Janayugom Online
x ray-janayugom

മിക്ക എക്‌സറെ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ

Web Desk
Posted on December 13, 2018, 6:43 pm
കണ്ണൂർ:  തലശ്ശേരിജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക എക്‌സറെ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ ചിലത് പ്രവര്‍ത്തിക്കുന്നതാകട്ടെ ലൈസെന്‍സില്ലാതെയും. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് (എ എ ആര്‍ ബി)ന്റെ പരിശോധനയിലാണ് കണ്ടെത്തല്‍.
റേഡിയേഷന്‍, എക്‌സറെ, റേഡിയോ തെറാപ്പി തുടങ്ങിയ സ്ഥാപനങ്ങളെ കുറിച്ച് നിരവധി ആക്ഷേപങ്ങളും പരാതിയും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ഇത്തരം സ്ഥാപനങ്ങളിലെ യന്ത്രങ്ങള്‍ ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് നിയമം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പടെ ഈചട്ടം ലംഘിക്കപ്പെടുകയാണ്. ഇന്നലെ തലശ്ശേരിയില്‍ നാലിടങ്ങളില്‍ സംഘം പരിശോധന നടത്തി ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്തെ എക്‌സറെ യൂണിറ്റ് ലൈസെന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയും സ്ഥാനം സീല്‍ ചെയ്യുകയും ചെയ്തു. ജനറല്‍ ആശുപത്രി ഉള്‍പ്പടെ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കേരളത്തില്‍ തൃശൂരും,കൊച്ചിയിലുമായി മൂന്ന് സ്ഥാപനങ്ങള എ  എ ആര്‍ ബി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവിടെയുള്ള സാങ്കേതിക വിദഗ്ദ്ധര്‍ പരിശോധിച്ചാണ് ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഇതിനായി രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെയാണ് ചിലവ് എന്നിരിക്കെ ലക്ഷകണക്കിന് രൂപ വരുമാനമുള്ള ആശുപത്രികള്‍ പോലും നാമമാത്രമായ തുക നല്‍കി ഗുണനിലവാര പരിശോധനകള്‍ നടത്തുന്നില്ല. സംസ്ഥാനത്ത് നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനകള്‍ നടത്തുന്നത്.