May 28, 2023 Sunday

തിരുപ്പിറവിയുടെ സ്മരണയിൽ ലോകം ക്രിസ്മസ് ആഘോഷിക്കുന്നു…

Janayugom Webdesk
December 25, 2019 9:01 am

തിരുവനന്തപുരം: ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളവും തിരുപ്പിറവി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. കേരളമെമ്ബാടുമുള്ള വിവിധ ദേവാലയങ്ങളില്‍ ക്രിസ്തുവിന്‍റെ തിരുപ്പിറവി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥനകളും പാതിരാക്കുര്‍ബാനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. പൗരത്വനിയമഭേദഗതിയുടെ ഭാഗമായി നടക്കുന്ന പ്രതിഷേധങ്ങള്‍ പരോക്ഷമായെങ്കിലും പരാമര്‍ശിച്ചു കൊണ്ടായിരുന്നു പല സഭാധ്യക്ഷന്‍മാരുടെയും ക്രിസ്മസ് ദിന സന്ദേശവുമായുള്ള പ്രസംഗങ്ങള്‍.

ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച്‌ ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ ഓര്‍മ പുതുക്കുകയാണ് ക്രൈസ്തവ വിശ്വാസികള്‍. യാക്കോബായ സുറിയാനി സഭയുടെ കൊച്ചി എളംകുളം സെന്‍റ് മേരീസ് സൂനോറോ കത്തീഡ്രലില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി മോര്‍ ഗ്രിഗോറിയോസ് ജോസഫ് മുഖ്യ കാര്‍മികത്വം വഹിച്ചു. പള്ളിയിലെ പ്രാര്‍ഥനക്കു ശേഷം പ്രത്യേക തീജ്വാല ശുശ്രൂഷയും നടന്നു.

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബെസലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മങ്ങള്‍ക്കും മുഖ്യകാര്‍മികനായി. മനുഷ്യജീവന് വിലകൊടുക്കാത്തവര്‍ വര്‍ധിച്ചുവരികയാണെന്നും മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കുന്നവര്‍ ലോകത്തെല്ലായിടത്തുമുള്ളതുപോലെ ഇന്ത്യയിലമുണ്ടെന്നും ആദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് മലങ്കര സിറിയന്‍ കാത്തലിക് കത്തീഡ്രലില്‍, അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമ്മിസാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോ. സൂസെപാക്യം ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. രാജ്യത്തെ എല്ലാ ജനതയിലും പരസ്പര സ്നേഹവും പരസ്പര വിശ്വാസവും പുനഃപ്രതിഷ്ഠിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് ക്രിസ്മസ് ദിന സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും ക്രിസ്മസ് സന്ദേശം പകര്‍ന്നു നല്‍കി. വിഭാഗീയതകള്‍ക്കതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്‍റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കാമെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.