കെ രംഗനാഥ്
ഷാര്‍ജ: കൊറോണ വൈറസിന്റെ കളിയാട്ടത്തില്‍ ചൈനയിലെ വുഹാനില്‍ നൂറുകണക്കിനു മരിച്ചുവീഴുന്ന വിയോഗവ്യഥ. ഇങ്ങ് യുഎഇയിലെ ഷാര്‍ജയിലെ വുഹാനില്‍ ചൈനീസ് രുചിയുത്സവത്തിന്റെ ആഘോഷരാവുകള്‍.
ഷാര്‍ജയില്‍ അന്‍സാര്‍മാജിലെ വുഹാന്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനും വാങ്ങാനുമെത്തുന്ന വിവിധ ജനവിഭാഗങ്ങളുടെ തിരക്കൊഴിഞ്ഞ നേരമില്ല. വുഹാന്‍ റസ്റ്റോറന്റിലെത്തുന്നവരില്‍ മിക്കവരും മാളിലെ ഉപഭോക്താക്കള്‍. ഭക്ഷണം കഴിക്കുന്നവരെക്കാള്‍ സെല്‍ഫി കമ്പക്കാരും ഇടിച്ചു കയറുന്നു; ഹോട്ടലിന്റെ പേരുള്ള ബോര്‍ഡുമായി ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍. എന്നിട്ട് സമൂഹമാധ്യമങ്ങളില്‍ ചിത്രസഹിതം പോസ്റ്റിട്ടും ‘ഞങ്ങളിപ്പോള്‍ വുഹാനിലാണ്. ഇവിടെ ചൈനീസ് വുഹാനിലെ മരണത്തിന്റെ മണമില്ല. അനുശോചനമില്ല. ഞങ്ങളുടെ ഷാര്‍ജാ വുഹാനില്‍ ഇത് ആഘോഷത്തിന്റെ രാപകലുകള്‍. ഇവിടെ മരണഗന്ധത്തിനു പകരം ചൈനീസ് ഇഷ്ടഭോജ്യങ്ങളുടെ മണമാണ്.
പ്രശസ്തമായ വുഹാന്‍ റസ്റ്റോറന്റ് താരമായത് വുഹാനില്‍ കൊറോണ വൈറസ് മരണതാണ്ഡവമാടുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണെന്ന് മാനേജര്‍ മുഹമ്മദ് യൂസഫ് പറയുന്നു. വുഹാന്‍ ഭക്ഷണശാലയിലെ തിരക്ക് പാതിരാ കഴിഞ്ഞും നീളുന്നു. കലക്കന്‍ ബിസിനസ്. ദിവസങ്ങള്‍ക്കുള്ളിലുണ്ടായ കൗതുകകരമായ മാറ്റമാണിതെന്നാണ് ഉടമയായ പാകിസ്ഥാനി യൂനസ് അസിസ് അഭിപ്രായപ്പെടുന്നത്. ഒന്നുണ്ട് നിബന്ധന. ആ വുഹാനില്‍ നിന്നോ ചൈനയില്‍ നിന്നോ വരുന്നവര്‍ക്ക് നേരേയിങ്ങ് ഈ വുഹാനിലേക്ക് വരാനാവില്ല. യുഎഇയിലെ കൊറോണ വൈറസ് പരിശോധനയുടെ ഫലത്തില്‍ രോഗവിമുക്തിയായവര്‍ക്കു മാത്രമേ വുഹാന്‍ റസ്റ്റോറന്റില്‍ പ്രവേശനമുള്ളു. ലോകമൊട്ടാകെ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഈ രോഗബാധയുള്ളപ്പോള്‍ നമ്മളെന്തിന് റിസ്കെടുക്കണമെന്നും യൂനസിന്റെ പ്രസക്തമായ ചോദ്യം. മറ്റൊരുകാര്യം വുഹാന്‍ എന്ന പേരുമാത്രമേ കടമെടുത്തിട്ടുള്ളു. ഉടമയും ജീവനക്കാരുമെല്ലാം അന്യരാജ്യക്കാര്‍. ഏതാനും മലയാളികളും ഈ വുഹാനില്‍ ജോലി ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.