എഴുത്തുകാരന്‍ പി എന്‍ ദാസ് അന്തരിച്ചു

Web Desk
Posted on July 28, 2019, 3:51 pm

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ പി എന്‍ ദാസ് (72) അന്തരിച്ചു. തലക്കുളത്തൂര്‍ പറമ്പത്താണ് താമസം. സംസ്‌കാരം നാളെ  രാവിലെ 10ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍. പട്ടാമ്പി സംസ്‌കൃത കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പി എന്‍ ദാസ്, പഠന കാലത്ത് തന്നെ കൈയ്യെഴുത്ത് മാസികകളിലും ലിറ്റില്‍ മാസികകളിലും എഴുതിയിരുന്നു. ‘ദീപാങ്കുരന്‍’ എന്ന തൂലികാ നാമത്തിലും എഴുതിയിരുന്നു. നിരോധിക്കപ്പെട്ട ‘പ്രസക്തി’ മാസികയിലും പി.എന്‍ ദാസിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് തടവുശിക്ഷ അനുഭവിച്ച അദ്ദേഹം, ജയില്‍ വാസത്തിന് ശേഷം ‘വൈദ്യശസ്ത്രം’ എന്ന പേരില്‍ ഒരു മാസിക കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.

ഈ മാസികയിലും ‘ദീപാങ്കുരന്‍’ എന്ന പേരിലാണ് ലേഖനങ്ങള്‍ എഴുതിയിരുന്നത്. 23 വര്‍ഷം എഴുതിയ ലേഖനങ്ങള്‍ ‘സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌കാരവും’ എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ധ്യാനപാഠങ്ങള്‍, കരുണയിലേക്കുള്ള തീര്‍ഥാടനം, ബുദ്ധന്‍ കത്തിയെരിയുന്നു, വേരുകളും ചിറകുകളും, ജീവിതഗാനം എന്നീ കൃതികളും രചിച്ചിട്ടുണ്ട്. ‘ഒരു തുള്ളിവെളിച്ചം’ എന്ന കൃതിക്ക് 2014ലെ വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍ നമ്പൂതിരി എന്‍ഡോവ്മെന്റ് ലഭിച്ചിട്ടുണ്ട്.ഭാര്യ: രത്നം (റിട്ട. അധ്യാപിക, ഗുരുദേവ വിലാസം എ.എല്‍.പി സ്‌കൂള്‍) മക്കള്‍: പി.എന്‍ മനു (വണ്‍ഇന്ത്യ ഓണ്‍ലൈന്‍), മനീഷ് (പൊയില്‍കാവ് എച്ച്.എസ്.എസ്), ദീപാ രശ്മി (സി.എം.സി എച്ച്.എസ്.എസ്). മരുമക്കള്‍: സുദേഷ്ണ (ബി.എം.എച്ച് അക്കാദമി), സിജി (കെ.എം.സി.ടി കോളജ്), അഖില്‍ (കോണ്‍കോര്‍ഡ് ട്രാവല്‍സ്). സഹോദരങ്ങള്‍: രവീന്ദ്രന്‍, സിദ്ധാര്‍ഥന്‍, വിജയന്‍, ഇന്ദിര, പ്രഭാകരന്‍, ബാബു.

 

You May Also Like This: