എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് കുരുക്കുമുറുകുന്നു. റാണാ കപൂറിനെതിരെ എഫ്ഐആർ ചുമത്തിയ സിബിഐ ഇതുമായി ബന്ധപ്പെട്ട് ഏഴു കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി.. റാണ കപൂറിന്റെ കുടുംബത്തിന് ഡിഎച്ച്എഫ്എൽ 600 കോടി കോഴ കൊടുത്തുവെന്നാണ് സിബിഐ എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. റാണാ കപൂറിനും കുടുംബാംഗങ്ങൾക്കുമെതിരെ ലുക്കൗട്ട് നോട്ടീസും സിബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്കിൽ നിന്നും വായ്പ അനുവദിക്കുന്നതിനായി റാണാ കപൂറും ഡിഎച്ച്എഫ്എൽ പ്രൊമോട്ടറുമായ കപിൽ വധാവനുമായി ക്രിമിനൽ ഗൂഡാലോചന നടന്നുവെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. 2018 ൽ യെസ് ബാങ്ക് 3,700 കോടി രൂപ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പേറേഷനിൽ നിക്ഷേപിച്ചു. ഇതിനു പകരമായി ഡിഎച്ച്എഫ്എൽ 600 കോടി രൂപ കപൂറിന്റെ കുടുംബത്തിന് നൽകിയെന്ന് സിബിഐ എഫ്ഐആറിൽ പറയുന്നു.
റാണാ കപൂറുമായി ബന്ധപ്പെട്ട ഇടങ്ങളിലും മുംബൈയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ഡിഎച്ച്എഫ്എല്‍, ആർകെ ഡബ്ല്യു, ഡോയ്ട്ട് അര്‍ബന്‍ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലുമാണ് റെയ്ഡ് നടന്നത്. ഡിഎച്ച്എഫ്എല്ലിന്റെ ബാന്ദ്ര ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഈ മാസം ഏഴിനാണ് സിബിഐ റാണാ കപൂറിനും യെസ് ബാങ്ക് സിഇഒയ്ക്കും റാണാ കപൂറിന്റെ കുടുംബവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഡോയ്ട്ട് വെഞ്ച്വേഴ്‌സിനും ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍ കപില്‍ വധാവനുമെതിരെ എഫ്ഐആര്‍ ചുമത്തിയത്. റാണാ കപൂറിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. മുപ്പത് മണിക്കൂറോളമാണ് റാണയെ ചോദ്യം ചെയ്തത്.
വൻകിട കുത്തകകൾക്ക് വഴിവിട്ട് നൽകിയ വായ്പകൾ കിട്ടാക്കടങ്ങളായി മാറിയതാണ് യെസ് ബാങ്കിനെ തിരിച്ചുകയറാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കിന് മാര്‍ച്ച് അഞ്ചിന് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായും ആര്‍ബിഐ നിജപ്പെടുത്തി. ഏപ്രില്‍ മൂന്ന് വരെയാണ് ഈ പരിധി തുടരാന്‍ ആര്‍ബിഐ നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുന്‍നിശ്ചയിച്ച സമയപരിധിയ്ക്ക് മുമ്പായി മാര്‍ച്ച് 23 ന് ഈ നിയന്ത്രണങ്ങള്‍ ആര്‍ബിഐ നീക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
English Summary: Yes bank owner ranakapoor case followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.