Janayugom Online
MOHANLAL

ദാസേട്ടന്റെ പിറന്നാളില്‍ തരംഗമായി ലാലേട്ടന്റെ പോസ്റ്റ്

Web Desk
Posted on January 11, 2018, 10:13 pm

തിരുവനന്തപുരം : ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ പിറന്നാള്‍ സമ്മാനമായി നടന്‍ മോഹന്‍ലാല്‍ എഴുതിയ പോസ്റ്റ് വൈറലാകുന്നു. ഇത്രയും അനുഗ്രഹീത ഗായകനെക്കുറിച്ച് എഴുതുന്നതുപോലും അഭംഗിയാണെന്ന് അറിയാമെന്ന് പറഞ്ഞുകൊണ്ടാണ് മലയാളിയുടെ പ്രിയ ലാലേട്ടന്‍ കുറിപ്പ് ആരംഭിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ :

എടുത്തുകൊള്‍ക എന്റെ ആയുസ്സിന്റെ ഒരു പങ്ക്

മോഹന്‍ലാല്‍

യേശുദാസിനെക്കുറിച്ച് ഇനിയെന്താണ് പറയാനുള്ളത്?പാടുന്ന ഒരാളെക്കുറിച്ച്പറയുന്നത് തന്നെ അരോചകമാണ്. അപ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ടു തന്നെഗന്ധര്‍വ്വന്‍ എന്ന് വിളിക്കപ്പെട്ട ഒരാളെക്കുറിച്ചാവുമ്പോഴോ?അത്കൂടുതല്‍ അഭംഗിയാവും. അതറിഞ്ഞുകൊണ്ടുതന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്.

യേശുദാസിനേക്കാള്‍ മുമ്പ് എനിക്ക് വ്യക്തിപരമായി അറിയുന്നത് അദ്ദേഹത്തിന്റെഭാര്യ പ്രഭച്ചേച്ചിയേയും അവരുടെ കുടുംബത്തേയുമായിരുന്നു. മുടവന്‍ മുകളില്‍ഞങ്ങളുടെ വീടിന് സമീപമായിരുന്നു അവരുടെ വീട്. പിന്നീട് ദാസേട്ടനുമായുള്ളവിവാഹശേഷം മദിരാശിയില്‍വച്ചും ഞാനും എന്റെ കുടുംബവും ദാസേട്ടനുമായുംഅദ്ദേഹത്തിന്റെ കുടുംബവുമായും കൂടുതല്‍ അടുത്തു. ആ അടുപ്പം ഇപ്പോഴുംതുടരുന്നു.

എന്നെ എപ്പോഴും ലാലൂ എന്നേ അദ്ദേഹം വിളിക്കാറുള്ളൂ. കേരളത്തില്‍ ഒരു പക്ഷേരണ്ടുപേരെ മാത്രമേ പലരും സ്‌നേഹത്തോടെ ചേട്ടാ എന്ന് വിളിക്കാറുള്ളൂ.അദ്യത്തേത് ദാസേട്ടനാണ്,പിന്നെ എന്നെ ലാലേട്ടാ എന്നും. അതില്‍ആഹ്ലാദത്തേക്കാള്‍ എനിയ്ക്ക് അഭിമാനമാണ്.

ഭൂമിയില്‍ മലയാളി ഉള്ള സ്ഥലങ്ങളിലെല്ലാം ഓര്‍മ്മ വെച്ച ഒരു കുഞ്ഞു മുതല്‍ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങുന്ന വൃദ്ധര്‍ വരെ ഒറ്റയടിക്ക് തിരിച്ചറിയുന്നഒരു സ്വരമുണ്ടെങ്കില്‍ അത് യേശുദാസിന്റേതായിരിക്കും. ദൈവങ്ങള്‍ പോലും ആശബ്ദത്തിന് കാത്തുനില്‍ക്കുന്നതായി എനിക്ക് തോന്നാറുണ്ട്. അമ്പലങ്ങളില്‍,പള്ളികളില്‍,ആത്മീയവേദികളില്‍,തീര്‍ത്ഥഘട്ടങ്ങളില്‍,ദു:ഖസദസ്സുകളില്‍എല്ലായിടത്തും കേള്‍ക്കുന്നത് ഒരേ സ്വരമാണ്. എന്നാല്‍ എല്ലായിടത്തുംവ്യത്യസ്തം,എല്ലാ മതക്കാര്‍ക്കും വിഭാഗക്കാര്‍ക്കും സ്വീകാര്യം.ഇങ്ങിനെയൊരാളും സ്വരവും വേറെയില്ല.

മലയാളത്തില്‍ ചലച്ചിത്രഗാനശാഖയില്‍ ചെറിയ രീതിയില്‍ ഒരു മാന്ദ്യം സംഭവിച്ചഅവസരത്തിലാണ്‘ഹിസ് ഹൈനസ് അബ്ദുള്ള’, ‘ഭരതം’, ‘കമലദളം’, ‘ആറാം തമ്പുരാന്‍‘എന്നീ സിനിമകള്‍ വരുന്നത്. എല്ലാം പാട്ടുകളുടെ ഒരു പാല്‍ക്കടലായിരുന്നു.യേശുദാസും രവീന്ദ്രനും ചേരുമ്പോള്‍ സിനിമാഗാനങ്ങളില്‍ അപൂര്‍വ്വമായ ഒരുമാജിക് സംഭവിക്കുന്നുണ്ട്. ഒരു തവണ പോലും ഇത് പിഴച്ചിട്ടില്ല.രണ്ടുപേരുടേയും പ്രതിഭയില്‍നിന്നുണ്ടാവുന്ന ആരോഗ്യകരമായ ഈഗോഇവര്‍ക്കിടയിലുണ്ടായിരുന്നു എനിക്ക് തോന്നിയിട്ടുണ്ട്.‘ഞാന്‍ ഇട്ടട്യൂണ്‍ നീയൊന്ന് പാടി ഫലിപ്പിക്ക്‘എന്ന് രവിയേട്ടന്‍; ‘ഇതാ ഞാന്‍ പാടിയനിങ്ങളുടെ പാട്ട്‘എന്ന് ദാസേട്ടനും. ഇങ്ങിനെ ഈ രണ്ട് പ്രതിഭകളും ചേര്‍ന്ന്സൃഷ്ടിച്ച അപാരമായ ഗാനങ്ങള്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് എന്റെ തലയില്‍വച്ചുതരും: ഇത് നീയൊന്ന് അഭിനയിപ്പിച്ച് ഫലിപ്പിക്ക്‘എന്ന നിശ്ശബ്ദമായവെല്ലുവിളിയോടെ. നേരത്തേ ഞാന്‍ പറഞ്ഞ എല്ലാ ഗാനങ്ങളും ഇങ്ങിനെയായിരുന്നു.അപ്പോള്‍ ചെറിയ ഒരു വാശി എന്നിലുമുണ്ടാവും. കഷ്ടപ്പെട്ട് എനിക്കാവുംപോലെഞാന്‍ അത് അഭിനയിക്കും. എത്രമാത്രം നന്നായി എന്നെനിക്കറിയില്ല. എന്തായാലുംപാട്ടോളം മനോഹരമായിട്ടുണ്ടാവില്ല എന്റെ ആട്ടം,തീര്‍ച്ച.

വ്യക്തിപരമായി ദാസേട്ടനുമായുള്ള എന്റെ അടുപ്പത്തില്‍ സ്‌നേഹത്തോടെയുള്ളമറ്റൊരു ഓര്‍മ്മയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ആദ്യമായികലശലായ നടുവേദന വന്നപ്പോള്‍ ദാസേട്ടനാണ് എന്നെ കോയമ്പത്തൂരിലെ അനിയന്‍ചേട്ടന്‍ എന്ന് വിളിക്കുന്ന ഡോ.കൃഷ്ണകുമാറിന്റെ അടുത്തേക്കയച്ചത്. അത്എനിക്ക് ഏറെ സഹായമായി. മധുരമായ ശബ്ദം മാത്രമല്ല,ഹൃദ്യമായ കരുതലും അദ്ദേഹംപ്രിയപ്പെട്ട എല്ലാവര്‍ക്കുമായി കാത്തുവയ്ക്കുന്നു. ഇപ്പോള്‍ ദാസേട്ടന്റെമകന്‍ വിജയ് യേശുദാസിന്റെ ഗാനങ്ങള്‍ക്കും ഞാന്‍ അഭിനയിക്കുന്നു.തലമുറകളിലൂടെ തുടരുന്ന സൃകൃതം.

അദ്ദേഹത്തിന്റെ ശബ്ദത്തിന് എത്രപ്രായമായി എന്നെനിക്കറിയില്ല. ഒരു പക്ഷേ ഗന്ധര്‍വ്വന്മാരുടെ ശബ്ദത്തിന്പ്രായമാവില്ലായിരിക്കാം,ജരാനരകള്‍ ബാധിക്കില്ലായിരിക്കാം. ഈ അവസരത്തില്‍അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ എന്നനിലയില്‍,അദ്ദേഹത്തിന്റെ ശബ്ദത്തിന്വേണ്ടി ചുണ്ടു ചലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാള്‍ എന്ന നിലയില്‍,ഒന്നേഎനിക്ക് പറയാനുള്ളൂ:

യേശുദാസ് മലയാളികള്‍ ഈ ഭൂമുഖത്ത് ഉള്ളത്രയും കാലം ജീവിക്കണം. അതിനായിഅദ്ദേഹത്തിന് എന്റെ ആയുസ്സിലെ ശിഷ്ടഭാഗത്തില്‍നിന്ന് ഒരു ഭാഗം നല്‍കാന്‍ഞാന്‍ തയ്യാറാണ്. ആ സ്വരത്തിന് പകരമായി ഇതേ എനിക്ക് തരാനുള്ളൂ…