മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യത

Web Desk
Posted on April 19, 2019, 4:21 pm

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. കൂടാതെ അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് ഉരുള്‍പൊട്ടാന്‍ സാധ്യതാ മുന്നറിയിപ്പുള്ളത്.

പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 8 വരെ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മിന്നലിന് സാദ്ധ്യതയുണ്ടെങ്കില്‍ ഉടനെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിക്കണം. ജനലുകളും വാതിലുകളും അടച്ചിടാന്‍ ശ്രദ്ധിക്കുക. ലോഹ വസ്തുക്കളുടെ സാമീപ്യം ഒഴിവാക്കുക. ഫോണ്‍ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.