Web Desk

മുംബൈ

March 08, 2020, 10:43 pm

റാണാ കപൂർ അറസ്റ്റിൽ: കുടുംബാഗങ്ങളുടെ പേരിൽ കടലാസ് കമ്പനികൾ രൂപീകരിച്ച് കോടികൾ ഒഴുക്കി

Janayugom Online

15 മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ യെസ് ബാങ്ക് സ്ഥാപകന്‍ അറസ്റ്റില്‍. കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റാണ കപൂറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡും നടത്തിയിരുന്നു.വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകര്‍ത്തതെന്നാണ് റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതിന്റെ രേഖ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചു.

റാണാ കപൂർ തന്റെ കുടുംബാഗങ്ങളുടെ പേരിൽ വിവിധ കടലാസ് കമ്പനികൾ രൂപീകരിച്ച് കോടികൾ തട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഭാര്യ ബിന്ദു, മൂന്ന് പെൺമക്കൾ എന്നിവരുടെ പേരിൽ ഇരുപതിലധികം കടലാസ് കമ്പനികൾ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാര്യയുടേയും മക്കളുടേയും പേരിൽ രൂപീകരിച്ച കമ്പനികളുടെ നിയന്ത്രണം റാണാ കപൂറിന്റെ കൈകളിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ കമ്പനികൾ യെസ് ബാങ്ക് വായ്പകൾ അനവദിച്ച കമ്പനികളിൽ നിന്നും കോടികൾ കോഴപ്പണം സ്വീകരിച്ചുവെന്നാണ് കേസ്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ നിന്നും 600 കോടി രൂപ കോഴപ്പണമായി റാണാ കപൂറിനെ കടലാസ് കമ്പനികളിൽ നിക്ഷേമമായി എത്തിയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇത് സംബന്ധിച്ച രേഖകൾ റാണാ കപൂറിന്റെ വീടുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. 2000 കോടി രൂപയുടെ നിക്ഷേപമാണ് ഈ കമ്പനികൾക്കുള്ളത്.

ഇവരുടെ ആസ്തികളുടെ ഇപ്പോഴത്തെ കമ്പോള വില 5000 കോടി രൂപയിലധികമാണ്. യുകെ യിൽ രണ്ട് ആസ്തികൾ റാണാ കപൂർ വാങ്ങിയതിന്റെ രേഖകളും ഇഡി അധികൃതർ കണ്ടെത്തി.കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. യെസ് ബാങ്കിന് മുകളില്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാനും എത്തി. ബാങ്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിയുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Yes bank founder rana kapoor arrested

You may also like this video