Monday
22 Apr 2019

ആരോഗ്യവാനായി ചെറുവയല്‍ രാമന്‍ വയനാട്ടില്‍ തിരിച്ചെത്തി

By: Web Desk | Tuesday 30 October 2018 6:34 PM IST


Gene Bank Cheruvayal Raman

കൃഷി സ്‌നേഹികള്‍ സംഘടിപ്പിച്ച വയലും വീടും പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോയ രാമന് പരിപാടിക്ക് തൊട്ടു മുമ്പാണ് ഗുരുതരമായ ഹൃദയാഘാതമുണ്ടായത്

കല്‍പറ്റ:കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ജനറല്‍ കൗണ്‍സില്‍ അംഗം ചെറുവയല്‍ രാമന്‍ ചികിത്സക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ആശങ്കകള്‍ക്ക് വിരാമമിട്ട് ആരോഗ്യവാനായാണ് രാമേട്ടനെത്തിയത്.ദുബായില്‍ നിന്നുള്ള വിമാനത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കരിപ്പൂരിലിറങ്ങിയ അദ്ദേഹവും മകന്‍ രാജേഷും രാത്രിയോടെയാണ് വയനാട്ടിലെ മാനന്തവാടി കമ്മന ചെറുവയല്‍ തറവാട്ടിലെത്തിയത്.ഒക്ടോബര്‍ അഞ്ചിന് ദുബായില്‍ കൃഷി സ്‌നേഹികള്‍ സംഘടിപ്പിച്ച വയലും വീടും പരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ മൂന്നിനാണ് രാമേട്ടന്‍ ദുബായിലേക്ക് പോയത്. പരിപാടിക്ക് തൊട്ടു മുമ്പാണ് ഗുരുതരമായ ഹൃദയാഘാതമുണ്ടായത്.ഉടന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജായ ചെറുവയല്‍ രാമന്‍ പ്രവാസി മലയാളികളോടൊപ്പം രണ്ടാഴ്ച വിശ്രമിച്ചു.ചികിത്സക്കിടെ പ്രവാസി സുഹൃത്തുക്കള്‍ ചേര്‍ന്ന് രാമന്റെ മകന്‍ രാജേഷിനെയും ദുബായിലെത്തിച്ചിരുന്നു. പലരുടെയും സഹായത്താല്‍ പത്ത് ലക്ഷത്തിലധികം രൂപ ചിലവില്‍ ചികിത്സ നടത്തിയാണ് ഗുരുതരാവസ്ഥയിലായിരുന്ന ചെറുവയല്‍ രാമനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.  നാട്ടിലേക്കുള്ള മടക്കയാത്രക്ക് മുമ്പ് വയലും വീടും പരിപാടിയില്‍ പങ്കെടുത്ത്,പ്രതിസന്ധി ഘട്ടത്തില്‍ സഹായികളായ സംഘാടകരോടും സുഹൃത്തുക്കളോടും രാമന്‍ നന്ദി അറിയിച്ചു.അഞ്ച് ഏക്കര്‍ ഭൂമിയും അമ്പതിലധികം പാരമ്പര്യ നെല്‍വിത്തുകളും നൂറ് കണക്കിന് സുഹൃത്തുക്കളും മാത്രമാണ് ഇതുവരെ രാമേട്ടനുള്ള സമ്പാദ്യം. വൈക്കോല്‍ കൊണ്ട് മേഞ്ഞ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂരയാണ് രാമന്റെ ചെറുവയല്‍ തറവാട്. വയനാട്ടിലെ പ്രധാന പട്ടികവര്‍ഗ്ഗ വിഭാഗമായ കുറിച്യ സമുദായത്തിലെ 56 തറവാടുകളിലൊന്നാണിത്.രാമനും ഭാര്യയും രണ്ട് ആണ്‍മക്കളും ഭാര്യമാരും അവരുടെ മക്കളും അടങ്ങുന്ന കുടുംബം ഈ കൂരക്കുള്ളിലാണ് താമസം.ഒരു മുറി അറപ്പുരയായി ഉപയോഗിച്ച് അതിനുള്ളില്‍ തുമ്പയെന്ന മുള കൊണ്ടുള്ള കൂടകളിലും നെല്‍ കതിര്‍ കൂട്ടിക്കെട്ടിയും, മൂടിക്കെട്ടിയുമാണ് നെല്‍വിത്തുകള്‍ സംരക്ഷിച്ചു പോരുന്നത്.സ്വന്തം വയലില്‍ അമ്പതിലധികം നെല്‍വിത്തുകള്‍ ജൈവ രീതിയില്‍ കൃഷി ചെയ്ത് പാരമ്പര്യ നെല്‍വിത്തിനങ്ങള്‍ സംരക്ഷിച്ചാണ് രാമന്‍ പ്രശസ്തനായത്. വിവിധ ലോകരാജ്യങ്ങളും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് കൃഷിയുടെ മഹത്വവും പാരമ്പര്യ വിത്ത് സംരംക്ഷണത്തിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിച്ചു.2014- ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്റ് ജീനോം സേവ്യര്‍ പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ ചെറുവയല്‍ രാമന് ലഭിച്ചു. കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ചെറുവയല്‍ രാമനെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാക്കി. കൃഷിയും ഈ നെല്‍വിത്തുകളുമല്ലാതെ മറ്റൊരു സമ്പാദ്യവും രാമേട്ടനില്ല.പലയിടത്തും വാഹന കൂലി മാത്രം വാങ്ങിയും സ്വന്തം കൈയ്യില്‍ നിന്ന് ചിലവ് ചെയ്തു മായിരുന്നു കൃഷിക്ക് വേണ്ടി അദ്ദേഹം ലോകം ചുറ്റിയത്.ഇനി രാമേട്ടന് പഴയതുപോലെ കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെടാനാവില്ല.വിശ്രമം വേണമെന്നും തുടര്‍ ചികിത്സ വേണമെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.അതിന് പണവും വേണം.എന്നാല്‍ ചില്ലി കാശ് കൈയ്യിലില്ല.

ജനയുഗം വാര്‍ത്തയെ തുടര്‍ന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ മുന്‍കൈ എടുത്ത് ദുബായില്‍ എല്ലാ സാഹായങ്ങളും ചെറുവയല്‍ രാമന് ലഭ്യമാക്കിയിരുന്നു