മഴ ശക്തമാകും; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്

Web Desk
Posted on June 11, 2019, 10:46 pm

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ന്യൂനമര്‍ദ്ദം ഗുജറാത്ത് തീരത്തേയ്ക്ക് നീങ്ങി. ഇതോടെ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. എന്നാല്‍ ശക്തമായ മഴ തുടരുമെന്നതിനാല്‍ ഒന്‍പത് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഇന്ന് യെല്ലൊ അലര്‍ട്ട് നിലനില്‍ക്കുന്നത്. ‘വായു’ അറബിക്കടലില്‍ നിന്ന് വടക്ക് ദിശയില്‍ സഞ്ചരിക്കുന്നതിനാല്‍ വടക്കന്‍ കേരളത്തിലും കര്‍ണാടക, ഗോവ തീരങ്ങളിലും കനത്തമഴ ലഭിക്കും. മറ്റ് മുന്നറിയിപ്പുകളൊന്നും ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി കേരളത്തില്‍ ഇല്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരള തീരത്ത് ഇന്ന്് ശക്തമായ കാറ്റ് (മണിക്കൂറില്‍ 40–50 കി.മീ വേഗതയില്‍) വീശാന്‍ സാധ്യതയുണ്ട്. അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ 13 വരെ കടലില്‍ പോകരുത്. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാനും സാധ്യതയുണ്ട്. അതിനിടെ തിരുവനന്തപുരം, കൊച്ചി, മലപ്പുറം ജില്ലകളിലെ തീരദേശ മേഖലകളില്‍ ശക്തമായ കടലാക്രമണം തുടരുകയാണ്. തിരമാലകള്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കാലവര്‍ഷം സജീവമായതിന്റെ ഫലമായി സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായി മഴ ലഭിച്ചു. 14വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.