അയോധ്യ കേസിൽ വിധി നാളെ

Web Desk
Posted on November 08, 2019, 9:34 pm

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ കേസിന്റെ വിധി നാളെ സുപ്രീം കോടതി പ്രസ്താവിക്കും. സുപ്രീം കോടതി അവധി ദിവസമായ നാളെ രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ്  സുപ്രധാനമായ വിധി പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി സ്ഥിതിഗതികൾ ആരാഞ്ഞിരുന്നു. ഇന്ന് അവധി ദിവസമായിരുന്നിട്ടും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രത്യേകം യോഗം ചേർന്ന് വിധി പ്രസ്താവിക്കും.

ഇതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് സുപ്രീംകോടതിയിലും ഡൽഹിയിലും ഏർപ്പെടുത്തിയിരിക്കുന്നത്. 4000 അർധസൈനികരെയാണ് അയോധ്യയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി രണ്ട് ഹെലികോപ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. 20 ജയിലുകളും അത്രതന്നെ താൽക്കാലിക ജയിലുകളും സജ്ജീകരിച്ചതായി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി ഇന്നലെ ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു. വിധി റിപ്പോർട്ട് ചെയ്യുന്ന അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർ രാവിലെ ഒമ്പതുമണിക്ക് മുമ്പായി കോടതിക്കുള്ളിൽ പ്രവേശിക്കണമെന്ന നിർദ്ദേശമുണ്ട്. തർക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് നാളെ വിധി പറയുക. തുടർച്ചയായി 40 ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേട്ടതിന് ശേഷമാണ് വിധി പറയാൻ പോകുന്നത്. 1885 മുതലുള്ള നിയമ വ്യവഹാരത്തിലാണ് വിധി വരുന്നത്. 2010 ൽ അലഹബാദ് ഹൈക്കോടതി 2.77 ഏക്കർ തർക്കഭൂമി മൂന്ന് കക്ഷികൾക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്.