയാം. തമിഴിലെ എത്ര പേരെ മലയാളത്തിനും കന്നഡയ്ക്കും അറിയാം. ഇതൊരു വലിയ കുറവായി എനിക്ക് തോന്നുന്നു. ദ്രാവിഡ ഭാഷകളിൽ എഴുതപ്പെടുന്നവയെങ്കിലും മൊഴിമാറ്റം ചെയ്യപ്പെടണം. നല്ല പ്രസാധകർ ഇപ്പോഴും അവ പ്രസിദ്ധീകരിക്കാൻ തയ്യാറാണ്. വീക്കിലികളും മാസികകളും പ്രസിദ്ധീകരിക്കാൻ തയ്യാറാണ്. പക്ഷേ വിവർത്തനത്തിന് കഠിനമായ സാധന വേണം. അന്യന്റെ എഴുത്തിൽ പരകായപ്രവേശം നടത്തുമ്പോൾ സ്വന്തം എഴുത്തിനോടുള്ളതിനേക്കാൾ ഉത്തരവാദിത്വം വേണം. വലിയ ഉത്തരവാദിത്വം ആണിത്. പക്ഷേ അതു സംഭവിക്കണമെന്നാണെന്റെ ആഗ്രഹം. ഏതാണ്ട് ഒരേ സംസ്കാരരീതികളാണ് ദ്രാവിഡത്തിനുള്ളത്. അതു കൊണ്ട് തന്നെ നമുക്ക് നീതിപൂർവം അത് ചെയ്യാൻ കഴിയും. ആഴത്തിലുള്ള വായന ആവശ്യമാണ്. ഞാനിപ്പോൾ കവിതകൾ കൂടുതലായി വിവർത്തനം ചെയ്യാൻ നോക്കുകയാണ്. കുടകിൽ നിന്നു തന്നെയുള്ള പ്രസിദ്ധയായ കവയത്രിയാണ് സ്മിത. സ്മിതയുടെ ഒരു കവിത ഞാനിപ്പോൾ മലയാളത്തിൽ ചെയ്തിരുന്നു. നല്ല പ്രതികരണമാണ് ലഭിച്ചത്. 

വായന മരിക്കുന്ന കാലമാണെന്ന് പറയപ്പെടുന്നു. എന്തു തോന്നുന്നു? 
വായന കുറയുന്നുണ്ടാകാം. പക്ഷേ മരിക്കില്ല. പുസ്തകങ്ങളുടെ പതിവ് ഫോർമാറ്റിൽ നിന്നും മാറി ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗിച്ചുള്ള വായനാ രീതികൾ ഉണ്ടായി. ഇപ്പോൾ കിൻഡിലിൽ എത്രയോ ആയിരം പുസ്തകങ്ങൾ ലഭ്യമാകും. കുറേ പേർ അങ്ങനെ വായിക്കും. പക്ഷേ വായനയും എഴുത്തും എന്നും ഉണ്ടാകും. കുഞ്ഞുങ്ങൾ മുലപ്പാൽ കുടിച്ച് വളരുന്ന കാലത്തോളം എല്ലാ സാഹിത്യവും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഷേക്സ്പിയറെ ആദ്യ കാലത്ത് വായിച്ചിരുന്നത് പോലെയല്ലല്ലോ ഇപ്പോൾ വായിക്കുന്നത്. ഓരോ കാലത്തേയും വായനക്കാരന് ഓരോ കൃതിയും അനുഭവേദ്യമാകുന്നത് പലവിധത്തിലായിരിക്കുമെന്ന് മാത്രം. മലയാളത്തിലെ ഖസാക്കിന്റെ ഇതിഹാസം ഞാൻ പല തവണ വായിച്ചു കഴിഞ്ഞു. ആദ്യം വായിച്ചപ്പോഴുണ്ടായ അനുഭവം അല്ല ഇപ്പോൾ വായിച്ചപ്പോൾ. ഒ വി വിജയൻ നോവലിന്റെ സമാപ്തിയിൽ രവിയെ കൊല്ലേണ്ടിയിരുന്നില്ല എന്ന് ചില വായനയിൽ തോന്നും. ചിലപ്പോൾ അത് അനിവാര്യമായിരുന്നു എന്നും.

കന്നഡയിലെ പുതിയ എഴുത്തുകാരെ കുറിച്ച്? 
എനിക്ക് വളരെ പ്രതീക്ഷയാണവരിൽ. കാദംബരിയിലും (കാദംബരിയെന്നാൽ നോവൽ) കഥയിലും അവർ പുതിയ പരീക്ഷണങ്ങൾ നടത്തുന്നു. യഥാതഥരീതിയിലുള്ള കഥനരീതിയിൽ അവർ വലിയൊരു പൊളിച്ചെഴുത്ത് തന്നെ നടത്തിക്കൊണ്ടിരിക്കുന്നു. മുൻ മാതൃകകളെ അനുകരിക്കാതെ അവർ നടത്തുന്ന പരീക്ഷണങ്ങൾ കന്നഡ സാഹിത്യത്തിന് മാത്രമല്ല, ലോകസാഹിത്യത്തിന് തന്നെ മുതൽക്കൂട്ടാകുമെന്ന് ഞാൻ കരുതുന്നു. ആരുടേയും പേരെടുത്ത് പറയുന്നില്ല. ഈയിടെ ഞാൻ ബാംഗ്ളൂരിൽ ഒരു സാഹിത്യസമ്മേളനത്തിന് പോയിരുന്നു. കന്നഡയിലെ പ്രധാനപ്പെട്ട പുതിയ എഴുത്തുകാരെ ഞാനവിടെ കണ്ടു. പ്രതീക്ഷ തരുന്നതാണ് അവരുടെ എഴുത്തും രീതികളും. സമൂഹത്തെ അവർ ആവാഹിക്കുന്ന രീതികൾ കാണുമ്പോൾ കന്നഡ സാഹിത്യം ഇനിയും പല പരീക്ഷണങ്ങൾക്കു വേദിയാകുമെന്ന് ഞാൻ കരുതുന്നു. കൂവേമ്പു എന്നും യു ആർ അനനന്തമൂർത്തിയെന്നും നമ്മൾ അഭിമാനിക്കുന്നത് പോലെ അഭിമാനം പകരാൻ ഇവിടെത്തെ പുതിയ എഴുത്തുകാർക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കള്ളനാണയങ്ങൾ ഇല്ലെന്നല്ല. അവർക്കിവിടെ സ്പെയ്സ് ലഭിക്കുക പ്രയാസമാണ്. പ്രസാധകരും പുതിയ രീതിയിലുള്ള എഴുത്തുകളെ സ്വാഗതം ചെയ്യുന്നുണ്ട്. വലിയ മാറ്റമാണത്. 

അടുത്തകാലത്ത് ഞാനൊരു കന്നഡയെഴുത്തുകാരിയെ പരിചയപ്പെടുകയുണ്ടായി. അവർ സ്ഥിരമായി മൽസരങ്ങൾക്ക് കൃതികൾ അയ്ക്കുന്നുണ്ട്. അവർക്ക് സമ്മാനങ്ങളും അവാർഡുകളും ലഭിക്കുന്നുമുണ്ട്. എന്തിനാണ് മൽസരങ്ങൾക്ക് കൃതികൾ സ്ഥിരമായി അയയ്ക്കുന്നതെന്ന എന്റെ ചോദ്യത്തിന് അവരുടെ ഉത്തരം ഇങ്ങനെയായിരുന്നു. ഈ സമ്മാനങ്ങൾ കൈപ്പറ്റാൻ മാത്രമാണ് ഞങ്ങൾക്ക് സ്വതന്ത്രമായി വീടിന് പുറത്തേക്ക് സഞ്ചരിക്കാനാവുക. പേട്രിയാർക്കി ഇപ്പോഴും സ്ത്രീകളായ എഴുത്തുകാരെ വേട്ടയാടുന്നുണ്ടോ?
എന്താ സംശയം. സ്ത്രീസ്വതത്തെ അംഗീകരിക്കരിക്കാൻ ഇന്നും സമൂഹത്തിന് മനസില്ല. പുരുഷാധിപത്യം അടിച്ചേൽപ്പിക്കുകയാണ്. അധികാരവും സ്വത്തും ആണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഞാൻ കരുതുന്നു. എഴുത്തുകാരികളെ മാത്രമല്ല പേട്രിയാർക്കി ഭരിക്കുന്നത്. മിക്കവാറും എല്ലാ മേഖലകളിലും പേട്രിയാർക്കി അതിന്റെ രാക്ഷസഭാവത്തിൽ തന്നെയുണ്ട്. ഒരു കാര്യം കൂടിയുണ്ട്. ഇപ്പോൾ സ്ത്രീകൾ ഇത് വക വച്ചു കൊടുക്കുന്നത് ബന്ധങ്ങൾ വഷളാക്കണ്ട എന്നു കരുതി മാത്രമാണ്. ഒരു തരത്തിൽ പറഞ്ഞാൽ പേട്രിയാർക്കി സ്ത്രീകൾ നൽകുന്ന സൗജന്യമാണ്. ഇനിയുള്ള കാലത്ത് പുരുഷന്മാർ അത് മനസിലാക്കുന്നത് നന്നായിരിക്കും. വരുമാനത്തിലും സ്ത്രീകൾ ഇപ്പോൾ പിന്നിലല്ല. എന്തെങ്കിലും ചെയ്ത് അവരും സമ്പാദിക്കുന്നുണ്ട്. 

നോവലെഴുതാൻ ഉദ്ദേശമുണ്ടോ?
ഉടനില്ല. അതിന്റെ പ്ളാനിംഗും ഗവേഷണവും ഞാൻ തുടങ്ങിയിട്ടേയുള്ളൂ. കന്നഡ നോവൽ സാഹിത്യം വളരെ സമ്പന്നമാണ്. അവിടേക്കാണ് ഞാൻ ചെല്ലേണ്ടത്. അതിന്റെ ഒരു ടെൻഷൻ ഇല്ലാതില്ല. പിന്നെ സമയം ഒരു വലിയ പ്രശ്നമാണ്. പക്ഷേ എഴുതും. അതിന്റെ വിവർത്തനം മലയാളത്തിലും ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. 

ധാരാളം അംഗീകാരങ്ങൾ ഇതിനകം തേടിയെത്തിയിട്ടുണ്ടല്ലോ? 
എട്ട് അവാർഡുകളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. അതിൽ സന്തോഷവുമുണ്ട്. ഓരോ അവാർഡും നമ്മളെ കൂടുതൽ ഉത്തരവാദിത്വം ഉള്ളവരാക്കുമെല്ലോ. അതിൽ അമ്മ അവാർഡും കുടകിന ഗൗരമ്മ അവാർഡും ലഭിച്ചപ്പോൾ വലിയ അഭിമാനവും തോന്നി. എന്റെ ഒരു കഥ ‘കല്ലുമൊട്ടൈ’ മാംഗളൂരു യൂണിവേഴ്സിറ്റി ബി കോം വിദ്യാർത്ഥികൾക്ക് പഠിക്കാനായി സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും വലിയ സന്തോഷം നൽകിയ കാര്യമാണ്. തികച്ചും അനൗപചാരികമായി ഞാൻ അഭിമുഖം അവസാനിപ്പിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോൾ ജോണിയേട്ടനെ അന്വേഷണങ്ങൾ അറിയിക്കാനുള്ള ചുമതല കൂടി സുനിത കുശാൽനഗർ എന്നെ ഏൽപ്പിച്ചു.

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.