പ്രതിസന്ധിയിലായ യെസ് ബാങ്കിനായുള്ള റിസർവ് ബാങ്കിന്റെ കരട് പുനർനിർമാണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പുനർനിർമാണ പദ്ധതിയുടെ വിജ്ഞാപനം ലഭിച്ച് മൂന്ന് ദിവസത്തിനകം യെസ് ബാങ്കിലെ മൊറട്ടോറിയം നീക്കുമെന്നും ഏഴ് ദിവസത്തിനകം പുതിയ ബോർഡ് രൂപീകരിക്കുമെന്നും ബോർഡിൽ എസ്ബിഐയിൽ നിന്നുള്ള രണ്ട് ഡയറക്ടർമാരുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എസ്‌ബിഐക്ക് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവ് 26 ശതമാനം ഷെയറുകൾക്ക് ലഭിക്കും. സ്വകാര്യ നിക്ഷേപകർക്കും മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവുണ്ടായിരിക്കും.
നിക്ഷേപത്തിന്റെ 75 ശതമാനത്തിനായിരിക്കും ലോക്ക് ഇൻ കാലയളവ് ലഭിക്കുകയെന്നും ധനമന്ത്രി പറഞ്ഞു. മൂലധന ആവശ്യങ്ങൾ അടിയന്തരമായും തുടർന്നും ഉയർത്തുന്നതിനായി അംഗീകൃത മൂലധനം 1,100 കോടിയിൽ നിന്ന് 6,200 കോടി രൂപയായി ഉയർത്തി. എസ്‌ബിഐ യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കുമെന്ന് റിസർവ് ബാങ്ക് പുനരുജ്ജീവന പദ്ധതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബാങ്ക് എസ്‌ബിഐയുടെ ഭാഗമാകില്ല, മറിച്ച് ഒരു പ്രത്യേക ബോർഡ് പ്രവർത്തിപ്പിക്കുന്ന സ്ഥാപനമായി പ്രവർത്തിക്കും. യെസ് ബാങ്കിൽ 7,250 കോടി രൂപ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞദിവസം എസ്‌ബിഐ വ്യക്തമാക്കിയിരുന്നു.
യെസ് ബാങ്കിന്റെ 725 കോടി ഇക്വിറ്റി ഓഹരികൾ ഓരോന്നിനും 10 രൂപയ്‌ക്ക് വാങ്ങാനാണ് എസ്ബിഐയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഓഫ് സെന്ററല്‍ ബോര്‍ഡ് (ഇസിസിബി) അനുമതി നൽകിയിട്ടുള്ളത്. യെസ് ബാങ്കിലെ എസ്‌ബിഐയുടെ ഓഹരി പങ്കാളിത്തം 49 ശതമാനം പരിധിയിലായിരിക്കുമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗിലും വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് അഞ്ചിനാണ് ആർബിഐ യെസ് ബാങ്ക് ബോർഡ് പിരിച്ചു വിട്ടത്. ഏപ്രിൽ മൂന്ന് വരെയുള്ള മൊറട്ടോറിയം പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. മൊറട്ടോറിയം പിൻവലിയ്ക്കുന്നതോടെ യെസ് ബാങ്ക് അക്കൗണ്ടിൽ നിന്ന് നിക്ഷേപകർക്ക് പിൻവലിയ്ക്കാവുന്ന തുകയുടെ പരിധി ഉയർന്നേക്കും. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ യെസ് ബാങ്കിന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം നിരവധി ഇടപാടുകാരെ ദുരിതത്തിൽ ആക്കിയിരുന്നു.
English Summary: Yes bank will rebuild soon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.