ഗതാഗത നിയമം ലംഘിച്ച് എത്തിയത് ‘കാലന്റെ’ മുന്നിൽ; മുന്നറിയിപ്പ് നൽകി യാത്രയാക്കി

Web Desk

കണ്ണൂര്‍

Posted on January 16, 2020, 5:23 pm

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ സാക്ഷാൽ കാലൻ തന്നെ നിരത്തിലിറങ്ങി. റോ‍ഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പാണ് കാലനെ നിരത്തിലിറക്കി ബോധവത്ക്കരണം നടത്തിയത്. ഗതാഗത നിയമങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടി.

നിയമലംഘനം നടത്തിയവരെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം, മുന്നറിയിപ്പും നല്‍കിയാണ് കാലന്‍ യാത്രയാക്കിയത്. കൂടാതെ നിയമം പാലിച്ചെത്തിയവര്‍ക്ക് കാലന്‍ സമ്മാനങ്ങളും നല്‍കി. ഗതാഗത നിയമം ലംഘിച്ച്‌ നഗരത്തിലൂടെ പാഞ്ഞവരെയെല്ലാം പിടിച്ചു നിർത്തി, പിടിയിലായവരെ നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കുകയും നിയമം പാലിക്കാത്തവര്‍ക്കൊപ്പം നിഴല്‍പോലെ താനുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയാണ് മടക്കി അയച്ചത്.

ഹെല്‍മെറ്റ് ഇല്ലാത്ത പിന്‍സീറ്റ് യാത്രക്കാരും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരുമായിരുന്നു കാലന്റെ പിടിയിലായവരില്‍ കൂടുതലും. ഹെല്‍മെറ്റുണ്ടായിട്ടും ധരിക്കാതെ എത്തിയവരും ഇക്കൂട്ടത്തിൽ ഉണ്ട്. ജില്ലാ കളക്ടര്‍ ടി.വി സുഭാഷാണ് ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തത്.

you may also like this video;