Friday
20 Sep 2019

സാഹസിക വിനോദ സഞ്ചാരത്തിന്റെ വശ്യത സമ്മാനിച്ച് കുറുമ്പാലകോട്ട

By: Web Desk | Monday 29 October 2018 9:52 PM IST


പ്രഭാതത്തിലെ കുറുമ്പാലകോട്ടയിലെ ദൃശ്യങ്ങള്‍

ജോമോന്‍ ജോസഫ്
കല്‍പറ്റ:സാഹസിക വിനോദ സഞ്ചാരം ഇഷ്ട്ടപെടുന്നവര്‍ക്ക് ഹൃദ്യമായ കാഴ്ചാനുവഭവുമായി കുറുമ്പാലക്കോട്ട മല നിരകള്‍.മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാനും നൂറുകണക്കിനാളുകള്‍ മലകയറിത്തുടങ്ങി.മഴ പെയ്തു തീര്‍ന്നാലും മരം പെയ്യുന്ന കുള്ളന്‍ കാടുകളാണ് കുറുമ്പാലക്കോട്ടയുടെ വരദാനം.കുളിരിന്റെ കൂടാരമാണ് ഈ കുഞ്ഞിക്കാടുകള്‍.പണ്ടുകാലത്തൊക്കെ വന്യമൃഗങ്ങളും ഉണ്ടായിരുന്നു. എന്നാലിപ്പോഴിതൊന്നും ഇവിടെയില്ല. കുറുമ്പാലക്കോട്ട പതിയെ കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചാസ്ഥലങ്ങളിലൊന്നായി മാറുകയാണ്. ഒരു സൂചനാബോര്‍ഡുപോലുമില്ലാതിരുന്നിട്ടും അയല്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം വിനോദ സഞ്ചാരികള്‍ എത്തുകയാണ് ഇവിടെ,ഉദയാസ്തമന സൂര്യനെ കാണാനും അനുഭൂതി നുകരാനും. ദിവസങ്ങള്‍ കഴിയുന്തോറും ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ദ്ദിച്ചുകൊണ്ടിരിക്കുകയാണ്.കുറുമ്പാലക്കോട്ടയില്‍ നിന്നുള്ള വയനാടിന്റെ പുലര്‍കാലം കാണാനാണ് ഈ യാത്ര.ആറ് മണിയാകുമ്പേഴേക്കും മലയുടെ നെറുക സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും.പിന്നെയാണ് കാഴ്ച.മേഘങ്ങളുടെ തൂവെള്ള കൊട്ടാരത്തില്‍ നിന്നും സ്വര്‍ണ്ണരഥത്തില്‍ സൂര്യന്‍ എഴുന്നെള്ളുന്ന ദൃശ്യം. പഞ്ഞിക്കെട്ടുകള് കൊണ്ട് താഴ്‌വാരമാകെ മൂടുമ്പോള്‍ അതിനുമുകളില് നിന്നും നോക്കെത്താ ദൂരമുള്ള ആകാശ വിസ്മയങ്ങള്‍ ഏതൊരു ഹില്‍ പോയിന്റിനും പകരമാവാത്ത ഈ കാഴ്ചകള്‍ തന്നെയാണ് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.നാട്ടില്‍ നിന്നും,മറുനാട്ടില്‍ നിന്നും ഒട്ടേറെ സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ നാട്ടുകാരും അതിരാവിലെ തന്നെ കുറുമ്പാലക്കോട്ടയിലേക്ക് കുടുംബ സമേതം പോകുന്നുണ്ട്. സഞ്ചാരികള്‍ കണ്ടെത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് കുറുമ്പാല കോട്ട.ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പവലിയന്‍ പോലെ ചുറ്റിലും മാനം തൊടുന്ന മലനിരകള്‍ അതിന് ഒത്ത നടുവിലാണ് കുറുമ്പാലക്കോട്ടയെന്ന ഒറ്റ മലയുള്ളത്.ഇതിനു മുകളില്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്. വയനാട് ടൂറിസത്തിന്റെ പട്ടികയിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികള്‍ തന്നെയാണ് ഈ മലയുടെ നെറുകയിലേക്കുള്ള വഴി കണ്ടെത്തിയത്. അതിരാവിലെ അഞ്ചുമണിയാവുമ്പോഴേക്കും ഗ്രാമവഴികളിലൂടെ എവിടെ നിന്നൊക്കെയോ ബുള്ളറ്റുകളും ബൈക്കുകളും പറന്നെത്തി തുടങ്ങും.വയനാട്ടിലെ മഴ നനയാനും പ്രകൃതിയെ തൊട്ടറിയാനും കുറുമ്പാലക്കോട്ട ഗംഭീരം.വേനല്‍ക്കാലത്താണെങ്കില്‍ തെളിഞ്ഞ ആകാശത്തിന് താഴെ അനേകം പൊട്ടുകളായി മേഘങ്ങളെ അടുത്തുകാണാം. പുലര്‍ച്ചെ കാറ്റുണ്ടെങ്കില്‍ ഈ മേഘപാളികള്‍ തൊട്ടുരുമി അകന്നു പോകും.വയനാടിന്റെ പൂര്‍ണമായ ആകാശക്കാഴ്ചയാണ് നട്ടുച്ചയിലും ഇവിടെയെത്തുന്നവരെ കാത്തിരിക്കുക.വൈകുന്നേരം അങ്ങ് ദൂരെ പശ്ചിമ ഘട്ടത്തിലുളള ബാണാസുര സാഗര്‍ മലനിരകളുടെ നെറുകയിലേക്ക് ചെഞ്ചായം വിതറി സൂര്യന്‍ ഒളിച്ചുപോകുന്നതും ഇവിടെ നിന്നും കാണുമ്പോള്‍ കൂടുതല്‍ മനോഹരം.സാങ്കല്‍പികമായ കോട്ടയുടെ ഐതിഹ്യങ്ങള്‍ പശ്ചിമഘട്ടത്തിലെ ഈ ഒറ്റമലയെ സമ്പുഷ്ടമാക്കുന്നു.ഒരര്‍ഥത്തില്‍ പ്രകൃതിയുടെ ഒരു ജലസംഭരണികൂടിയാണ് ഈ മല. മഴക്കാലത്ത് വേണ്ടുവോളം മഴവെള്ളം ആവാഹിക്കുന്ന മല നിരകള്‍ വേനൽക്കാലത്ത് താഴ്‌വാരത്ത് വരള്‍ച്ചയുടെ കാഠിന്യം അറിയിക്കുന്നേയില്ല.പച്ചവിരിപ്പിട്ട തെരുവ പുല്ലുകള്‍ക്കിടയിലൂടെ നനഞ്ഞ് കുതിര്‍ന്ന് കാറ്റിനെ പ്രണയിച്ച് മഴ മേഘങ്ങളെ തൊടാന്‍ ഇഷ്ടമുള്ളവരക്ക് കുറുമ്പാല കോട്ടയിലേക്ക് വരാം.

 

Related News