വർഷകാലസമ്മേളനം : വെർച്വൽ മീറ്റിങ്ങ് സാധ്യത പരിശോധിക്കുന്നു

Web Desk

ന്യൂഡൽഹി:

Posted on June 02, 2020, 9:57 pm

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കാനിരിക്കെ സഭാനടപടികളിൽ സ്വീകരിക്കേണ്ട സാമൂഹികാകലം പാലിക്കലുൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളെ കുറിച്ച് രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവും ലോക്‌സഭ സ്പീക്കർ ഓം ബിർളയും തമ്മിൽ ചർച്ച നടത്തി. വെർച്വൽ പാർലമെന്റ് ദീർഘകാലം തുടരാനാവുമോ എന്ന കാര്യവും ഇരുവരും പരിശോധിച്ചു.

കോവിഡ് വ്യാപനം പോലെയുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സാധാരണഗതിയിൽ സമ്മേളനം നടത്തുന്നത് അസാധ്യമായതിനാൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് നായിഡുവും ഓം ബിർളയും അഭിപ്രായപ്പെട്ടു.
സഭാചർച്ചകളുടെ രഹസ്യാത്മകത വെർച്വൽ മീറ്റിങ്ങുകളിൽ നിലനിർത്താനാവുമോ എന്ന കാര്യം വ്യക്തമായി പരിശോധിക്കണമെന്നും ഇരുവരും പറഞ്ഞു. ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഇരു സഭകളിലേയും സെക്രട്ടറി ജനറൽമാർക്ക് നായിഡുവും ഓം ബിർളയും നിർദേശം നൽകി.

ഇരു സഭകളുടേയും സമ്മേളനസ്ഥലങ്ങൾ പരസ്പരം മാറ്റുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ് പാർലമെന്റിന്റെ വർഷകാലസമ്മേളനം ചേരുന്നത്. പാർലമെന്റ് നടപടികളുടെ തൽസമയടെലിവിഷൻ സംപ്രേക്ഷണം ഇപ്പോഴുള്ളതിനാൽ രഹസ്യാത്മകയെ കുറിച്ചുള്ള ആശങ്ക നിലനിൽക്കാൻ സാധ്യതയില്ല. സുരക്ഷിതമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിവിധ പാർലമെന്ററി കമ്മിറ്റികളുടെ വെർച്വൽ യോഗങ്ങളെ കുറിച്ചും ആലോചിക്കാമെന്ന് നായിഡുവും ബിർളയും അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: Year-long meet­ing in par­lia­ment: Exam­in­ing the pos­si­bil­i­ty of a vir­tu­al meet­ing

YOU MAY ALSO LIKE THIS VIDEO