March 21, 2023 Tuesday

Related news

April 13, 2021
March 19, 2020
March 15, 2020
March 14, 2020
March 13, 2020
March 11, 2020
March 10, 2020
March 10, 2020
March 9, 2020
March 8, 2020

യെസ് ബാങ്കിന്റെ പ്രതിസന്ധിക്കു കാരണം വായ്പാ കുംഭകോണം

Janayugom Webdesk
മുംബൈ:
March 7, 2020 10:26 pm

മോഡി സർക്കാരിന്റെ ഇടപെടലുകളിലൂടെ നടന്ന വായ്പാ കുംഭകോണങ്ങളാണ് യെസ് ബാങ്കിന്റെ തകർച്ചയിലേയ്ക്ക് നയിക്കപ്പെട്ടതെന്നതിന്റെ വിവരങ്ങൾ പുറത്തുവന്നു. 2014 ന് ശേഷമുള്ള അഞ്ചുവർഷത്തിനിടെ വായ്പാ നിരക്കിൽ 400 ശതമാനത്തിന്റെ വർധനയാണ് യെസ് ബാങ്കിലുണ്ടായതെന്ന് ദി വയർ പുറത്തുവിട്ട വാർത്തയിൽ പറയുന്നു. ഇതിന് പുറമേ ബാങ്കിന് റിസർവ് ബാങ്ക് മൊറോട്ടോറിയം ഏർപ്പെടുത്തുമെന്ന വിവരം ചോർത്തി നല്കി വേണ്ടപ്പെട്ടവരെകൊണ്ട് നിക്ഷേപം പിൻവലിപ്പിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ഗുജറാത്തിലെ വഡോദര മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള സ്മാർട്ട് സിറ്റി വികസന കോർപ്പറേഷൻ 265 കോടി രൂപ പിൻവലിച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിക്ഷേപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 1,300കോടി പിൻവലിച്ചുകൊണ്ടുപോയത്. സെപ്റ്റംബർ മുതലാണ് ബാങ്കിന്റെ പ്രതിസന്ധി റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടത്.

2014ൽ വായ്പ 55,000 കോടി രൂപയായിരുന്നത് 2019ൽ 2,41,000 കോടി രൂപയായി വർധിച്ചു. 2017 മാർച്ച് 31നും 2019 മാർച്ച് 31 നുമിടയിലുള്ള കാലയളവിൽ 80 ശതമാനമാണ് വായ്പാ തോത് ഉയർന്നത്. നോട്ടുനിരോധനവും ചരക്കുസേവന നികുതിയും നടപ്പിലായ കാലയളവായിരുന്നു ഇത്. 2017 മാർച്ച് 31ലെ കണക്കുകൾ പ്രകാരം 1,32,000 കോടി രൂപയായിരുന്ന വായ്പ 2019 മാർച്ച് 31ന് 2,41,000 കോടി രൂപയായി ഉയർന്നു. രണ്ട് വർഷത്തിനിടെ വായ്പയിൽ 1,09,000 കോടി രൂപയുടെ വർധനയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
നിക്ഷേപത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടും സർക്കാർ ഇടപെടലുകളുടെ ഭാഗമായി ആവശ്യമായ ഈടുകൾ സ്വീകരിക്കാതെ കോർപ്പറേറ്റുകൾക്കും വൻകിട വ്യവസായ സ്ഥാപനങ്ങൾക്കും വായ്പ അനുവദിച്ചുവെന്നാണ് നിഗമനം.

അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ, ഐഎൽ ആന്റ് എഫ്എസ്, വോഡഫോൺ, ദീവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്നിവർ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക് 2014 ന് മുമ്പ് വായ്പകൾ അനുവദിച്ചതാണ് യെസ് ബാങ്കിന്റെ ഇപ്പോഴുള്ള സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ 2014 ന് ശേഷവും ഇതേ കമ്പനികൾക്ക് യെസ് ബാങ്ക് വായ്പകൾ അനുവദിച്ചിരുന്നതായും വായ്പാ രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ മോഡി സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി കൂടുതൽ കോർപ്പറേറ്റുകൾക്ക് വായ്പകൾ അനുവദിച്ചിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ ധനമന്ത്രി ഇപ്പോഴും തയ്യാറല്ല.
കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് കൂടുതൽ പലിശയ്ക്ക് വായ്പകൾ നൽകുന്ന പോൺസി പദ്ധതി പ്രകാരം വായ്പകൾ അനുവദിച്ചതാണ് യെസ് ബാങ്കിന്റെ പ്രതിസന്ധിയുടെ ആക്കം കൂടാനുള്ള കാരണമെന്ന് നേരത്തെ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമേഖലാ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ഭൂരിഭാഗം കോർപ്പറേറ്റുകളും യെസ് ബാങ്കിൽ നിന്നും വായ്പ എടുത്തവരുടെ പട്ടികയിലുണ്ട്. വൻകിട വായ്പാ കുടിശികക്കാരുടെ പട്ടിക യെസ് ബാങ്ക് അധികൃതർ ആർബിഐയ്ക്ക് നൽകിയെങ്കിലും തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിന്റെ ഇടപെടൽ വിഘാതമായെന്ന് ആർബിഐ അധികൃതരെ ഉദ്ധരിച്ച് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

പോൺസി പദ്ധതി പ്രകാരം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പകൾ യെസ് ബാങ്ക് അനുവദിച്ചിരുന്നു. ഇത്തരത്തിൽ വായ്പകൾ അനുവദിക്കുന്നത് യെസ് ബാങ്കിനെ സാമ്പത്തികമായി തകർക്കുമെന്ന് ഓഡിറ്റ് സ്ഥാപനങ്ങളായ കെപിഎംജി, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്നിവർ ബാങ്കിന് മുന്നറിയിപ്പ് നൽകിയിരുന്നു. മോഡി സർക്കാരിന്റെ ഭരണകാലത്താണ് വായ്പാ തിരിച്ചടവ് ഇനത്തിൽ 60,000 കോടി രൂപയുടെ കുറവുണ്ടായത്. ഇക്കാര്യം ആർബിഐയ്ക്കും ബോധ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമാണെന്ന് പ്രശ്നത്തെ മോഡി സർക്കാരും ആർബിഐയും നിസാരവൽക്കരിച്ചു. ഇതും ബാങ്കിന്റെ ആസന്നമായ തകർച്ചയ്ക്ക് കാരണമായി. അതേസമയം ബാങ്കുകളുടെ പ്രവർത്തനത്തിൽ ഇടപെടില്ലെന്നും സത്യസന്ധമായ നിലപാടുകളുമാണ് സർക്കാർ സ്വീകരിക്കുന്നതെന്നുമാണ് കഴിഞ്ഞ ദിവസം ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള വ്യാപാര ഉച്ചകോടിയിൽ ( ഗ്ലോബൽ ബിസിനസ് സമ്മിറ്റ്) പ്രധാനമന്ത്രി നരേന്ദ്ര മോഡ‍ി പറഞ്ഞത്.

റാണാ കപൂർ കസ്റ്റഡിയിൽ

യെസ് ബാങ്ക് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സ്ഥാപകൻ റാണാ കപൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ. റാണാ കപൂറിനെ ഇഡിയുടെ മുംബൈ ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. കള്ളപ്പണം വെളുപ്പിച്ച കേസിൽ നേരത്തെ തന്നെ റാണാ കപൂറിനെതിരെ എൻഫോഴ്സ്മെന്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുമ്പ് ഇദ്ദേഹത്തിന്റെ മുംബൈയിലെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.

ENGLISH SUMMARY: Yes Bank Cri­sis Loan Scam

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.