Web Desk

ന്യൂഡൽഹി

March 11, 2020, 11:12 pm

യെസ് ബാങ്ക്: തകർച്ചയ്ക്കു കാരണം ബിജെപി അനുകൂല കോർപ്പറേറ്റ് വായ്പകൾ

Janayugom Online

യെസ് ബാങ്കിനെ തകർച്ചയിലേക്ക് നയിച്ചതിന്റെ മുഖ്യകാരണം ബിജെപിയും അതിന്റെ നേതാക്കളും എടുത്ത വായ്പകൾ സൃഷ്ടിച്ച കിട്ടാക്കടവുമാണെന്ന് റിപ്പോർട്ട്. നിലവിൽ 42000 കോടി രൂപയാണ് യെസ് ബാങ്കിന്റെ ആകെയുള്ള നിഷ്ക്രീയ ആസ്തി. ഇതിൽ 20,000 കോടി രൂപയും മോഡി സർക്കാരിലെ ഉന്നതരുടെ നിർദ്ദേശ പ്രകാരം റാണാകപൂർ ചട്ടങ്ങൾ ലംഘിച്ച് അനുവദിച്ച വായ്പകളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിലൂടെ റാണാകപൂറിനും ബിജെപിക്കും കോടികളാണ് നേട്ടമുണ്ടായത്. അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് ഗ്രൂപ്പ്, ബിജെപി എംപി സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള എസ് എൽ ഗ്രൂപ്പ്, കോക്സ് ആന്റ് കിങ്, ദീവാൻ ഹൗസിങ് ഫിനാൻസ് ഗ്രുപ്പ്, സഹാന ഗ്രൂപ്പ്, റേഡിയസ് ഗ്രുപ്പ് എന്നിവരാണ് കിട്ടാക്കടത്തിന്റെ സിംഹഭാഗവും വരുത്തിവച്ചത്.

ബിജെപിയുമായി അനുഭാവം പുലർത്തുന്ന പത്ത് പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ കീഴിലുള്ള 44 കമ്പനികളുടെ വായ്പാ തിരച്ചടവ് ഇല്ലാതായതാണ് യെസ് ബാങ്ക് തകരാനുള്ള കാരണം. അനിൽ അംബാനി ഗ്രുൂപ്പിന്റെ ഒമ്പത് കമ്പനികൾ 12,800 കോടി രൂപയും ബിജെപി എംപി സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള എസ്സെൽ ഗ്രൂപ്പിന്റെ 16 കമ്പനികളുടെ പേരിൽ 8,400 കോടി രൂപയും വായ്പ നേടി. ദിവാൻ ഹൗസിങ് ഫിനാൻസ് കമ്പനി ലിമിറ്റഡ് 4,735 കോടി രൂപയുടെ വായ്പയാണ് തിരച്ചടയ്ക്കാത്തത്. ഐഎൽആന്റ് എഫ്എസ് 2,500 കോടി രൂപയാണ് വായ്പയെടുത്ത് തിരച്ചടവിൽ വീഴ്ച്ച വരുത്തിയത്. കടക്കെണിയിലായ ജെറ്റ് എയർവെയ്സ് 1,100 കോടി, കേർഖാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കോക്സ് ആന്റ് കിങ്സ്, ഗോ ട്രാവൽസ് എന്നിവ 1000 കോടി രൂപ വീതം വായ്പ നേടിയടുത്തു.

ഭാരത് ഇൻഫ്രാ, മെക് ലോയിഡ് അസം ടീ, ബിം ഖെയ്താൻ ഗ്രൂപ്പിന്റെ എവെറഡി എന്നീ കമ്പനികൾക്ക് 1250, റിയൽ എസ്റ്റേറ്റ് കമ്പനികളായ ഓംകാർ റിയൽറ്റേഴ്സ് 2710 കോടി, റേഡിയസ് ഡെവലെപ്പേഴ്സ് 1200 കോടി, താപ്പർ ഗ്രൂപ്പിന്റെ സി ജി പവറിന് 500 കോടി രൂപയുമാണ് വായ്പകൾ നൽകിയത്. ഈ വായ്പകൾ എല്ലാംതന്നെ തിരിച്ചടവില്ലാതെ കിട്ടാക്കട പട്ടികയിൽ ഉൾപ്പെടുത്തി യെസ് ബാങ്ക് അധികൃതർ ആർബിഐക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കാരണം വായ്പകൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആർബിഐയ്ക്ക് കഴിഞ്ഞില്ല. കേന്ദ്ര സർക്കാരിന്റെ ഈ ഇടപെടൽ വ്യക്തമാക്കുന്നതാണ് കിട്ടാക്കടം വരുത്തിയ കമ്പനികൾ കോടികൾ ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് ഇനത്തിൽ നൽകിയത്. 13,000 കോടി രൂപ വായ്പ എടുത്ത അനിൽ അംബാനി ഗ്രൂപ്പ് 20 കോടി രൂപയാണ് ബിജെപിക്ക് നൽകിയത്. 3,300 കോടി രൂപ വായ്പ എടുത്ത എസ്സെൽ ഗ്രൂപ്പ് 2017–19 കാലയളവിൽ ബിജെപിക്ക് 40 കോടി രൂപ നൽകി. റേഡിയസ് ഡെവലെപ്പേഴ്സ് 50 ലക്ഷം രൂപ ബിജെപിക്ക് നൽകി.

പ്രിയങ്ക ഗാന്ധിയെ ഇഡി ചോദ്യം ചെയ്തേക്കും

രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് വിറ്റ നടപടിയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. പ്രിയങ്കയുടെ കയ്യിലുണ്ടായിരുന്ന രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് റാണാ കപൂർ രണ്ട് കോടി രൂപക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിക്കൊരുങ്ങുന്നത്. എം എഫ് ഹുസൈൻ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിംഗാണ് റാണാ കപൂർ വാങ്ങിയത്. കോൺഗ്രസ്സിന്റെ ശതാബ്ദി ആഘോഷിച്ച 1985‑ലാണ് എം എഫ് ഹുസൈൻ രാജീവ് ഗാന്ധിക്ക് പെയിന്റിങ് സമ്മാനിച്ചത്.

 

Eng­lish Sum­ma­ry: Yes bank col­lapse followup

You may also like this video