May 28, 2023 Sunday

പുതുവർഷത്തെ വരവേൽക്കാൻ ഷാർജയിൽ കരിമരുന്നു പ്രയോഗം

Janayugom Webdesk
December 24, 2019 6:34 pm

പുതുവർഷത്തെ ആഘോഷപൂർവം വരവേൽക്കാൻ ഒരുങ്ങി ഷാർജ. പത്തു മിനുട്ടോളം നീണ്ടു നിൽക്കുന്ന ഗംഭീര കരിമരുന്നു പ്രയോഗമാണ് അൽ മജാസ് വാട്ടർ ഫ്രണ്ടിൽ സന്ദർശകർക്കായി ഒരുക്കുന്നത്. പതിനാറു ബാർജുകളിൽ നിന്നായി ഖാലിദ് തടാകത്തിന്റെ ആകാശത്ത് വർണ വിസ്മയം തീർക്കുന്ന കരിമരുന്നു പ്രയോഗത്തോടൊപ്പം വാട്ടർ ഫ്രന്റിലെ ‘ഷാർജ ജലധാരയും’ നൃത്തം ചെയ്യും.

കഴിഞ്ഞ വർഷങ്ങളിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് സന്ദർശകരാണ് പുതുവർഷ രാവ് ആഘോഷിക്കാൻ ഷാർജയിലെത്തിയത്. താരതമ്യേനെ കുറഞ്ഞ ട്രാഫിക്കും കുടുംബസമേതം ആസ്വദിക്കാനുള്ള സൗകര്യങ്ങളുമാണ് യുഎഇ നിവാസികളെ അൽ മജാസ് വാട്ടർ ഫ്രണ്ടിന്റെ ആരാധകരാക്കുന്നത്. “വിവിധ എമിറേറ്റുകളിൽ നിന്നായി ഒരുപാട് പേർ കഴിഞ്ഞ വർഷങ്ങളിൽ എത്തിയിരുന്നു. ഇത്തവണ കൂടുതൽ പേർ എത്തുമെന്നാണ് കരുതുന്നത്. ട്രാഫിക് ബ്ലോക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ നേരെത്തെയെത്തുന്നത് നല്ലതാണ്. കാഴ്ച കാണാൻ കോർണിഷിൽ നല്ല ഇരിപ്പിടം പിടിക്കാനും ഇതുവഴി സാധിക്കും” — അൽ മജാസ് വാട്ടർ ഫ്രണ്ട് മാനേജർ മർവ ഉബൈദ് അൽ ഷംസി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികൾ ഒരുക്കുന്ന അൽ മജാസിലെ റെസ്റ്ററന്റുകളിൽ നേരത്തെ ഇരിപ്പിടം ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കോർണിഷിലേക്ക് നീളുള്ള ഭക്ഷണശാലകളിൽ രുചി നുണയുന്നതോടൊപ്പം കരിമരുന്നു പ്രയോഗത്തിന്റെയും ജലധാരയുടെയും കാഴ്ചകൾ കൂടുതൽ മിഴിവോടെ ആസ്വദിക്കാനാകും. സഹർ ലൈമൂൻ, അൽ ഫനാർ, റ്റിജിഐ ഫ്രൈഡേ, സറൂബ്‌ തുടങ്ങി മജാസിലെ രുചികേന്ദ്രങ്ങളെല്ലാം നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 06 511 7011 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അൽ നൂർ ദ്വീപിന്റെ കരയിൽ റൊമാന്റിക്ക് ഡിന്നർ

ഖാലിദ് തടാകത്തിന്റെ ആകാശത്ത് കരിമരുന്നുകൾ വർണ്ണപ്രപഞ്ചം തീർക്കുന്നത് ഇത്തിരി റൊമാന്റിക്കായി, തിരക്കും ബഹളവും ഒന്നുമില്ലാതെ രുചിയോടെ ആസ്വദിക്കണം എന്നുണ്ടോ? അതിനുള്ള അവസരവുമുണ്ട്. യുഎഇയിലെ തന്നെ പ്രിയപ്പെട്ട വിനോദകേന്ദ്രങ്ങളിലൊന്നായ ഷാർജ അൽ നൂർ ദ്വീപിന്റെ കരയിൽ പുതുവർഷ രാവിൽ സന്ദർശകർക്കായി പ്രെത്യേക ഡിന്നർ ഒരുങ്ങും. ദ്വീപിനകത്തെ അൽ നൂർ കഫെയാണ് വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കുന്നത്.

“ഖാലിദ് തടാകത്തിന്റെ കാഴ്ചകളും ഓളങ്ങളുടെ സംഗീതവും തണുപ്പുകാല കാറ്റും ആസ്വദിച്ച് അൽ മജാസിലെ കരിമരുന്നു പ്രയോഗം ആസ്വദിക്കാൻ പാകത്തിലാണ് ദ്വീപിലെ ഇരിപ്പിടങ്ങൾ. നഗരത്തിന്റെ തിരക്കോ പുതുവർഷരാവിന്റെ ബഹളമോ ഇല്ലാതെ എന്നാൽ എല്ലാ ആഘോഷവും കണ്ടാസ്വദിക്കാൻ പാകത്തിലുള്ള ഒരനുഭവമാവും ഇത്” — മധ്യ‑കിഴക്കൻ പ്രദേശങ്ങളിലെ ശുറൂഖ് വിനോദകേന്ദ്രങ്ങളുടെ ഓപ്പറേഷൻ ഡയറക്ടർ മഹ്മൂദ് റാഷിദ് അൽ സുവൈദി പറയുന്നു.

രാത്രി പത്തു മണിക്ക് അതിഥികൾക്കായി വാതിൽ തുറക്കുന്ന ദ്വീപ് പുലരുവോളം പ്രവർത്തിക്കും. 290 ദിർഹമാണ് ഭക്ഷണമടക്കം മുതിർന്നവർക്കുള്ള നിരക്ക്. മൂന്നു മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 150 ദിർഹം. നേരത്തെ ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ബുക്ക് ചെയ്യാൻ 056 992 9983, 06 506 7000 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.