Web Desk

 അഹമ്മദാബാദ്

January 18, 2020, 10:48 pm

കേന്ദ്രസർക്കാർ പാപ്പരാകുന്ന അവസ്ഥയുടെ വക്കിൽ: യശ്വന്ത് സിൻഹ

Janayugom Online

കേന്ദ്രസർക്കാർ പാപ്പരാകുന്ന അവസ്ഥയുടെ വക്കിലാണെന്ന് മുൻ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കടന്നുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള ഗാന്ധി ശാന്തി യാത്രയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് സിൻഹ ആരോപണങ്ങൾ ഉന്നയിച്ചത്. സമ്പദ് വ്യവസ്ഥയുടെ പരാജയം അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള മോഡിയുടെ തന്ത്രമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് അദ്ദേഹം ആരോപിച്ചു.

സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ അവഗണിച്ച കേന്ദ്രസർക്കാർ കണക്കുകളിൽ കൃത്രിമംകാട്ടി എല്ലാം ശരിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കണക്കുകളിൽ കൃത്രിമംകാട്ടി എക്കാലത്തും പിടിച്ചുനിൽക്കാനാവില്ല. അതുകൊണ്ടാണ് ചില പ്രശ്നങ്ങളുണ്ടെന്ന് സമ്മതിക്കേണ്ടി വന്നതും പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതും. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ പണപ്പെരുപ്പം വർധിച്ചു. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ നടപടികൾ വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ ചെലവ് ചുരുക്കുന്നതിനെപ്പറ്റിയാണ് സർക്കാർ സംസാരിക്കുന്നത്.

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ നേരിട്ടിരുന്ന ദുരിതം നോട്ട് അസാധുവാക്കൽ നടപടിയോടെ നഗരങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോൾ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. മുൻപ് ധനമന്ത്രിമാർ നടത്തിയിരുന്ന ബജറ്റ് ചർച്ചകൾക്ക് ഇത്തവണ നേതൃത്വം നൽകിയത് പ്രധാനമന്ത്രിയാണ്. അസമിലെ അനുഭവം കണക്കിലെടുത്താൽ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ പാടില്ലാത്തതാണ്. ആധാർ എൻപിആറിന് തുല്യമാണെങ്കിൽ പിന്നെ എൻപിആറിന്റെ ആവശ്യമെന്താണെന്നും യശ്വന്ത് സിൻഹ ചോദിച്ചു.