Saturday
07 Dec 2019

യാക്കോബായ സഭ പ്രക്ഷോഭത്തിന്;  പള്ളി നിയമം വീണ്ടും ചർച്ചകളിൽ

By: Web Desk | Friday 22 November 2019 8:08 PM IST


ബേബി ആലുവ

കൊച്ചി: പള്ളി നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ സഭ രംഗത്തിറങ്ങിയതോടെ ഇതു സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. ഈ ആവശ്യമുന്നയിച്ച് 27ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് നടത്താനാണ് സഭയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കൗൺസിലിന്റെ തീരുമാനം. സഭയ്ക്ക് പഴയ നല്ല നാളുകളിലേക്കു തിരിച്ചു പോകാൻ ചർച്ച് ആക്ട് ആണ് ഫലപ്രദമായ മാർഗ്ഗമെന്നാണ് യാക്കോബായ സഭയുടെ നിലപാട്. ക്രിസ്തീയ സഭകളിലെ ജീർണ്ണതയ്ക്ക് മുഖ്യ കാരണം സ്വത്തിന്റെ ദുരുപയോഗമാണെന്നും സഭകളുടെ സ്വത്ത് വിശ്വാസികൾ കൂടി ഉൾപ്പെടുന്ന സമിതികൾ ഭരിക്കുമെന്ന് ഉറപ്പാക്കുന്ന നിർദ്ദിഷ്ട ബില്ലിനെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ച ക്രിസ്തീയ സഭാ നേതൃത്വങ്ങളിലെ ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും യാക്കോബായ സഭ കുറ്റപ്പെടുത്തുന്നു.

പ്രക്ഷോഭ പരിപാടികൾക്കായി സഭയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത കൂട്ടായ്മയിൽ വിവിധ ക്രിസ്തീയ സഭകളുടെ പ്രതിനിധികളുമുണ്ട്. കൂട്ടായ്മ തൃപ്പൂണിത്തുറയിൽ യോഗം ചേർന്ന് ബില്ല് നടപ്പാക്കണമെന്ന പ്രമേയം പാസ്സാക്കിയിരുന്നു. നേരത്തെയും യാക്കോബായ സഭാ നേതൃത്വം ബില്ലിന് അനുകൂലമായിരുന്നെങ്കിലും അതിനു വേണ്ടി സമരരംഗത്തിറങ്ങാൻ തീരുമാനിച്ചത് ഇപ്പോഴാണ്. ലത്തീൻ സഭയിലും പള്ളി നിയമത്തിന് അനുകൂലമായ നിലപാടുകാരുണ്ട്. സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതാ നേതൃത്വത്തിന്റെ ഭൂമി ഇടപാട് വിവാദമായപ്പോൾ ചർച്ച് ആക്ടിന്റെ അനിവാര്യത സഭയിലെ പരിഷ്കരണവാദികൾ ഉയർത്തിയിരുന്നു. യാക്കോബായ സഭയുടെ ഇപ്പോഴത്തെ നീക്കം സീറോ മലബാർ സഭയുടെയും മറ്റും നേതൃത്വങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.

അതേസമയം, ഇതിൽ നിന്നു തികച്ചും വ്യത്യസ്തവും കടുത്ത ശുപാർശകൾ അടങ്ങുന്നതുമായ ഒരു ബില്ലിന് 2008ൽ ആന്ധ്രയിൽ വൈ എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ രൂപം കൊടുത്തിരുന്നു. അവിടത്തെ ക്രൈസ്തവ സ്ഥാപനങ്ങളുടെ സ്വത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമത്തിന്റെ കരട് സർക്കാർ തന്നെ പൊതുചർച്ചയ്ക്കായി പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വസ്തുത മറച്ചുവച്ചുകൊണ്ടാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ചർച്ച് ആക്ടിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ കുളം കലക്കാൻ യുഡിഎഫ് നേതാക്കൾ രംഗത്തിറങ്ങിയത്. നിയമത്തിന്റെ കരട് രൂപം ഇതുവരെ സർക്കാരിലേക്ക് എത്തിയിട്ടില്ലെന്നും നിയമപരിഷ്കരണ കമ്മിഷന്റെ വെബ്സൈറ്റിൽ കരട് പ്രസിദ്ധീകരിച്ചത് സംസ്ഥാന സർക്കാരിന്റെ താത്പര്യപ്രകാരമോ നിർദ്ദേശപ്രകാരമോ അല്ലെന്നും കമ്മിഷന്റെ നിലവിലെ ചെയർമാൻ ജസ്റ്റിസ് കെ ടി തോമസ് വ്യക്തമാക്കിയതോടെ, നേതാക്കൾ പത്തി മടക്കി പിൻവാങ്ങുകയായിരുന്നു.

മുസ്ലീം സമുദായത്തിന് വഖഫ് ബോർഡ്, ഹിന്ദുക്കൾക്ക് ഹിന്ദു എൻഡോവ്മെന്റ് ആക്ട്, സിഖ് വിഭാഗത്തിന് ഗുരുദ്വാരാ ആക്ട് എന്നിങ്ങനെ നിയമങ്ങൾ നിലവിലുള്ളപ്പോൾ ക്രിസ്തീയ സഭകളുടെ ഭൗതിക സ്വത്ത് ഭരിക്കാൻ നിയമസഭയോ പാർലമെന്റോ പാസ്സാക്കിയ നിയമമില്ല എന്നത് വ്യാപകമായ ചർച്ചയാക്കിയത്, പൊതുസമൂഹത്തിനു തന്നെ ഭീഷണിയായി മാറിയ യാക്കോബായ ഓർത്തഡോക്സ് സഭാ വിഭാഗങ്ങളുടെ പോരാണ്. ഈ ആവശ്യമുന്നയിച്ച് സഭാ നവീകരണങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമജ്ഞരും രാഷ്ട്രീയവിദ്യാഭ്യാസ രംഗങ്ങളിലെ പ്രഗത്ഭരുമൊക്കെ പങ്കെടുത്ത ചർച്ചാ യോഗങ്ങളും, നവീകരണ പ്രസ്ഥാനങ്ങളുടെ പ്രസിദ്ധികരണങ്ങളിൽ തുടർച്ചയായ ചർച്ചകളും നടന്നു. ഈ സാഹചര്യത്തിലാണ് 2009ൽ, വിഷയത്തെക്കുറിച്ച് സമഗ്രമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പരേതനായ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അദ്ധ്യക്ഷനായുള്ള കമ്മിഷൻ നിയമിക്കപ്പെട്ടതും ചർച്ച് ആക്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റ് ബില്ലിനു കമ്മിഷൻ രൂപം കൊടുക്കുകയും ചെയ്തത്.

ഓരോ പള്ളിയും അഥവാ പ്രാദേശിക ഘടകവും വിശ്വാസികൾ തെരഞ്ഞെടുക്കുന്ന ട്രസ്റ്റ് ഭരിക്കണമെന്നാണ് കമ്മിഷന്റെ ശുപാർശകളിലൊന്ന്. പള്ളിയുടെ ഭൗതിക സ്വത്തുക്കൾ സംബന്ധിച്ച എല്ലാ അധികാരങ്ങളും പ്രസ്തുത ട്രസ്റ്റിൽ നിക്ഷിപ്തമായിരിക്കും. ട്രസ്റ്റ് യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കാനുള്ള അവകാശം ആദ്ധ്യാത്മികാചാര്യനായ മുഖ്യപുരോഹിതന് അഥവാ വികാരിക്ക് ഉണ്ടായിരിക്കും. ഇടവകകൾ / പ്രാദേശിക ഘടകങ്ങൾ കൂടിച്ചേർന്ന രൂപത / ജില്ലാ ഘടകം ഭരിക്കുന്നത് വിശ്വാസികൾ തന്നെ തെരഞ്ഞെടുക്കുന്ന ട്രസ്റ്റായിരിക്കും. സംസ്ഥാന തലത്തിൽ അല്ലെങ്കിൽ സഭാ ആസ്ഥാനത്ത് ഭരണം നടത്തുന്നതും അപ്രകാരം വിശ്വാസികളുടെ ട്രസ്റ്റ് ആയിരിക്കും. അദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പും. ക്രിസ്തീയ കുടുബനാഥന്മാരും/ നാഥകളും. 18 വയസ്സിനു മുകളിലുള്ളതും ഇടവക / അടിസ്ഥാന ഘടകത്തിലെ അംഗങ്ങളും ആയവർക്ക് വോട്ടവകാശത്തോടു കൂടിയ ട്രസ്റ്റ് അസംബ്ലി രൂപവത്കരിക്കും. ഇവിടെ നിന്നു സംസ്ഥാനതലം വരെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ്. ട്രസ്റ്റ് അസംബ്ലി നാമനിർദ്ദേശം ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനോ/ ചാർട്ടേഡ് അക്കൗണ്ടിംഗ് കമ്പനികൾക്കോ ആയിരിക്കും കണക്കുകൾ പരിശോധിക്കാൻ അധികാരം. ഇങ്ങനെ, സഭയുടെ ഭൗതിക വസ്തുക്കളുടെ ഭരണം അവയുടെ യഥാർത്ഥ ഉടമകളിൽ നിക്ഷിപ്തമാകണം എന്നത് സംബന്ധിച്ച അതിപ്രധാനമായ ശുപാർശകളാണ് ജസ്റ്റിസ് കൃഷ്ണയ്യർ കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്.

Related News