June 10, 2023 Saturday

Related news

June 5, 2023
May 29, 2023
May 24, 2023
May 22, 2023
May 21, 2023
May 19, 2023
May 17, 2023
May 13, 2023
May 12, 2023
May 9, 2023

മൂത്രപ്പുരയില്‍ പേരും നമ്പരും കുറിച്ച അസിസ്റ്റന്റ് പ്രൊഫസറെ കുടുക്കി തിരുവനന്തപുരത്തെ വീട്ടമ്മ

Janayugom Webdesk
March 21, 2023 1:59 pm

അഞ്ച് വര്‍ഷമായി തിരുവനന്തപുരം പാങ്ങാപ്പാറ സ്വദേശിനിയായ ഒരു വീട്ടമ്മയുടെ നിയമപോരാട്ടം സമൂഹത്തിലെ ഉന്നതനായൊരു വ്യക്തിയുടെ തനിനിറം പുറത്തുകൊണ്ടുവന്നു. കയ്യക്ഷരം ആരുടേയെന്ന് തെളിയിച്ച് ആളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയായിരുന്നു അവര്‍. വീട്ടമ്മയുടെ അയല്‍ക്കാരന്‍ കൂടിയായ ഡിജിറ്റല്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ അരുണ്‍കുമാറിനെയാണ് പൊലീസ് പൊക്കിയത്. എറണാകുളം സൗത് പൊലീസ് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തന്റെ ഫോണിലേക്ക് നിരന്തരം അപരിചിതരുടെ വിളികള്‍ വന്നതോടെയാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയത്. സംസാരിക്കുന്നവര്‍ അശ്ലീലം പറയുകയും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും ചെയ്യുകയുമായിരുന്നു. ഇവരില്‍ നിന്നുതന്നെയാണ് തന്റെ പേരും നമ്പരും എറണാകുളത്തെ റയില്‍വേ സ്റ്റേഷനിലെ മൂത്രപ്പുരയില്‍ എഴുതി വച്ചതായി മനസിലായത്. ഇതോടെ നിയമപരമായ പോരാട്ടത്തിനിറങ്ങുകയായിരുന്നു.

2018 മേയ് നാലിനാണ് വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലച്ചുവയോടെയുള്ള ആദ്യ ഫോണ്‍ വിളി എത്തിയത്. തുടര്‍ന്നിങ്ങോട്ട് വിളികള്‍ അസഹ്യമായി, തമിഴ് കലർന്ന സംസാരമായിരുന്നു കൂടുതലും പേരില്‍ നിന്ന് ഉണ്ടായിരുന്നത്. എങ്ങനെയാണ് തന്റെ നമ്പർ വിളിക്കുന്നവർക്ക് കിട്ടിയതെന്ന ചോദ്യത്തിന് ആദ്യമൊന്നും ഉത്തരം കിട്ടിയില്ല. നാലാം ദിവസം കൊല്ലം സ്വദേശിയായ ഒരാള്‍ യുവതിയെ വിളിച്ചു. വളരെ മാന്യനായി സംസാരിച്ച അയാളാണ് എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന്റെ മൂത്രപ്പുരയുടെ ചുവരിൽ ഫോൺ നമ്പർ എഴുതിവച്ചിരിക്കുന്ന കാര്യം പറഞ്ഞത്. റയിൽവേ സ്റ്റേഷൻ ശൗചാലയത്തിൽ വീട്ടമ്മയുടെ പേരും ഫോൺനമ്പറും കണ്ടതായും വിവരം ധരിപ്പിക്കാനാണ് വിളിച്ചതെന്നും അയാള്‍ പറഞ്ഞു. തുടർന്ന് എഴുതിവച്ചതിന്റെ ചിത്രമെടുത്ത് തെളിവായി വീട്ടമ്മയ്ക്ക് വാട്‌സാപ്പിൽ ആയാൾ അയച്ചുകൊടുത്തു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ നിര്‍ണായകമായത്.

വീട്ടമ്മ ആവശ്യപ്പെട്ടതനുസരിച്ച് അയാൾ തന്നെ ഫോൺ നമ്പർ മായ്ച്ചുകളഞ്ഞു. പിന്നീട് ചുവരിലെ കയ്യക്ഷരം പരിചിതമായി തോന്നിയ വീട്ടമ്മ, അത് അതാരുടേതാണെന്ന അന്വേഷണം തുടങ്ങി. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയായ ഭർത്താവ് സൂക്ഷിച്ചിരുന്ന അസോസിയേഷന്റെ മിനിട്സ് ബുക്കുമായി കയക്ഷരം ഒത്തുനോക്കി. വാട്‌സാപ്പിലൂടെ കൊല്ലം സ്വദേശി അയച്ച ചിത്രത്തിലെ കയക്ഷരവും മിനിട്സ്‌ ബുക്കിലുള്ള ഒരു കയ്യക്ഷരവും തമ്മില്‍ സാമ്യത കണ്ടു. ഇങ്ങനെയാണ് അയല്‍ക്കാരനായ അസിസ്റ്റന്റ് പ്രൊഫസറുടെ മാന്യത അഴിഞ്ഞുവീണത്. തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്കായി ബംഗളൂരുവിലുള്ള സ്വകാര്യ ഫോറൻസിക് ഏജൻസിക്ക് ഇവ അയച്ചു. അവർ രണ്ടും ഒരേ കയ്യക്ഷരമാണെന്ന് ഉറപ്പുവരുത്തി. സൈബർ സെൽ, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ, ഡിജിപി, എറണാകുളം റയിൽവേ പൊലീസ് എന്നിവിടങ്ങളിൽ പരാതിയും തെളിവുകളും നൽകുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ നടന്ന ഫോറൻസിക് പരിശോധനാഫലവും ഇവർക്ക് അനുകൂലമായി. കരിയം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ഭർത്താവിനോട് അസിസ്റ്റന്റ് പ്രൊഫസര്‍ക്കുള്ള വിരോധമാണ് വീട്ടമ്മയുടെ പേരും ഫോൺ നമ്പരും എഴുതിവയ്ക്കാന്‍ കാരണമായത്.

 

Eng­lish Sam­mury: Case against assis­tant pro­fes­sor who wrote neigh­bor wom­an’s phone num­ber in pub­lic toilet

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.