March 28, 2023 Tuesday

Related news

March 14, 2023
February 10, 2023
December 15, 2022
November 22, 2022
October 2, 2022
August 3, 2022
July 4, 2022
May 7, 2022
April 13, 2022
October 28, 2021

യെസ് ബാങ്ക് തകർച്ച പൂർണ്ണം; ഓഹരിവില കൂപ്പുകുത്തി

സ്വന്തം ലേഖകൻ
 മുംബൈ
March 6, 2020 11:11 pm

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളുടെ തുടർച്ചയായി സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകളിലൊന്നായ യെസ് ബാങ്കിന്റെ തകർച്ച പൂർണ്ണം. റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങൾ എര്‍പ്പെടുത്തിയതോടെ ബാങ്കിന്റെ ഓഹരികള്‍ ഇന്നലെ കൂപ്പുകുത്തി. 82 ശതമാനത്തോളമാണ് ഒരു ദിവസംകൊണ്ട് വിലയില്‍ ഇടിവുണ്ടായത്. എക്കാലത്തെയും താഴ്ന്ന നിലവാരമായ അഞ്ചുരൂപ 55 പൈസയിലേക്കാണ് ഓഹരിവില ഇന്നലെ ഇടിഞ്ഞത്. തുടർന്ന് കേന്ദ്രസർക്കാരും എസ്ബിഐയും രക്ഷയ്ക്കെത്തിയതോടെ 200 ശതമാനം ഉയർന്ന് 16 രൂപ 60 പൈസയിലേക്ക് എത്തി. ഓഹരിവിപണിയില്‍ ഇന്നലെ തുടക്കത്തില്‍ 33.15 നിലവാരത്തില്‍ ഉണ്ടായിരുന്ന ഓഹരി താമസിയാതെ 82 ശതമാനം ഇടിയുകയായിരുന്നു. ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 286 രൂപയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് യെസ് ബാങ്കിനെതിരായ നടപടികൾക്ക് മേൽ കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ആർബിഐ ബാങ്കിന്റെ ഇടപാടുകളിന്മേൽ നിയന്ത്രണങ്ങളും നടപ്പാക്കി. രാജ്യത്തെ വിപണി മൂല്യത്തില്‍ ഏറ്റവും വലിയ പത്താമത്തെ ബാങ്കായിരുന്ന യെസ് ബാങ്കിനെയും കിട്ടാക്കടമാണ് ഭീമന്‍ നഷ്ടത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നിഷ്‌ക്രിയ ആസ്തിയുടെ വര്‍ധനവ് മൂലം ഉടലെടുത്ത പ്രതിസന്ധി ബാങ്ക് മറച്ചുവയ്ക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം ബാങ്കിന്റെ മൊത്തം എന്‍പിഎ 2,442 കോടി രൂപയായിരുന്നു.

you may also like this video;

പ്രതിസന്ധിയിലകപ്പെട്ട യെസ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ എസ്ബിഐ നേതൃത്വം നല്‍കുന്ന കൺസോര്‍ഷ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനു തൊട്ടു പിന്നാലെയാണ് പണം പിന്‍വലിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇതോടെ നിക്ഷേപകര്‍ക്ക് അവരുടെ കറന്റ്, സേവിങ്സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നിന്ന് 50,000 രൂപയിലധികം പിൻവലിക്കാനാകില്ല. ചികിത്സ, വിദ്യാഭ്യാസത്തിനു വേണ്ടിവരുന്ന ചെലവുകള്‍, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്ക് 5 ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി നല്‍കുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഏപ്രില്‍ മൂന്ന് വരെയാണ് ഈ നിയന്ത്രണം. ഒപ്പം പുതിയ വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്.

അതേസമയം നിക്ഷേപങ്ങൾക്ക് പലിശ നല്‍കുമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ യെസ് ബാങ്കിന്റെ എടിഎമ്മുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നിയന്ത്രണം പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം തന്നെ പ്രധാന നഗരങ്ങളിലെ യെസ് ബാങ്ക് എടിഎമ്മുകള്‍ ശൂന്യമായി. യെസ് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ്ങും തകരാറിലായിട്ടുണ്ട്. ഇതുമൂലം പണം അയയ്ക്കാനും വിനിമയം ചെയ്യാനും കഴിയാതെ നിക്ഷേപകര്‍ പരിഭ്രാന്തിയിലായി. മുംബൈ, താനെ, പൂനെ, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നീണ്ട നിരയാണ് എടിഎമ്മുകളുടെ മുന്നില്‍ അനുഭവപ്പെട്ടത്. എടിഎമ്മുകളില്‍ നിന്ന് പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ രോഷാകുലരായി.

ആശങ്ക വേണ്ടെന്ന് ധനമന്ത്രി

നിലവിലെ സാഹചര്യത്തില്‍ ആശങ്ക പെടേണ്ട കാര്യമില്ലെന്നും യെസ് ബാങ്കിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണ്. സർക്കാറും ആർബിഐയും യെസ്​ ബാങ്കിനുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. യെസ് ബാങ്ക് ജീവനക്കാർക്ക് ഒരുവർഷത്തെ ശമ്പളം കേന്ദ്രസർക്കാർ ഉറപ്പുനൽകുന്നതായും മന്ത്രി അറിയിച്ചു. 49 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് എസ്ബിഐ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

അടുത്ത ഒരു മാസത്തേക്ക് യെസ് ബാങ്കിനെ നിയന്ത്രിക്കുക എസ്ബിഐയുടെ മുന്‍ സിഎഫ്ഒ പ്രശാന്ത് കുമാര്‍ ആയിരിക്കും. അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയില്‍ സമഗ്ര പരിശോധന നടത്തിയ ശേഷമാകും റിസര്‍വ് ബാങ്കിന്റെ അടുത്ത നടപടികളുണ്ടാകുക. യെസ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കുന്നതിന് എസ്ബിഐ, എല്‍ഐസി എന്നിവയ്ക്കു പുറമേ ഏതാനും ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം രൂപീകരിക്കും. മറ്റേതെങ്കിലും ബാങ്കുമായി ലയിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ മൂലധനം ലഭ്യമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആർബിഐയ്ക്ക് മുന്നിലുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.